ചൈനീസ് എന്ന പേരിൽ ലഭ്യമാകുന്ന ഭക്ഷണ വിഭവങ്ങളോട് താത്പര്യം കാണിക്കുന്നവരാണ് പലരും. എങ്കിലും ചൈനക്കാർ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും പലർക്കും ഇഷ്ടപ്പെടില്ല. എന്നുമാത്രമല്ല, അതിന്റെ ചേരുവകൾ അറിയുമ്പോൾ തന്നെ അറിയാതെ മുഖം തിരിക്കുകയും ചെയ്യും. ചൈനക്കാർ കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതും രുചിച്ചു നോക്കാനല്ല കാണാൻ പോലും ഇഷ്ടപ്പെട്ടെന്നുവരില്ല.പാമ്പും പട്ടിയും മറ്റു ജീവജാലങ്ങളുമൊക്കെ അവരുടെ ഭക്ഷണവിഭവങ്ങളിൽ പെടും.

അത്തരത്തിലൊരു ഭക്ഷണവിഭവമാണ് ശരപ്പക്ഷിയുടെ കൂട് കൊണ്ടുണ്ടാക്കുന്ന സൂപ്പ്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന മീവൽ പക്ഷികളോട് സാമ്യമുള്ള, വേഗത്തിൽ പറക്കുന്നതിൽ റെക്കാഡ് സൃഷ്ടിക്കുന്ന ഒരിനം പക്ഷി കുടുംബമാണ് ശരപ്പക്ഷി. ഈ വിഭാഗത്തിലെ ഒരിനം ശരപ്പക്ഷിയുടെ കൂട് ഉപയോഗിച്ച് തയ്യാറാക്കുന്ന സൂപ്പ് ലോകത്തിൽ വച്ച് ഏറ്റവും വിലകൂടിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഹോങ്കോംഗിലെ ഭക്ഷണശാലകളിൽ വിളമ്പുന്ന ഇത് രുചിച്ചു നോക്കാൻ 10,000 രൂപ വരെ ചെലവിടേണ്ടിവരും.പക്ഷിക്കൂട് പൂർണ്ണമായും പക്ഷിയുടെ ഉമിനീരിനാൽ നിർമ്മിതമാണ്. പ്രജനനകാലത്ത് 35ഉം 40ഉം ദിവസം കൊണ്ട് ആൺപക്ഷിയുടെ ഉമിനീരിൽ നിർമ്മിക്കുന്ന കൂട് ഭക്ഷ്യയോഗ്യമാണ് എന്ന് മാത്രമല്ല രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചൈനക്കാർ വിശ്വസിക്കുന്നു.

ചൈനയിലെ ഏറ്റവും വിലമതിക്കുന്ന ഈ ഭക്ഷണം ക്വിംങ് രാജവംശ കാലം മുതലേ പ്രസിദ്ധമാണ്. ഭവനത്തിൽ എത്തുന്ന അതിഥിക്ക് ചൈനീസ് ആചാരമനുസരിച്ച് കൊടുക്കാവുന്ന ഏറ്റവും വലിയ സൽക്കാരങ്ങളിൽ ഒന്നായി പക്ഷിക്കൂട് സൂപ്പിനെ കണക്കാക്കുന്നു.സാധാരണ പക്ഷിക്കൂടിന് കിലോയ്ക്ക് ഒന്നരലക്ഷം ഇന്ത്യൻ രൂപയാണ് വില. ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന കൂടിന് കിലോയ്ക്ക് ഏഴ് ലക്ഷം രൂപവരെ വിലയുണ്ട്. പക്ഷിയുടെ ഉമിനീരിനാൽ നിർമ്മിക്കപ്പെടുന്ന ഭക്ഷ്യവിഭവമായതിനാൽ പല ന്യൂട്രീഷ്യൻമാരും ഇതിനെതിരെ പ്രതികരിച്ചുവെങ്കിലും അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റഴിയുന്ന ഇതിന്റെ പ്രധാന ഇറക്കുമതി രാജ്യം അമേരിക്കയാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ഈ കൂട് ഇറക്കുമതി ചെയ്യുന്നത് മിക്ക രാജ്യങ്ങളും വിലക്കിയിട്ടുണ്ട്. പക്ഷിപ്പനിയും മറ്റു പകർച്ച വ്യാധികളും ഭയക്കുന്നത് കൊണ്ട് തന്നെ ഓസ്‌ട്രേലിയയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഹോങ്കോംഗ് റസ്റ്റോറന്റുകളിലെ പ്രിയപ്പെട്ട വിഭവമായ ബേഡ്സ് നെസ്റ്റ് സൂപ്പ് കുടിക്കാൻ തിരക്കോട് തിരക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here