ലൈക്കുകളിലും ഷെയറുകളിലും ആനന്ദം കണ്ട് വിഹരിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുത്ത ഫെയ്സ്ബുക്ക് രൂപമെടുത്ത് 14 വര്‍ഷത്തിന് ശേഷം ഉപയോക്താക്കള്‍ ഏറെ ആഗ്രഹിച്ച ആ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഡിസ് ലൈക്ക് ബട്ടണോട് അടുത്ത് നില്‍ക്കുന്ന ഡൗണ്‍ വോട്ട് ബട്ടണ്‍.ഉപയോക്താക്കളുടെ കമന്റുകള്‍ക്ക് അനിഷ്ടം രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഡൗണ്‍ വോട്ട് ബട്ടണിന്റെ പരീക്ഷണം ഫെയ്സ്ബുക്ക് ആരംഭിച്ചതായാണ് വിവരം. ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ പ്രത്യക്ഷപ്പെടുന്ന കമന്റുകളോട് അനിഷ്ടം പ്രകടിപ്പിക്കുന്നതിനാണ് ഡൗണ്‍വോട്ട് ബട്ടണ്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഒരു കമന്റിന് താഴെ പ്രത്യക്ഷപ്പടുന്ന ഡൗണ്‍ വോട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ കമന്റ് അപ്രത്യക്ഷമാവുകയും കമന്റ് ‘കുറ്റകരമാണോ’ , ‘തെറ്റിദ്ധരിപ്പിക്കുന്നതാണോ’ , ‘വിഷയവുമായി ബന്ധമില്ലാത്തതാണോ’ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

 

പൊതു പോസ്റ്റുകളില്‍ ചോദ്യം ചെയ്യപ്പെടേണ്ട കമന്റുകളെ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ഫെയ്സ്ബുക്ക് പ്രതിനിധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.

2009 ലാണ് ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് ഉപയോക്താക്കളുടെ ‘അംഗീകാരം’ രേഖപ്പെടുത്തുന്നതിനായി ലൈക്ക് ബട്ടണ്‍ അവതരിപ്പിച്ചത്. ലൈക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയപ്പോള്‍ പക്ഷെ ഡിസ് ലൈക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം റിയാക്ഷന്‍സ് എന്ന പേരില്‍ പോസ്റ്റുകളോടുള്ള വികാരം പ്രകടിപ്പിക്കുന്നതിനായി ലൈക്ക് ബട്ടണിനൊപ്പം ഇമോജികളും ഫെയ്സ്ബുക്ക് അവതരിപ്പിച്ചു. അക്കൂട്ടത്തിലും ഡിസ് ലൈക്ക് ബട്ടണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഡിസിലൈക്കിന് പകരം ഡൗണ്‍ വോട്ട് ബട്ടണ്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here