രാജേഷ് തില്ലങ്കേരി  

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയിട്ട് 100 ദിവസം പിന്നിട്ടു. കേരളത്തിൽ ഇടതുപക്ഷം നേടിയ വലിയ വിജയം,  ഭരണതുടർച്ചയെന്ന അപൂർവ്വതയാണ് ഇടതുപക്ഷം നേടിയത്. കോവിഡ് വ്യാപനത്തിൽ പിണറായി സർക്കാർ കൈവരിച്ച പുരോഗതിയായിരുന്നു ചർച്ചാവിഷയം. കേരളാ മോഡൽ എന്നായിരുന്നു കോവിഡ് മാനേജ്‌മെന്റിനെ പുകഴ്ത്തി പറഞ്ഞിരുന്നത്. പാണൻമാർ പാടി പുകഴ്ത്തിയ കേരളാമാതൃക പൊളിഞ്ഞ് പാളീസായി.
കേരളം കോവിഡിനെ പിടിച്ചുകെട്ടി അറബിക്കടലിൽ മുക്കിക്കൊന്നുവെന്നായിരുന്നു ഒന്നാം കോവിഡ് വ്യാപന കാലത്തെ പ്രചാരണം. വിദേശ രാജ്യങ്ങളിൽനിന്നു പോലും അവാർഡുകൾ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പാഞ്ഞെത്തി. എന്റമ്മോ എന്തൊക്കെയായിരുന്നു. കേരളമുഖ്യമന്ത്രിയുട പത്രസമ്മേളനത്തിലെ തള്ള് കണ്ട് ലോകം ഒന്നടങ്കം പറഞ്ഞു, ഈ മനുഷ്യനെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കണമെന്ന്.
 കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടർന്നു വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതായിരുന്നു ഭരണമുന്നണിയുടെ പ്രധാന പ്രചരണായുധവും. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംഭവങ്ങൾ ആകെ കീഴ്‌മേൽമറിഞ്ഞു. രാജ്യത്ത് മൊത്തം കോവിഡ് രോഗികളുടെ 99 ശതമാനം കേരളത്തിലാണ്. കേരളം എന്നിട്ടും മാതൃകയാണ്.

കോവിഡ് തടയുന്നതിൽ ലോകത്തിന് മാതൃകയായതിനെ തുടർന്ന് കിട്ടിയ ‘ഗപ്പുകൾ’ ഇപ്പോൾ ആർക്കാണ് മടക്കിക്കൊടുക്കേണ്ടതെന്ന് അന്വേഷിച്ചു നടക്കുകയാണ് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ.

കേരളം എന്തെങ്കിലും കാര്യത്തിൽ എന്നും ഒന്നാം സ്ഥാനത്ത് വേണം. ഇത്തവണ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമെന്ന പേരാണ് കേരളത്തിന്. അതിന് ഗപ്പൊന്നും ഇല്ലാത്തതിനാൽ ആരോര്യമന്ത്രി വീണാ ജോർജ് രക്ഷപ്പെട്ടുവെന്നുമാത്രം.  ആശങ്കവേണ്ട, കരുതൽ മതിയെന്ന കഴിഞ്ഞവർഷത്തെ വാക്യം ഇന്നും ആവർത്തിക്കുന്നുണ്ട് ആരോഗ്യം മന്ത്രി.

വാക്‌സിനേഷനിൽ കിട്ടിയതിനേക്കാൾ കൂടുതൽ വാക്‌സിൻ ഉപയോഗിച്ചതാണ് ഇപ്പോൾ പറയുന്ന പ്രധാന നേട്ടം. കോവിഡിന്റെ ആദ്യ നാളുകളിൽ എന്തായിരുന്നു….കഥ. ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. വൈകിട്ടത്തെ പത്രസമ്മേളനവുമില്ല, ബ്രണ്ണൻ കഥകളുമില്ല… ക്യാപ്റ്റൻ കളികാണുകയാണ്, കളിക്കളത്തിൽ പോലും ക്യാപ്റ്റനെ ഇപ്പോൾ കാണാനില്ല.

100 നാളു ദിനം കൊണ്ട്…. തണ്ടിലേറിയ ഭവാൻ 

100 ദിവസം കൊണ്ട് എന്തൊക്കെ വിവാദങ്ങളാണ് ഈ സർക്കാർ നേരിട്ടതെന്ന് ആരെയും അത്ഭുതപ്പെടുത്തും. മുട്ടിൽ മരം മുറി മുതൽ ദിവസവും വിവാദങ്ങളിലൂടെയാണ് ക്യാപ്റ്റനും സംഘവും നീങ്ങുന്നത്.
 

തൊട്ടതെല്ലാം പൊന്നായിരുന്ന കാലത്തിലൂടെയായിരുന്നല്ലോ ഒന്നാം പിണറായി സർക്കാർ കടന്നുപോയത്. സ്വർണക്കടത്ത് കേസും, ഡോളർ കടത്തുകേസും എല്ലാം ചാടിക്കടന്നവരാണീ ഇടതുമന്ത്രിമാർ….പഴയ ടീമിനെ മൊത്തം മാറ്റി, പുതിയ ടീംസിനെ നിരത്തിയാണ് രണ്ടാം പിണറായി സർക്കാർ അധികാരം തുടർന്നത്. എന്നിട്ടോ, ഘടകകക്ഷിയിൽ നിന്നും ഒരു പഴയ മന്ത്രി ഈ സഭയിലുണ്ട്. എ കെ ശശീന്ദ്രൻ, ആ മഹാനുണ്ടാക്കുന്ന ദുർഗന്ധം ഈ സർക്കാരിന് ആകെ നാണക്കേടാണ് ഉണ്ടാക്കിയത്.
 
 പ്രധാന ഘടക കക്ഷിയായ സി പി ഐയുടെ മന്ത്രിമാരും ശോഭിക്കുന്നില്ല. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. മുണ്ടുമുറുക്കാനാണ് ധനമന്ത്രിയുടെ ആഹ്വാനം. 100 ദിവസം കൊണ്ട് കേരളത്തിലെ സാമ്പത്തിക രംഗം വറ്റിവരണ്ടിരിക്കയാണ്. ഇനിയും ഏറെ താണ്ടാനുണ്ട്.
ഓൺലൈൻ പഠനം കുറ്റമറ്റതാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. അതൊന്നും നടപ്പായില്ല.


 ഡി സി സി അധ്യക്ഷൻമാരുടെ പട്ടികയായി; പ്രതിഷേധം കനത്തതോടെ പ്രഖ്യാപനം വീണ്ടും വൈകി, എങ്ങും പോസ്റ്റർ യുദ്ധങ്ങൾ 

എതിരാളികളും പോരാളികളും  സൈബറിടങ്ങളിൽ പോരാടുമ്പോൾ കോൺഗ്രസ് എന്നും പഴഞ്ചനായി തുടരുകയാണ്. ഇപ്പോഴും ഭിത്തിയിൽ പോസ്റ്റർ പതിച്ച് പ്രതിഷേധിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.

ഏറെ ദിവസങ്ങൾ നീണ്ട ശ്രമകരമായ പോരാട്ടത്തിനൊടുവിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക റിലീസിനായി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിയായി നിൽക്കുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം തട്ടിത്തകർത്തുകൊണ്ടുള്ള പട്ടികയാണ് കെ സുധാകരൻ ഹൈക്കമാന്റിന് കൈമാറിയത്. 27 ന് വെള്ളിയാഴ്ച ഡി സി സി അധ്യക്ഷൻ മാരുടെ പട്ടിക പ്രഖ്യാപിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്.  
പട്ടികയ്‌ക്കെതിരെ പരാതി രൂക്ഷമായതോടെ അന്തിമ പട്ടികയിൽ വീണ്ടും ചർച്ച നടത്താനായി ഹൈക്കമാന്റ് നീക്കം തുടങ്ങിയിരിക്കയാണ്.
 

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിൽ പുതിയ അധ്യക്ഷൻമാരെ കണ്ടെത്തിയിരിക്കുന്നു. ഇതോടെ ഡി സി സി അധ്യക്ഷന്മാരായി പരിഗണിക്കുന്നവർക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണവും ആരംഭിച്ചു. തിരുവനന്തപുരത്ത് പരിഗണിച്ച പാലോട് രവിയെ അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പ്രഖ്യാപനം. കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി പാലോട് രവിക്കെതിരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.  
മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനായി അവസാന വട്ട ശ്രമത്തിലാണ് .
പട്ടികയിൽ ഇടംപിടിച്ചവരുടെ എതിർ ഗ്രൂപ്പുകാരാണ്  പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭാരവാഹികൾ ആരായാലും എതിർ ഗ്രൂപ്പുകാർ പ്രതിഷേധിക്കും അതാണ് അതിന്റെ ഒരിത്.   തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസുകാർ ഇത്രയും വീറോടെ പോസ്റ്റർ പതിച്ചിരുന്നെങ്കിൽ ചില യു ഡി എഫ് സ്ഥാനാർത്ഥികളെങ്കിലും രക്ഷപ്പെട്ടേനേ…

കുറേ ദിവസമായി ഹോ….എന്തെല്ലാം പോരാട്ടമായിരുന്നു, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്ത, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ  തുടങ്ങിയ നേതാക്കളൊക്കെ കുറച്ചുകാലമായി ഉറമിളച്ച് കാത്തിരിക്കുകയായിരുന്നു,  ഡി സി സി അധ്യക്ഷൻമാരുടെ പട്ടികയിൽ നമ്മുടെ ആളുകളുണ്ടോ എന്ന്. പട്ടികയിൽ അവരുടെ പേരില്ലെന്ന് മനസിലായതോടെ മൂത്ത കോൺഗ്രസുകാർ പരസ്യമായും രഹസ്യമായും യൂത്തുകോൺഗ്രസുകാർ പോസ്റ്ററുകളുമായും പ്രതിഷേധമെന്ന കലാ പരിപാടിയും അരങ്ങിലെത്തി.

കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേർന്ന് ഡി സി സി കൾ വീതം വയ്ക്കുന്നു എന്നായിരുന്നു ഈ നേതാക്കളുടെയെല്ലാം പ്രധാന ആരോപണം.

തിരുവനന്തപുരം തൊട്ട് കാസർകോട് വരെയുള്ള നിരവധി പേരാണ് ജില്ലയിലെ കോൺഗ്രസിനെ നയിക്കാനായി കുപ്പായം തുന്നിയത്. എന്നാൽ ഡി സി സി, കെ പി സി സി ഭാരവാഹി നിർണ്ണയത്തിൽ പതിവു പരിപാടിയായ ഗ്രൂപ്പ് വീതംവെപ്പ് ഇത്തവണയുണ്ടാവില്ലെന്ന ചരിത്ര പ്രഖ്യാപനം നടത്തിയാണ് സുധാകരൻ നേതൃത്വം ഏറ്റെടുത്തത്.  ഗ്രൂപ്പ് പരിപാടികൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.

ഡി സി സി അധ്യക്ഷന്മാരായി ഹൈക്കമാന്റിന് നൽകിയ പട്ടികയ്ക്ക് അംഗീകാരം ലഭിക്കുന്നതിനു മണിക്കൂറുകൾ മുൻപുവരെ പരാതികൾ ഉയർന്നു. ഗ്രൂപ്പ് നേതാക്കൾക്കിടയിൽ വലിയ നിരാശയുണ്ടാക്കിയതായാണ് അവസാനം ഉണ്ടായിരിക്കുന്ന റിപ്പോർട്ട്. രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിൽ നിന്നും ഒരാൾക്ക് മാത്രമാണ് പരിഗണന ലഭിച്ചതെന്നാണ് ഇപ്പോഴത്തെ പ്രധാന പരാതി. ചെന്നിത്തലയെ വെട്ടിയൊതുക്കിയെന്നും, മുല്ലപ്പള്ളിയെ പരിഗണിച്ചില്ലെന്നുമൊക്കെ പരാതികൾ ഉയർന്നു കഴിഞ്ഞു. കോൺഗ്രസ് ആയതിനാൽ പൊതു ജനം ഇതിനൊന്നും ചെവി കൊടുക്കാറില്ലല്ലോ…

‘അടി’വച്ച് ….അടിവച്ച് മുന്നോട്ട്….


തൃശ്ശൂർ കോർപ്പറേഷനിലും പാലക്കാട്, തൃക്കാക്കര നഗരസഭകളിലും ഭരണ-പ്രതിപക്ഷ കക്ഷികൾ ഏറ്റുമുട്ടിയത് ഒരേ ദിവസമായിരുന്നു. തൃശ്ശൂരിൽ നഗരവികസനവുമായി ബന്ധപ്പെട്ടുള്ള തർക്കം, പാലക്കാട് ജീവനക്കാരില്ലാത്തതിനാൽ അനുമതികൾ ലഭിക്കാത്തതുമായുള്ള തർക്കം, തൃക്കാക്കരയിൽ തർക്കം പണക്കിഴി വിവാദം.
തൃശ്ശൂരിൽ സി പി എം പിന്തുണയോടെ കോൺഗ്രസ് വിമതനാണ് മേയർ.
മാസ്റ്റർ പ്ലാൻ ജന വിരുദ്ധമാണെന്നും അത് റദ്ദാക്കാൻ പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് കോർപ്പറേഷൻ യോഗത്തിൽ കോൺഗ്രസ് കൗൺസൽമാർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം കനത്തതോടെ കയ്യാങ്കളിയിലെത്തി. തുടർന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം രാപ്പകൽ സമരമായി മാറി, നിയാഴ്ചവരെ പ്രതിഷേധം നീണ്ടു.  


 പാലക്കാട് ബി ജെ പിയാണ് ഭരണക്കാർ. തൃക്കാക്കരയിൽ കോൺഗ്രസ് ഭരണമാണ്. ഓണത്തിന് പണക്കിഴി നൽകി വിവാദത്തിൽ പെട്ടിരിക്കുന്ന നഗരസഭാ അധ്യക്ഷ രാജിവെക്കണമെന്നാണ് തൃക്കാക്കരയിലെ വിവാദങ്ങൾക്ക് കാരണം. പണം കൈമാറിയതിനെ കുറിച്ചുള്ള അന്വേഷണം തടസപ്പെടുത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്താലായും സി സി ടി വി ദൃശ്യങ്ങൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം നിയോഗിച്ച കമ്മീഷൻ, നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ രക്ഷിച്ചെടുക്കാൻ ശ്രമം നടത്തവെയാണ് പ്രതിഷേധവും അന്വേഷണവുമൊക്കെ നടന്നത്. എല്ലാവരും ഭരണത്തിൽ അടിവച്ച് അടിവച്ച് മുന്നേറുകയാണ്.

കൊച്ചിയെ മയക്കുമരുന്ന് ഹബ്ബാക്കി മാറ്റുന്നത് ആരാണ് ?

കൊച്ചി പഴയ കൊച്ചിയല്ല എന്നൊരു സിനിമാ ഡയലോഗുണ്ട്. സത്യമാണ് കൊച്ചി പഴയ കൊച്ചിയല്ല, ചോട്ടാ മുംബൈ ആയി കൊച്ചി മാറിയിട്ട് കുറച്ചുകാലമായി. മയക്കുമരുന്നിന്റെയും അധോലോക നായകരുടെയും കേന്ദ്രമായി കൊച്ചി മാറി. ഗോവയിൽ നിന്നും പോണ്ടിച്ചേരിയിൽ നിന്നും മയക്കുമരുന്ന് ലോബികൾ കൊച്ചി ലക്ഷ്യമാക്കി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് ഒഴുകുന്നത്.
എന്തുകൊണ്ടാണ് കൊച്ചി മയക്കുമരുന്നിന്റെ പ്രധാന കേന്ദ്രമായി മാറുന്നത് ? . പൊലീസിന്റെയും മറ്റ് ഉന്നതരുടെയും സഹായം വേണ്ടുവോളം ലഭിക്കുന്നതാണെന്നാണ് ആരോപണം. കൊച്ചിയിൽ രസഹ്യമായി ആർക്കും തങ്ങാം. വിദേശികളും സ്വദേശികളുമായ നിരവധി സംഘങ്ങളാണ് കൊച്ചിയിലും മൂന്നാറിലുമായി മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിക്കുന്നത്. പലതവണ മാധ്യമങ്ങൾ ഈ അധോലോകങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടും പൊലീസും എക്‌സൈസും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. വൻ ലാഭമുണ്ടാവുന്ന ബിസിനസാണ് മയക്കുമരുന്നിന്റേത്. ബംഗ്ലൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയ വലിയൊരു സംഘത്തെ കഴിഞ്ഞ വർഷം പിടികൂടിയിരുന്നു. അവരിൽ ഏറെ പേരും മലയാളികളും കൊച്ചി സ്വദേശികളുമായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് മാരകമായ മയക്കുമരുന്ന് ലോബികളാണ് പ്രവർത്തിക്കുന്നതെന്ന് സാധാരണക്കാർക്ക് പോലും അറിയാം. എന്നാൽ ഇതൊന്നും പൊലീസ് അറിയുന്നില്ല.

കഴിഞ്ഞ ദിവസം കാക്കനാടു നിന്നും വൻതോതിൽ മയക്കുമരുന്നുമായി  പിടികൂടിയ അഞ്ചംഗസംഘത്തെ രക്ഷിക്കുന്നതിനുള്ള ശ്രമം നടത്തിയത് എക്‌സൈസ് സംഘമാണ്. അന്താരാഷ്ട്ര ബന്ധമുള്ള ഈ സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വൻ ശക്തികൾ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. കാരിയർ മാരെ മാത്രം പിടികൂടുകയും , ഉന്നത ഇടപെടലുകൾ ഉണ്ടാവുമ്പോൾ അവർക്ക് രക്ഷപ്പെടാനുള്ള മാർഗങ്ങൾ ഉണ്ടാക്കുകയുമാണ് അധികൃതർ ചെയ്യുന്നത്.
ഇത് തുടർന്നാണ് ഗോവപോലെ, മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാറുമെന്നതിൽ സംശയിക്കേണ്ടതില്ല.

വാൽകഷണം :
ഹരിത കേസിൽ സമവായം ആയെന്ന് എം കെ മുനീർ. എന്നാൽ കേസ് പിൻവലിക്കില്ലെന്ന് ഹരിത നേതാക്കൾ. ലീഗിന്റെ സ്വന്തം നിറമായ പച്ച പറിച്ച് ഹരിതയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടും ഹരിത നേതാക്കൾ ഒതുങ്ങിയില്ല.  പച്ചത്തെറി വിളിച്ച നേതാക്കളെ പുറത്താക്കാതെ സമവായത്തിനില്ലെന്നാണ് ഹരിതയുടെ നിലപാട്.  

LEAVE A REPLY

Please enter your comment!
Please enter your name here