മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളടക്കം വീടിനുള്ളിലേക്ക് കയറിയിരുന്നപ്പോൾ പലരും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു.ആരാധകരുമായി സമൂഹ മാദ്ധ്യമങ്ങളിലൂടെ റിമി സംവദിക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ ഇതാ തന്റെ ശരീരഭാരം കുറഞ്ഞതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറയുന്നത്. 2012 മുതൽ തുടങ്ങുകയും നിർത്തുകയും ചെയ്ത പല ഡയറ്റുകൾക്ക് ഒടുവിലാണ് ഇപ്പോൾ ശരീരഭാരം 16 കിലോ കുറഞ്ഞതെന്ന് റിമി പറയുന്നു.

റിമിയുടെ വാക്കുകളിലേക്ക്…
സത്യം പറഞ്ഞാൽ 2012 മുതൽ ഞാൻ ഡയറ്റ് സ്റ്റാർട്ട് ചെയ്തു. ആദ്യം ഫോളോ ചെയ്തത് രണ്ട് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇതിൽ മധുരം ഒഴിവാക്കുകയാണ് ആദ്യപടി. ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടുവർഷമായി. ഈ ഡയറ്റിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം അളവ് കുറച്ച് കഴിക്കാം. ചോറ്, ചിക്കൻ കറി, വൈകിട്ട് ചപ്പാത്തി, ദാൽ അങ്ങനെ. ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ മാറ്റം വന്നു. എപ്പോഴും 65 കിലോയിൽ തന്നെയാണ് നിന്നിരുന്നത്. വെയിംഗ് മെഷീൻ വാങ്ങി സ്ഥിരമായി നോക്കാൻ തുടങ്ങി. രണ്ട് വർഷം കൊണ്ട് 57 കിലോയിൽ എത്തി.2015ൽ ആ ഡയറ്റ് നിർത്തി വീണ്ടും ഭക്ഷണം കഴിച്ച് തുടങ്ങി. വാരിവലിച്ച് കഴിച്ച് വീണ്ടും ദേ 60 കിലോയിലേക്ക്. അന്നേരം തുടങ്ങിയതാണ് ഷേക്ക് ഡയറ്റ്. ഈ ഡയറ്റിൽ ചോറ് കഴിക്കാം. രാവിലെയോ, വൈകിട്ടോ ഒരു പ്രോട്ടീൻ ഷേക്ക് കൂടി മെനുവിൽ ഉൾപ്പെടുത്തണം.

നല്ല റിസൽട്ടായിരുന്നു. പതുക്കെ അതും മടുത്തു. വീണ്ടും തീറ്റയാരംഭിച്ചു. വണ്ണവും കൂടി.ഈ സമയത്ത് രണ്ട് മൂന്ന് മാസം കീറ്റോ ഡയറ്റെടുത്തു. കൊളസ്‌ട്രോൾ കൂടിയപ്പോൾ അതങ്ങ് നിർത്തി. ഇപ്പോൾ രണ്ട് വർഷമായി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗാണ് ചെയ്യുന്നത്. ഇതിൽ ഞാൻ ഭയങ്കര കംഫർട്ടാണ്. എല്ലാം കഴിക്കാം, അളവ് കുറച്ച്. അതിനൊപ്പം വർക്കൗട്ട് സ്ഥിരമാക്കി. കൊവിഡ് കാലം തുടങ്ങിയതോടെ ഒരു ദിവസം പോലും വർക്കൗട്ട് മുടക്കാറില്ല. കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി നിയന്ത്രിച്ചു. ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ തോന്നുമ്പോൾ കഴിക്കും. പക്ഷേ, പകരം കൂടുതൽ നേരം വർക്കൗട്ട് ചെയ്യും. പലരീതിയിൽ നമുക്ക് ഡയറ്റിംഗ് ചെയ്യാം. എന്റെ രീതി 16 മണിക്കൂർ ഫാസ്റ്റിംഗും എട്ട് മണിക്കൂർ ഫുഡ് കഴിക്കുകയും ചെയ്യുന്നതാണ്. രാവിലെ പത്തിന് തുടങ്ങിയാൽ വൈകിട്ട് ആറുവരെ കഴിക്കും. പിന്നേ പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് വരെ ഒന്നും കഴിക്കില്ല. ബ്ലാക്ക് ടീ, ലൈം വാട്ടർ അങ്ങനെ വെള്ളം മാത്രം കുടിക്കാം. ഈ ഡയറ്റ് എടുക്കുമ്പോൾ കഴിയുന്നിടത്തോളം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. കാർബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം കുറച്ച് കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്താം. ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിക്കണം. പകരം പഴങ്ങളും നട്സുമൊക്കെയാണ് ഞാൻ കഴിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here