• ഉദ്‌ഘാടനം ദർബാർ ഹാൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ്
  • മന്ത്രി സജി ചെറിയാൻ ഫെല്ലോഷിപ്പുകളും സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങളും സമ്മാനിക്കും
  • 271 കലാകാരരുടെ 374 കലാസൃഷ്ടികൾ പ്രദർശനത്തിന്
  • പ്രദർശനം നാലു വേദികളിൽ

പ്രദര്‍ശനം ജൂണ്‍ 28 വരെ നീണ്ടുനില്‍ക്കും.

കൊച്ചി: കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ദൃശ്യകലാ പ്രദർശനത്തിന് ഇന്ന് (തിങ്കൾ, മെയ് 29) തുടക്കമാകും. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ലളിത കലാ അക്കാദമിയുടെ 2022-23ലെ ഫെല്ലോഷിപ്പുകളും സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങളും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിജയികൾക്ക് സമർപ്പിക്കും.

271 കലാകാരരുടെ 374 കലാസൃഷ്ടികൾ പ്രദർശനത്തിലുണ്ടാകും. എറണാകുളം ദർബാർ ഹാൾ കലാ കേന്ദ്രം, ഫോർട്ട് കൊച്ചി പെപ്പർ ഹൗസ്, കോഴിക്കോട് അക്കാദമി ആർട്ട് ഗാലറി, കായംകുളം ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം & ആർട്ട് ഗാലറി എന്നിവിടങ്ങളിലാണ് പ്രദർശനം നടക്കുക. 861 കലാകാരരുടെ 3519 സൃഷ്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവയാണ് പ്രദർശിപ്പിക്കുക.

ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ ആദരിക്കും. ബാംഗ്ലൂർ കേന്ദ്രീകരിച്ച് കലാപ്രവർത്തനം നടത്തിവരുന്ന മലയാളിയായ പ്രഭാവതി മേപ്പയിൽ, വഡോദരയിലും ലണ്ടനിലുമായി കലാപ്രവർത്തനം തുടരുന്ന തിരുവനന്തപുരം സ്വദേശിയായ ഷിബു നടേശൻ എന്നിവർക്ക് അക്കാദമി ഫെലോഷിപ്പുകൾ സമ്മാനിക്കും. ഇരുവരും നിരവധി അന്തരാഷ്ട്ര കലാപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാന പുരസ്‌കാരജേതാക്കൾ: ആമീൻ ഖലീൽ, പ്രകാശൻ കെ എസ്, ഷാൻ കെ ആർ, ശ്രീജ പള്ളം, ശ്രീനാഥ് കെ എസ് (ചിത്രം, ശിൽപം, ന്യൂ മീഡിയ, ഡ്രോയിങ്ങ്); അനു ജോൺ ഡേവിഡ് (ഫോട്ടോഗ്രഫി); കെ ഉണ്ണികൃഷ്ണൻ (കാർട്ടൂൺ).

സാംസ്‌കാരിക കാര്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് ഉദ്‌ഘാടന ചടങ്ങിൽ പ്രദർശനത്തിന്റെ കാറ്റലോഗ് പ്രകാശനം ചെയ്യും. കൊച്ചി മേയർ അനിൽകുമാർ, എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ടി ജെ വിനോദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ ആശംസകളർപ്പിക്കും. ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് സ്വാഗതം ആശ്വസിക്കും. സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ കൃതജ്ഞത അർപ്പിക്കും.

ചടങ്ങിനോടനുബന്ധിച്ച് വൈകിട്ട് 4 മണിക്ക് ആർ എൽ വി വിജയകൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചാരിമേളവും 6 മണിക്ക് ശങ്ക ട്രൈബ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയും നടക്കും.

പ്രദര്‍ശനം ജൂണ്‍ 28 വരെ നീണ്ടുനില്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here