ന്യൂഡൽഹി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ പ്രധാനസ്ഥാനം വഹിക്കുന്നത് ചൈനീസ് ബ്രാന്‍ഡുകളാണ്.ഷവോമി, ഓപ്പോ, വിവോ, റിയല്‍മി തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്കാണ് ഏറെ പ്രിയം. അതേസമയം, ജൂണ്‍ 30-ന് അവസാനിച്ച വില്പന കണക്കനുസരിച്ച് ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ തളർച്ച നേരിടുകയാണ്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിപണി വിഹിതം 72 ശതമാനമായി കുറഞ്ഞു.

ജനുവരി-മാര്‍ച്ച് മാസത്തിൽ 81 ശതമാനമായിരുന്നു ചൈനീസ് ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിപണി വിഹിതം. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 51 ശതമാനമാണ് ഇടിഞ്ഞത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ മൂലം പ്ലാന്റുകള്‍ അടച്ചിടേണ്ടി വന്നതാണ് കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടാക്കിയത്.

ഇന്ത്യയും ചൈനയും തമ്മില്‍ ഉണ്ടായ അതിര്‍ത്തി തര്‍ക്കവും തുടര്‍ന്നുണ്ടായ സൈനീക നടപടികളും ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തെ നിലയില്‍ നിന്നും ജൂണ്‍ മാസം അവസാനമെത്തിയപ്പോഴേക്കും ഷവോമിയുടെ മാര്‍ക്കറ്റ് വിഹിതം 30 ശതമാനത്തില്‍ നിന്നും 29 ആയും, റിയല്‍മിയുടേത് 14 ശതമാനത്തില്‍ നിന്നും 11 ആയും, ഒപ്പോയുടേത് 12 ശതമാനത്തില്‍ നിന്നും 9 ശതമാനമായും കുറഞ്ഞു. വിവോയുടെ സ്ഥിതി മാറ്റമില്ലാതെ 17 ശതമാനത്തില്‍ തുടരുന്നു.

ചൈനീസ് ബ്രാന്‍ഡുകളുടെ വീഴ്ച യഥാര്‍ത്ഥത്തില്‍ ഉപകാരപ്പെട്ടത് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങിനാണ്. ഈ വര്‍ഷം ആദ്യം 16 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥനത്തേക്ക് വീണ സാംസങ് ജൂണ്‍ അവസാനമായപ്പോഴേക്കും 26 ശതമാനം വിപണി വിഹിതം നേടി രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു.അതെ സമയം എന്‍ട്രി ലെവല്‍ ഫീച്ചര്‍ ഫോണ്‍ സെഗ്മെന്റില്‍ 24 ശതമാനം വിപണി വിഹിതവുമായി ഐടെല്‍ ആണ് ഒന്നാമത്. ലാവ (23 ശതമാനം), സാംസങ് (22 ശതമാനം), നോക്കിയ (9 ശതമാനം), കാര്‍ബണ്‍ (5 ശതമാനം) എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here