കൊച്ചി: കൊച്ചി പഴയ കൊച്ചിയല്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ഉരുട്ടിക്കൊണ്ടുപോയി സ്ഥാനം മാറ്റാവുന്ന ബഹുനില മൊബൈല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം കൊച്ചിയിലും എത്തി. ഇടപ്പള്ളി ജംഗ്ഷനില്‍ ചൊവ്വാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്ന അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 67-ാമത് പദ്ധതിയായ അസറ്റ് കോറിഡോര്‍ എന്ന കെട്ടിടസമുച്ചയത്തിന്റെ ഭാഗമായാണ് പുതിയ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഭൂമിയ്ക്ക് തീവിലയുള്ള ഇടപ്പള്ളിയില്‍ രണ്ടു കാര്‍ പാര്‍ക്കു ചെയ്യാവുന്ന സ്ഥലത്ത് 12 കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാക്കിയിരിക്കുന്നതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. സാധാരണ കാണപ്പെടുന്ന പസില്‍ പാര്‍ക്കിംഗ് (puzzle parking) എന്നറിയപ്പെടുന്ന ബഹുനില പാര്‍ക്കിംഗ് സംവിധാനത്തില്‍ ചലിക്കുന്ന ഭാഗങ്ങളും ബെയറിംഗുകളും അധികമുണ്ടാകും. എന്നാല്‍ സ്റ്റാക്ക് പാര്‍ക്കിംഗ് എന്ന ഈ നൂതന മാതൃകയില്‍ മൂവിംഗ് പാര്‍ടുകള്‍ കുറവാണെന്നും അതിനാല്‍ത്തന്നെ മെയിന്റനന്‍സും ബ്രേക്ഡൗണ്‍ സാധ്യതകളും പരമാവധി കുറഞ്ഞിരിക്കുമെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു.

മാനുവലായി പ്രവര്‍ത്തിപ്പിക്കാവുന്ന ഈ പാര്‍ക്കിംഗ് സംവിധാനം കാറോടിച്ചെത്തുന്ന ആള്‍ക്ക് പരസഹായം കൂടാതെ ഡിജിറ്റലായി ഓപ്പറേറ്റ് ചെയ്യാമെന്ന സൗകര്യവുമുണ്ട്. താഴത്തെ സ്ലോട്ടില്‍ പാര്‍ക്ക് ചെയ്യുന്ന കാര്‍ മുകളില്‍ സ്ഥലമുണ്ടെങ്കില്‍ ആളുകള്‍ ഇറങ്ങിയ ശേഷം ഓട്ടോമാറ്റിക്കായി മുകളിലേയ്ക്ക് പോകും. ഓരോ സ്ലോട്ടിനും നമ്പറുണ്ടാകും. സ്ലോട്ടിന്റെ നമ്പര്‍ അമര്‍ത്തിയാല്‍ ആ സ്ലോട്ടിലെ കാര്‍ താഴേയ്ക്കു വരും. അടിയന്തരസാഹചര്യങ്ങളില്‍ മാനുവലായും പ്രവര്‍ത്തിപ്പിക്കാം.

96 ചതുരശ്ര അടി വലിപ്പമുള്ള സെല്‍ഫി അപ്പാര്‍ട്ടുമെന്റുകളും 1000 ച അടി മുതല്‍ വിസ്തൃതിയുള്ള റീടെയില്‍, ഓഫീസ് സ്പേസുകളുമുള്ള കേരളത്തില ആദ്യത്തെ സ്ട്രീറ്റ് മാളാണ് അസറ്റ് കോറിഡോര്‍ എന്നതും സവിശേഷതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here