ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വരുന്ന ബജറ്റില്‍ സേവന നികുതി വര്‍ധിപ്പിക്കുമെന്ന് സൂചന. നിലവിലെ 15 ശതമാനത്തില്‍ നിന്ന് 16-18 ശതമാനം വരെ വര്‍ധനയുണ്ടാവാനാണ് സാധ്യത.

നികുതി വര്‍ധിപ്പിച്ചാല്‍ യാത്ര, ഭക്ഷണം, ഫോണ്‍ വിളി തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ചെലവേറും. ഫെബ്രുവരി അഞ്ചിനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ഇപ്രാവശ്യത്തെ ബജറ്റ്.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും എക്‌സൈസ് ഡ്യൂട്ടി, സേവന നികുതി എന്നിവ ഉള്‍ക്കൊള്ളുന്ന ജി.എസ്.ടി ജൂലൈ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരിക. 5, 12, 18, 28 ശതമാനം എന്നീ സ്ലാബുകളിലാണ് ഇതില്‍ നികുതി ഏര്‍പ്പെടുത്തുന്നത്.

14.5 ശതമാനമായിരുന്ന സേവന നികുതി കഴിഞ്ഞവര്‍ഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റില്‍ 0.5 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്രാവശ്യവും വര്‍ധനയുണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

വ്യത്യസ്ത സേവനങ്ങള്‍ക്ക് വ്യത്യസ്ത നികുതി ഏര്‍പ്പെടുത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 12 ശതമാനം മുതല്‍ 18 ശതമാനം വരെ വ്യത്യസ്ത നികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുമെന്നാണ് ഇവര്‍ പറയുന്നത്. വര്‍ധന വരുത്തിയാലും ഈ നിരക്കുകള്‍ ജൂണ്‍ അവസാനം വരെ മാത്രമായിരിക്കും പ്രാബല്യത്തിലുണ്ടാവുക. പിന്നീട് ജി.എസ്.ടി പ്രകാരമായിരിക്കും.

നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ പിരിഞ്ഞുകിട്ടുന്ന അധിക സേവന നികുതിയില്‍ നികത്താനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here