കൊച്ചി: കൊവി‌ഡ് പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രശ്നങ്ങളിൽ അകപ്പെട്ട് നിൽക്കുന്ന സമയത്താണ് ആപ്പിളിന്റെ ഐഫോൺ നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ഐഫോൺ SE ഇക്കഴിഞ്ഞ ഏപ്രിലിൽ വില്പനക്കെത്തിയത്. പോക്കറ്റ് കാലിയാക്കാതെ ആപ്പിൾ സ്വന്തമാക്കാമെന്ന് ആഗ്രഹിച്ചവരുടെ നെഞ്ചിൽ തീ കോരിയിട്ടു കൊണ്ട് 64 ജിബി അടിസ്ഥാന ഐഫോൺ SE മോഡലിന് 42,500 രൂപയാണ് വില പ്രഖ്യാപിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്യാഷ്ബാക്ക് ഓഫറുണ്ടെങ്കിലും 30,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിച്ചവരെ അപ്പാടെ നിരാശരാക്കി ഐഫോൺ SEയുടെ ഇന്ത്യയിലെ വില.അതോടെ ഐഫോൺ എന്ന മോഹം പലരും പെട്ടിയിൽവച്ച് പൂട്ടി. എന്നെങ്കിലും ഐഫോൺ സ്വന്തമാക്കാം എന്ന് വിചാരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഐഫോൺ SE-യുടെ വില കുറഞ്ഞേക്കും. ഇന്ത്യയിലുള്ള 20 ശതമാനം ഇറക്കുമതി ടാക്സ് ഒഴിവാക്കാൻ രാജ്യത്ത് ഐഫോൺ SE അസംബിൾ ചെയ്യാൻ തയ്യാറെടുക്കുകയാണ് ആപ്പിൾ എന്നാണ് വിവരം. ചൈനയിൽ അസംബിൾ ചെയ്ത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് ഇപ്പോൾ ഐഫോൺ SE രാജ്യത്ത് വില്‍ക്കുന്നത്.

അതേസമയം ചൈനയിലെ തങ്ങളുടെ ഫോൺ ഘടകങ്ങൾ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങളോട് ഘടകങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഇന്ത്യയിൽ അസംബ്ലിംഗ് ആരംഭിച്ചാൽ ഇറക്കുമതി ടാക്സ് ഒഴിവാകുകയും അത് വിലയിൽ കുറവ് വരുത്തുകയും ചെയ്യും. വലിപ്പക്കുറവുള്ള ആധുനികമായ ഫോൺ തേടുന്നവർക്കാണ് ഐഫോൺ SE ഇണങ്ങുക. 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഐഫോൺ SE വാങ്ങാനാവുക. ഐഫോൺ 11 സീരിസിൽ നല്‍കിയിരിക്കുന്ന ആപ്പിൾ A13 ബയോണിക് ചിപ്പ് ആണ് ഐഫോൺ SEയിൽ ഘടിപ്പിച്ചിരിക്കുന്നത്.ഡസ്റ്റ് വാട്ടർ റസിസ്റ്റൻസിൽ IP67 റേറ്റിംഗ് ആണ് ഐഫോൺ SE മോഡലിനുള്ളത്. പുതിയ ഐഫോൺ SE ഫോണിൽ എത്ര റാം ഉണ്ടെന്നോ, ബാറ്ററി ശേഷിയെക്കുറിച്ചുള്ള വിവരങ്ങളോ ആപ്പിൾ പുറത്തുവിട്ടിട്ടില്ല.ഫാസ്റ്റ് ചാർജിംഗ് ഫോൺ സപ്പോർട്ട് ചെയ്യും. 30 മിനിറ്റിനുള്ളിൽ അമ്പത് ശതമാനം ചാർജ് ചെയ്യാവുന്ന 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ആണ് ഐഫോൺ SE (2020) മോഡലിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here