പുനലൂർ:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ പി.എസ് ഫിലിപ്പിൻ്റെ സംസ്ക്കാരം ഡിസംബർ 17ന് നടക്കും. രാവിലെ 9ന് പുനലൂർ എ.ജി.ഓഫീസ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.1 മണിക്ക് ബഥേൽ ബൈബിൾ കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കുന്ന കല്ലറയിൽ സംസ്ക്കരിക്കും. സൂപ്രണ്ട്മാരായിരുന്ന ഡോ.സി. കുഞ്ഞുമ്മൻ, റവ.മാത്യൂസ് പി.സ്ക്കറിയ എന്നിവരുടെ കല്ലറയോട് ചേർന്നാണ് അടക്കം ചെയ്യുന്നത്.കോന്നി നെടിയകാലായിൽ കുടുംബാംഗം ലീലാമ്മ ഫിലിപ് ആണ് ഭാര്യ. മക്കൾ: റെയിച്ചൽ (അമേരിക്ക), സൂസൻ (യു.എ.ഇ), സാം ഫിലിപ്പ് (ഓസ്ട്രേലിയ), ബ്ലസി(സൗദ്യ അറേബ്യ).മരുമക്കൾ: ലിജി കുര്യൻ, റെനി ജേക്കബ്‌ , പ്രിൻസി ഫിലിപ്പ്, ക്രിസ്റ്റഫെൽ വർഗ്ഗീസ് (തിരുവല്ല). ഹൃദയാഘാതത്തെ തുടർന്ന് ഡിസംബർ 11ന് പുലർച്ചെ 1.30 ന് കൊട്ടാരക്കര സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഡിസംബർ 9 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവൻഷനിൽ ബൈബിൾ പ്രഭാഷണം നടത്തിയിരുന്നു.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി,തോന്ന്യമലയിൽ പാലയ്ക്കാത്തറയിൽ വി.പി.ശമുവേലിന്റെയും റാഹേലിന്റെയും മകനായി 1947 സെപ്റ്റംബർ 18 ന് പി.എസ്. ഫിലിപ്പ് ജനിച്ചു.ഇന്ത്യയിലെ വിവിധ ബൈബിൾ കോളേജുകളിൽ നിന്നും വേദപഠനം നടത്തി .1968 ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അധ്യാപകവൃത്തി ആരംഭിച്ചു. 1985 മുതൽ 2009 വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൾ സ്ഥാനം വഹിച്ചു.2009 ൽ വെസ്റ്റ് മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി. കഴിഞ്ഞ മൂന്നുപതിറ്റാണ്ട് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ നേതൃത്വനിരയിൽ വിവിധ ചുമതലകളിൽ നിറ സാന്നീധ്യം ആയിരുന്നു റവ.ഡോ പി.എസ്. ഫിലിപ്പ്. അസിസ്റ്റന്റ് സൂപ്രണ്ട് ആയി അനേക വർഷം സേവനം ചെയ്തിട്ടുണ്ട്. 1996 ൽ ആണ് ആദ്യമായി സൂപ്രണ്ട് സ്ഥാനത്ത് എത്തുന്നത്. 2003 മുതൽ 2011 വരെ എസ്.ഐ.ഏ. ജി. യുടെ അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനവും വഹിച്ചിരുന്നു.തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്. റവ.പി.എസ് ഫിലിപ്പിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ചർച്ച് ഓഫ് ഗോഡ് ഓവർസിയർ റവ.സി.സി തോമസ് , ഐ.പി സി.ജനറൽ പ്രസിഡൻ്റ് റവ.ഡോ.വത്സൻ ഏബ്രഹാം, പി.സി.ഐ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജയിംസ് ജോസഫ് ,ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ ചെയർമാൻ പ്രൊഫ.ടി.സി. കോശി ,ഡയറക്ടർ റവ.എം.പി ജോർജുകുട്ടി,നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശിയ അദ്യക്ഷൻ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here