തിരുവനന്തപുരം: സംസ്ഥാനത്ത്‌ 10, 12 ക്ലാസുകൾ ജനുവരിയിൽ ആരംഭിക്കും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ അധ്യാപകരിൽ പകുതി വീതം ഡിസംബർ 17 മുതൽ സ്‌കൂളുകളിലെത്തണം. എസ്‌എസ്‌എൽസി, പ്ലസ്‌ ടു വാർഷിക പരീക്ഷകൾക്കുള്ള മുന്നൊരുക്കവും തുടങ്ങി. ഡിസംബറിൽ സ്‌കൂളുകളിലെത്തുന്ന അധ്യാപകർ വിദ്യാർഥികൾക്ക്‌ ഇതുവരെ വിക്ടേഴ്‌സിലൂടെ നൽകിയ പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കാനുള്ള പഠന പ്രവർത്തനങ്ങൾ ഓൺലൈൻ വഴി ഉറപ്പാക്കണം. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസുകൾക്കുവേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ. വിക്ടേഴ്‌സിലെ എസ്‌എസ്‌എൽസി, പ്ലസ്‌ ടു ഓൺലൈൻ ക്ലാസുകൾ ജനുവരിയിൽ പൂർത്തിയാക്കും‌. 10, പ്ലസ്‌ ടു ക്ലാസുകളിലെ പാഠങ്ങൾ കൂടുതലായി വിക്ടേഴ്‌സിൽ ലഭ്യമാക്കി.

കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ഇതുവരെ നൽകിയ ഡിജിറ്റൽ ക്ലാസുകളെ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളുമാണ്‌ നൽകുക. തുടർന്ന്‌, വാർഷികപരീക്ഷ നടത്തും. പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഡിജിഇ കെ ജീവൻബാബു എന്നിവരുമായി കൂടിയാലോചന നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള സ്ഥിതിഗതികൾകൂടി പരിഗണിച്ചശേഷമേ സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here