കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ (മുത്തൂറ്റ് ബ്ലു എന്നും അറിയപ്പെടുന്ന) ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് (എംസിഎസ്എല്‍) 2021 മാര്‍ച്ച് 31-നവസാനിച്ച നാലാം പാദത്തിലെ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ നേടിയ 13.6 കോടി രൂപ അറ്റാദായത്തിന്റെ സ്ഥാനത്ത് കമ്പനി ഇക്കുറി നേടിയത് 8.9 കോടി അറ്റാദായം. മാര്‍ച്ച് 31-നവസാനിച്ച പൂര്‍ണവര്‍ഷം കമ്പനി 52.2 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ പൂര്‍ണവര്‍ഷ കാലയളവില്‍ ഇത് 60.2 കോടിയായിരുന്നു.

ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഓഡിറ്റഡ് ഫലങ്ങള്‍ പ്രകാരം നാലാം പാദത്തില്‍ കമ്പനി 109.6 കോടി രൂപയുടെ മൊത്തവരുമാനം നേടി. ബിസിനസ് സാഹചര്യങ്ങള്‍ മെല്ല പൂര്‍വസ്ഥിതിയിലാകുന്നതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുള്ള കാഴ്ചപ്പാടോടെ തന്നെ കമ്പനി 290.9 കോടിയുടെ വായ്പകള്‍ നല്‍കി. മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം മൊത്തം നല്‍കിയ വായ്പകള്‍ (മൊത്തം എയുഎം) 2088.5 കോടി വരും. 16.6 കോടി മതിയ്ക്കുന്ന അസൈന്‍ഡ് പോര്‍ട്ഫോളിയോ ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ കമ്പനി 347.5 കോടിയുടെ വായ്പകളാണ് നല്‍കിയത്. 2020 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം മൊത്തം എയുഎം 2650.4 കോടിയായിരുന്നു. ആ പാദത്തില്‍ നേടിയ മൊത്തവരുമാനം 146.9 കോടി.

മുന്‍വര്‍ഷത്തെ 60.2 കോടിയുടെ സ്ഥാനത്ത് 2021 മാര്‍ച്ച് 31-നവസാനിച്ച പൂര്‍ണ വര്‍ഷം കമ്പനി 52.2 കോടി അറ്റാദായം നേടി. മാര്‍ച്ച് 31-നവാസനിച്ച പൂര്‍ണവര്‍ഷം 750.4 കോടിയുടെ വായ്പകളാണ് നല്‍കിയത്. 2020 മാര്‍ച്ച് 31-നവസാനിച്ച വര്‍ഷം നല്‍കിയ 1788.1 കോടിയേക്കാള്‍ 58% കുറവ്.

സ്ഥിതിഗതികള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം മൂലം ബിസിനസ് സാഹചര്യം ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് ഫലങ്ങളെപ്പറ്റി സംസാരിക്കവേ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കേണ്ടതു മൂലം വാഹന വിപണിയില്‍ പ്രതീക്ഷിക്കാവുന്ന ഡിമാന്‍ഡ് വര്‍ധന, കഴിഞ്ഞ വര്‍ഷത്തെ ഉത്സവസീസണലില്‍ കണ്ട ഉണര്‍വ് എന്നിവ കണക്കിലെടുക്കുമ്പോള്‍ മുന്നോട്ടു പോകുന്തോറും ബിസിനസ് മെച്ചപ്പെടാനാണ് സാധ്യത കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഒന്നു രണ്ടു മാസത്തിനകം കാര്യങ്ങള്‍ സാധാരണഗതിയിലാകണം. കോവിഡിനു മുമ്പത്തെ സ്ഥിതിയിലേയ്ക്ക് വരാന്‍ ഒരു പാദം കൂടി കഴിയണം. ഞങ്ങളുടെ പ്രവര്‍ത്തന മേഖലകളിലെ ഉത്സവ സീസണുകള്‍ ബിസിനസ് വരുമാനം തിരിച്ചുകൊണ്ടുവന്നേക്കും.

എന്നാല്‍ സഞ്ചിത ഡിമാന്‍ഡുകളും നീട്ടിവെച്ചിരിക്കുന്ന ഡിമാന്‍ഡുകളും ചേര്‍ന്നാണ് അടുത്ത മൂന്ന് പാദങ്ങളിലെ ബിസിനസ് വരുമാന വര്‍ധനയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുക. ടൂ വിലറുകളുടേയും മറ്റും വിലവര്‍ധന ഒരു വെല്ലുവിളിയാണെങ്കിലും മുന്‍പു പറഞ്ഞ കാരണങ്ങളും വില വര്‍ധന മൂലം എന്തായാലും വായ്പകളെ ആശ്രയിക്കേണ്ടി വരുന്നതും മൂലം ബിസിനസ് മെച്ചപ്പെടേണ്ടതാണ്. ജിഡിപി ചുരുങ്ങിയതും സാധാരണക്കാരന്റെ വരുമാനത്തില്‍ ഇടിവുണ്ടായതും വസ്തുതകളാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റേയും വിവിധ സംസ്ഥാന സര്‍ക്കാരുകളടേയും നടപടികള്‍ പെട്ടെന്നു തന്നെ വിപണിക്ക് ഉണര്‍വു നല്‍കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരും റിസര്‍വ് ബാങ്കും നടപ്പാക്കുന്ന വിവിധ നടപടികളിലൂടെ ലഭ്യമാകുന്ന കൂടുതല്‍ ഫണ്ടുകളുടെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ പണലഭ്യത ശക്തമാണ്. സര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും പിന്തുണയും ജീവനക്കാരുടേയും ഉപയോക്താക്കളുടേയും കൂറും ചേരുമ്പോള്‍ കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്നുള്ള വളര്‍ച്ച മികച്ചതാകും,’ അദ്ദേഹം പറഞ്ഞു.

2021 സാമ്പത്തികവര്‍ഷത്തെ കഴിഞ്ഞ രണ്ടു പാദങ്ങളില്‍ ഡിമാന്‍ഡ് വര്‍ധന ഉണ്ടായെങ്കിലും മാര്‍ച്ചില്‍ വളര്‍ച്ച നിലച്ചുവെന്ന് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സിഒഒ മധു അലോഷ്യസ് ചൂണ്ടിക്കാണിച്ചു. ‘മറ്റു മാസങ്ങളിലും നല്ല പ്രകടനമായിരുന്നു. എന്നാല്‍ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ വന്ന കോവിഡ് രണ്ടാം തരംഗത്തില്‍ കാര്യങ്ങള്‍ വീണ്ടും നിശ്ചലമായി. ലോക്ഡൗണുകള്‍ അവസാനിച്ച് സംസ്ഥാനങ്ങള്‍ തുറക്കുന്നതും വരുന്ന പാദത്തിലെ ഓണവും ഗണേശ ചതുര്‍ത്ഥിയും കണക്കിലെടുത്ത് വരുന്ന പാദം ബിസിനസ് മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യമെങ്ങും നടക്കുന്ന വാക്സിനേഷന്‍ യജ്ഞങ്ങള്‍ ഫലമുണ്ടാക്കുമെന്നും അടഞ്ഞും തുറന്നും അടഞ്ഞുമുള്ള കഴിഞ്ഞ വര്‍ഷത്തെ അനിശ്ചിതത്വം ഇനിയുണ്ടാകില്ലെന്നുമാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ വിപണിയിലുണ്ടായ ഉണര്‍വും മൊറട്ടോറിയവും ഈ വര്‍ഷവും തുടരുമെന്നും പ്രതീക്ഷിക്കുന്നു. ഉപയോക്താക്കള്‍ ജാഗരൂകരായിരിക്കുന്നതും സാമൂഹ്യഅകലം തുടരുന്നതും കണക്കിലെടുത്ത് മൊബൈല്‍ ആപ്പ്, മറ്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവകളിലൂടെ മാസത്തവമകള്‍ അടയ്ക്കാനാണ് ഞങ്ങള്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നത്. ഉപയോക്താക്കളുടെ വായ്പാതിരിച്ചടവ് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. വായ്പകളും കൂടുതല്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മുന്നോട്ടുള്ള വളര്‍ച്ച മെച്ചപ്പെട്ടതാകണം. ലോക്ഡൗണിനു ശേഷം മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളിലൂടെയും സ്റ്റാഫംഗങ്ങളിലൂടെയും ഏജന്‍സികളിലൂടെയുമുള്ള വായ്പാതിരിച്ചടവും കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. നാലാം പാദത്തിലെ വായ്പാ തിരിച്ചടവ് 100% ആയിരുന്നെങ്കില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇതില്‍ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ഇത് മെച്ചപ്പെടുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നു. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം രണ്ടാം പാദത്തിലേയ്ക്കും നീട്ടിവെച്ചിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട പണലഭ്യത മൂലം വരും മാസങ്ങളിലെ വളര്‍ച്ചാസാധ്യതകള്‍ മികച്ചതായിരിക്കുമെന്ന് കമ്പനിയുടെ സിഎഫ്ഒ വിനോദ് പണിക്കര്‍ പറഞ്ഞു. ‘ബാങ്കുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് ലഭ്യതയുണ്ട്. വായ്പാ വിതരണത്തിലും ചട്ടപ്രകാരമുള്ള നീക്കിയിരുപ്പുകളിലും പരമ്പരാഗതമായ ജാഗ്രതയാണ് കമ്പനി പുലര്‍ത്തുന്നത്. നാലാം പാദത്തില്‍ 27.6 കോടി രൂപ കമ്പനി എഴുതിത്തള്ളുകയുണ്ടായി. അടിയന്തരസാഹചര്യങ്ങള്‍ക്കായി മറ്റൊരു 0.8% കൂടി നീക്കിവെച്ചിട്ടുമുണ്ട്. പിടിസി പോര്‍ട്ഫോളിയോ ഒഴികെയാണിത്. നടപ്പുവര്‍ഷത്തെ പൂര്‍ണതോതിലുള്ള വളര്‍ച്ചയെപ്പറ്റി കമ്പനിക്ക് തികഞ്ഞ ആത്മിവിശ്വാസമുണ്ട്. ഫണ്ടിംഗ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് പൊതുജന നിക്ഷേപങ്ങള്‍ സ്വീകരിക്കും, ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പകളെടുക്കാനും പരിപാടിയുണ്ട്. പൊതുവിലുള്ള പണലഭ്യത വളരെ മെച്ചപ്പെട്ട സ്ഥിതിയിലാണ്. ചില സംസ്ഥാനങ്ങളിലെ ലോക്ഡൗണുകള്‍ മാത്രമാണ് വെല്ലുവിളിയായി അവശേഷിക്കുന്നത്. ദിവസങ്ങള്‍ കഴിയുന്തോറും അവയും തുറക്കുന്ന സ്ഥിതിയുണ്ട്,’ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here