കവിതയില്‍ ജനിച്ച്, കവിതയില്‍ വളര്‍ന്ന്, കവിതയില്‍ മരിച്ച കവിയാണ് ഒ.എന്‍.വി.സാര്‍. ഇനി ഒരു ജന്‍മമുണ്ടെങ്കില്‍ കവിയായി തന്നെ ജനിക്കുമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കവിതയ്ക്കും ഗാനത്തിനും അതിര്‍വരമ്പുകളില്ലെന്നു തെളിയിച്ച സ്‌നേഹശീലനായ ആത്മീയഗുരുനാഥനായിരുന്നു പ്രിയകവി.
1931-ല്‍ ജനനം. 1957-ല്‍ മഹാരാജാസ് കോളേജ് അദ്ധ്യാപകന്‍. 1958-ല്‍ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അദ്ധ്യാപകനായതോടു കൂടി കവിതാരചനയില്‍ അതീവശ്രദ്ധാലുവായി.
2007-ല്‍ ജ്ഞാനപീഠം, 2008-ല്‍ എഴുത്തച്ഛന്‍ അവാര്‍ഡ്, പത്മഭൂഷന്‍ എന്നിവയ്ക്കു പുറമെ, ഏറ്റവും നല്ല ഗാനരചനയ്ക്ക് പതിമൂന്ന് പ്രാവശ്യം സംസ്ഥാന അവാര്‍ഡ് കൂടാതെ, മറ്റു ധാരാളം പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും ഭാഷയുടെ ഒരു പ്രത്യേക സംസ്‌ക്കാരശൈലിയുണ്ടായിരുന്നു. ‘കുഞ്ഞേടത്തി’ എന്ന കവിതയാണ് ആദ്യം എന്റെ മനസ്സിന്റെ ചെപ്പില്‍ ഓടിയെത്തുന്നത്. ഈ കവിത അദ്ദേഹം തന്നെ ആലപിച്ചിട്ടുള്ള ഒരു കാസറ്റ് പലപ്രാവശ്യം ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. നല്ല ശീലങ്ങളും അടുക്കും ചിട്ടയും സ്‌നേഹശീലവുമുള്ള ഒരു വന്ദ്യഗുരുനാഥന്റെ കര്‍ക്കശമായ ഉപദേശങ്ങള്‍ ചിലര്‍ക്ക് അദ്ദേഹം മുശടനായിത്തോന്നിയേക്കാം. എന്നാല്‍, ഒരു ദീനാനുകമ്പയുള്ള കവിയുടെ ഹൃദയം പലപ്പോഴും പാവപ്പെട്ടവര്‍ക്കുവേണ്ടി തുടിക്കാറുണ്ടായിരുന്നു. തീവ്രവാദികളാല്‍ കൈ അറ്റുപോയ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ ജോസഫ് സാറിനെ പല ആത്മീയനേതാക്കളും പടിക്കു തള്ളി പുറത്താക്കിയപ്പോള്‍ സ്‌നേഹത്തോടെ ഒരു കവിതയും 25000 രൂപയുടെ ചെക്കും അയച്ചുകൊടുത്ത കാരുണ്യവാനായിരുന്നു അദ്ദേഹം. സാമൂഹിക-സംസ്‌കാരിക-സാഹിത്യ രംഗത്തെ സൂര്യദേവനായിരുന്നു ഇദ്ദേഹം.
എല്ലാവരുടെയും കവിതകളും ഗാനങ്ങളും മനസ്സില്‍ കുടിയിരിക്കുക സാദ്ധ്യമല്ല. വയലാറിന്റെ കവിതകള്‍ മനസ്സിന്റെ ചെപ്പില്‍ പതിഞ്ഞിരിക്കുന്നതുപോലെ വളരെ മൃദുത്വവും, ആശയവും, സംഗീതവും തുളുമ്പുന്നതായിരുന്നു ഒ.എന്‍.വി.യുടെ കവിതയും ഗാനങ്ങളും.
മനസ്സില്‍ പതിഞ്ഞിട്ടുള്ള ചില ഗാനങ്ങള്‍
1. നീര്‍മിഴിപീലികള്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ വന്നു…
2. മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി….
3. ഒരുവട്ടം കൂടിയെന്‍…
4. മെല്ലെ മെല്ലെ മുഖപടം….
5. തുമ്പി വാ തുമ്പകുടത്തില്‍….
6. അരികില്‍ നീ….
7. മലരൊളിയെ മന്ദാരമലരേ മഞ്ചാടി മണിയേ…
എന്നു തുടങ്ങുന്ന പുതിയ ഗാനവും പ്രശസ്തിയാര്‍ജ്ജിച്ചതാണ്. അതുപോലെ, നഖക്ഷതങ്ങള്‍, വൈശാലി, പഴശ്ശിരാജാ എന്ന ചിത്രങ്ങളും ഒ.എന്‍.വി.യുടെ വരികള്‍കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട്.
പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ- നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നുള്ള ചില വിപ്ലവഗാനങ്ങളും നമ്മെ കോള്‍മയിര്‍ കൊള്ളിച്ചിട്ടുണ്ട്. കെ.പി.എ.സി.വളര്‍ന്നു പന്തലിച്ചതിന്റെ പിന്നില്‍ ഒ.എന്‍.വി.യുടെ പങ്കും മറക്കാവുന്നതല്ല.
ചലച്ചിത്ര ഗാനരചനയ്ക്ക് ഒരു പുതിയ സംസ്‌ക്കാരനക്ഷത്രം തെളിയിക്കുവാന്‍ ഗാനരചയിതാവെന്ന നിലയില്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പുതിയ അടിപൊളി ഗാനങ്ങള്‍ മോശമാണ് എന്നര്‍ത്ഥമില്ല. അതിന് അതിന്റേതായ ആവശ്യകതയും ആവേശവുമുണ്ട്. പക്ഷേ, ഒ.എന്‍.വി.യുടെ ഭാഷാശൈലി വ്യത്യസ്ഥമായിരുന്നു. കുമാരസംഭവം എന്ന ചലച്ചിത്രത്തിന് വയലാറും ഒ.എന്‍.വി.യും ഗാനങ്ങളെഴുതിയതില്‍ മെച്ചപ്പെട്ട ഗാനങ്ങള്‍ ഒ.എന്‍.വി.യുടേതായിരുന്നുവെന്ന് ഒരിക്കല്‍ വയലാര്‍ പോലും പറഞ്ഞിട്ടുണ്ട്. രണ്ടുപേരുടെയും കെമിസ്ട്രി ഒന്നു തന്നെയായിരുന്നിരിക്കാം. ആയതിനാല്‍ രണ്ടുപേരുടെയും ഗാനങ്ങള്‍ മനസ്സിന്റെ ചെപ്പില്‍ മായാതെ കിടക്കുകയും ചെയ്യും.
21- വയസ്സില്‍ ഒരു പുരുഷായുസ്സിനു ചെയ്യാവുന്നതില്‍ കൂടുതലും ഒ.എന്‍.വി. ചെയ്തിട്ടുണ്ടെന്ന് മുണ്ടശ്ശേരി മാഷ് പറഞ്ഞത് ഇത്തരത്തരുണത്തില്‍ ഓര്‍ക്കുന്നു. തൂലിക പടവാളാക്കിയ മലയാളസാഹിത്യസൂര്യതേജസ്സ് അസ്തമിക്കുമ്പോള്‍ ഒരു പിടി ഓര്‍മ്മകളുമായി ജനങ്ങള്‍ വിങ്ങിപ്പൊട്ടുന്നതില്‍ അതിശയോക്തിയില്ല. അദ്ദേഹമെഴുതിയ ഗാനങ്ങളിലും കവിതകളിലും പ്രണയം നിറഞ്ഞുതുളുമ്പി നിന്നിരുന്നു. 82 വയസ്സിലും 83- വയസ്സിലും എഴുതിയ ഗാനങ്ങളില്‍ പോലും പ്രണയത്തിന്റെ മാധുര്യവും, സ്‌നേഹവും തുളുമ്പി നിന്നിരുന്നതില്‍ ചില പുതിയ കവികള്‍ക്കുപോലും അസൂയ തോന്നിയിട്ടുണ്ട്. പ്രണയവും,  വിപ്ലവവും,  ആശയവും തുളുമ്പുന്ന കവിതകളും, ഗാനങ്ങളും രചിക്കാന്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചാലുകളില്‍ കൂടി സഞ്ചരിക്കുവാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ല.
ചില വ്യക്തികള്‍ അദ്ദേഹത്തെ ചില പാര്‍ട്ടിയില്‍ മന:പൂര്‍വ്വം മുക്കിയെടുത്തതാണെന്നു പറയുന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ജീവിതശൈലിയിലും രചനകളിലും ഇതു നമുക്ക് വ്യക്തമായി കാട്ടിത്തരുന്നുണ്ട്.
ഒ.എന്‍.വി. മാഷിന്റെ വിയോഗത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ള കവിതകളും ഗാനങ്ങളും മാത്രമല്ല നമുക്ക് മുതല്‍കൂട്ട്. അദ്ദേഹത്തിന്റെ ജീവിതശൈലിയും ആദര്‍ശവും, സത്യസന്ധതയും, കാരുണ്യവും സമത്വവും മതേതരത്വവും നമുക്ക് തന്നിട്ടുള്ള വിലയേറിയ സ്വത്തുക്കളാണ്. അതു കാത്തു പരിപാലിക്കാനും മാതൃകയാക്കുവാനും പുതിയ തലമുറക്കാരായ നാം കടപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആ വന്ദ്യപുണ്യനായ പ്രിയപ്പെട്ട ഞങ്ങളുടെ കവിക്ക് അമേരിക്കന്‍ മലയാളികളുടെ കണ്ണീര്‍ പ്രണാമം….
കുഞ്ഞേടത്തി (കവിത) : https://www.youtube.com/watch?v=n8LPV4qRmWc

LEAVE A REPLY

Please enter your comment!
Please enter your name here