മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ചപ്പോഴെല്ലാം മലയളത്തില്‍ മികച്ച സിനിമകള്‍ പിറന്നിട്ടുണ്ട്. രാപ്പകല്‍, തസ്‌ക്കരവീരന്‍, ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. ഈ വിജയചിത്രങ്ങളുടെ ശ്രേണിയിലേക്ക് വീണ്ടുമൊരു ചിത്രം കൂടി എത്തുന്നു.
എ.കെ സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി-നയന്‍താര ജോഡി വീണ്ടുമെത്തുന്നത്. ആഗസ്റ്റില്‍ ലണ്ടനില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന ഉദയ് അനന്തന്റെ ചിത്രം വൈറ്റ് മാറ്റിവച്ചാണ് മമ്മൂട്ടി സാജന്‍ ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. സാജന്റെ കഥ കേട്ട് ഉടന്‍തന്നെ തരിക്കഥയെഴുതാനാവശ്യപ്പെട്ട മമ്മൂട്ടി തികഞ്ഞ ആവേശത്തിലാണത്രേ.
കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. ലൂയിസ് പോത്തന്റെ ഭാര്യ വാസുകി എന്ന കഥാപാത്രമാണ് നയന്‍സിന്റേത്.
തൃശൂരായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ചിതം ആന്റോ ജോസഫ് ഫിലിം കമ്പനി തിയേറ്ററുകളിലെത്തിക്കും. എ.കെ. സാജന്റെ ചിത്രത്തിനു ശേഷം ഉദയ് അനന്തന്റെ വൈറ്റ്, നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം, ദേശീയ പുരസ്‌കാരം നേടിയ തങ്കമീന്‍കളിലൂടെ പ്രശസ്തനായ റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം, ജോണി ആന്റണി ചിത്രം എന്നിവയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തമിഴില്‍ ഒരേസമയം മൂന്നു സിനിമകളില്‍ അഭിനയിച്ചു വരികയാണ് നയന്‍താരയിപ്പോള്‍.