അമേരിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ കെ.എഫ്.സി തങ്ങളുടെ ‘അച്ചടിച്ച്’ പുറത്തിറക്കുന്നു. ‘ത്രീ ഡി ബയോപ്രിന്റിംഗി’ൽ വൈദഗ്ദ്യമുള്ള ഒരു റഷ്യൻ ലബോറട്ടറിയുമായി സഹകരിച്ചുകൊണ്ടാണ് കെ.എഫ്.സി കോഴിയിറച്ചി അച്ചടിച്ച് പുറത്തിറക്കാൻ പോകുന്നത്. ഇതുവഴി ലോകോത്തര നിലവാരമുള്ള കോഴിയിറച്ചി തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പരമ്പരാഗത ഇറച്ചിക്കുള്ള ബദലുകൾ ലോകം തേടി തുടങ്ങിയ കാലഘട്ടത്തിന് അനുസൃതമായി മാറാനാണ് കെ.എഫ്.സി ഇങ്ങനെയൊരു നീക്കം നടത്തുന്നത്.

ലോകത്താകമാനമുള്ള ജനങ്ങൾ തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുകയാണെന്നും അവർ പ്രകൃതി സൗഹാർദ്ദപരമായ ഭക്ഷണോത്പാദന മാർഗങ്ങളെ കുറിച്ച് ബോധവാന്മാരാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.ഭാവിയുടെ ഇറച്ചിയെന്നാണ് ഈ ‘ബയോമീറ്റിനെ’ കമ്പനി വിളിക്കുന്നത്. ഈ ഇറച്ചിയുടെ നിർമാണ പ്രക്രിയയിൽ മൃഗങ്ങളുടെ മാംസത്തിന് പങ്കാളിത്തമുണ്ടാകില്ലെന്നും അതിനായി കോഴിയുടെ കോശങ്ങളെയും സസ്യ ഭാഗങ്ങളെയുമാണ് ഉപയോഗപ്പെടുത്തുകയെന്നും കെ.എഫ്.സി വിശദമാക്കുന്നുണ്ട്.

ഈ മാർഗം സ്വീകരിക്കുന്നത് ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് കാര്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നുനണ്ട്. ഈ മാംസത്തിന് കോഴിയിറച്ചിയുടെ അതേ രുചിതന്നെ ഉണ്ടായിരിക്കണമെന്നും കെ.എഫ്.സിക്ക് നിർബന്ധമുണ്ട്. 2020 അവസാനത്തോടെ തങ്ങളുടെ പുതിയ ‘ചിക്കൻ നഗറ്റ്സ്’ റഷ്യയിൽ പുറത്തിറക്കാനാണ് കെ.എഫ്.സി ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here