ആഷാ മാത്യു

കേരളത്തില്‍ അമ്പത് പുതിയ നഴ്സിംഗ് കോളേജുകള്‍ കൂടി തുടങ്ങുന്നതിനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനു പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് തന്നെയാണ് എന്നതില്‍ സംശയമില്ല. ഇന്ന് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്യപ്പെടുന്നത് എന്താണെന്ന് ചോദിച്ചാല്‍ അത് ഇവിടെ നിന്നുള്ള നഴ്സുമാരാണെന്ന് പറയേണ്ടി വരും. ആ രീതിയിലാണ് ഇവിടെ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ കുതിച്ചു ചാട്ടം. നഴ്സിംഗ് പോലെ ഇത്രയധികം ഡിമാന്‍ഡുള്ള ഒരു പ്രൊഫഷണല്‍ കോഴ്സിന് കേരളത്തില്‍ പരിമിതമായ പഠന സൗകര്യങ്ങളും അതിനു ശേഷം തുച്ഛമായ ശമ്പളവും മാത്രം ലഭിക്കുമ്പോള്‍ വിദേശ രാജ്യങ്ങള്‍ ഇവിടെ നിന്നുള്ള നഴ്സുമാരെ ക്ഷണിക്കുന്നത് കൈനിറയെ ശമ്പളവും മറ്റനവധി ആനുകൂല്യങ്ങളും ഉയര്‍ന്ന ജീവിത സൗകര്യങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടാണ്. ഫലമോ നഴ്സിംഗ്് പഠനത്തിനു ശേഷം കേരളത്തില്‍ ജോലി ചെയ്യാന്‍ നഴ്സുമാരെ കിട്ടാനില്ല എന്ന അവസ്ഥയിലായി കാര്യങ്ങള്‍.

നേരത്തേ കേരളത്തിലെ സ്വകാര്യ മാനേജുമെന്റുകളുടെ ക്രൂരമായ പെരുമാറ്റച്ചട്ടങ്ങളുടെ ഇടയില്‍ക്കിടന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ പഴയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളല്ല ഇന്നത്തെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍. ലോണെടുത്ത് പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വെച്ചും ബോണ്ട് കാലാവധി കഴിയും വരെ അടിമപ്പണിയെടുപ്പിച്ചും തുച്ഛമായ ശമ്പളം നല്‍കിയും നഴ്സിംഗ് വിദ്യാര്‍ത്ഥികളെ കൊല്ലാക്കൊല ചെയ്യാന്‍ മാനേജ്മെന്റുകള്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍ ഇന്നത് ചിന്തിക്കാന്‍ കൂടി കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞു കഴിഞ്ഞു.

നാലായിരവും അയ്യായിരവും മാസ ശമ്പളം വാങ്ങി അടിമപ്പണിയെടുത്തിരുന്ന നഴ്സുമാരുടെ കാലം കഴിഞ്ഞു. ഇനി അങ്ങനെയൊരു തലമുറയില്ല. നേരത്തേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നത് വരെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യാതെ തരമില്ലായിരുന്നു. എല്ലാവിധ ചൂഷണങ്ങളും സഹിച്ച് ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്നതു വരെ ഓവര്‍ടൈം ജോലി ചെയ്ത് ആത്മഹത്യയുടെ വക്കില്‍ വരെയെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥികളില്‍ പലരും കഷ്ടതയുടെ കാലത്തെ കടന്നു വെച്ചത് ഇതിനെല്ലാം ശേഷം വന്ന വിദേശ അവസരങ്ങള്‍ കൊണ്ടു മാത്രമാണ്. ഇവിടെ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശമ്പളം വിദേശ രാജ്യങ്ങളില്‍ മാസങ്ങള്‍ കൊണ്ട് ഉണ്ടാക്കാമെന്ന സ്ഥിതി വന്നപ്പോള്‍ നഴ്സുമാര്‍ കടല്‍ കടന്നു തുടങ്ങി.

ഇങ്ങനെ ഉയര്‍ന്നു പറക്കാന്‍ നഴ്സുമാര്‍ക്ക് ചിറകുകള്‍ തുന്നിയ ഒരു വലിയ വിഭാഗം മനുഷ്യര്‍ ഇതിനിടയിലുണ്ട്. പ്രവാസി മലയാളികളും അതില്‍ ഭാഗഭാക്കായി. ബോണ്ട് സമ്പദ്രായം അവസാനിപ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്ന രീതി നിര്‍ത്തിവെപ്പിക്കാനും നഴ്സാകാനുള്ള യോഗ്യതാ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്താനുമൊക്കെ ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇടപെടലുകള്‍ക്ക് സാധിച്ചു. ‘പിയാനോ’  എന്ന പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍, അന്ന് കേരളത്തിലെ നഴ്സുമാര്‍ക്ക് നല്‍കിയ ശക്തമായ പിന്തുണ എടുത്തു പറയേണ്ടതാണ്. പ്രവാസി മലയാളിയും കോതമംഗലം സ്വദേശിയുമായ വിന്‍സെന്റ് ഇമ്മാനുവലും അദ്ദേഹത്തിന്റെ ഭാര്യയും പിയാനോയുടെ സ്ഥാപക പ്രസിഡന്റും കൂടിയായ ബ്രിജിത്ത് വിന്‍സെന്റും അന്ന് നടത്തിയ ഇടപെടലുകള്‍ വലിയ വഴിത്തിരിവായിരുന്നു. നഴ്സുമാരുടെ വിഷയം സുപ്രീംകോടതിയുടെ വരെ ശ്രദ്ധയില്‍ പെടുത്താനും നഴ്സാകാനുള്ള യോഗ്യതാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്താനും അന്ന് വിന്‍സെന്റ് ഇമ്മാനുവല്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു.

കേരളത്തിലെ നഴ്‌സുമാര്‍ സഹിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേയുള്ള അണിചേരലുകള്‍ക്ക്, അമേരിക്കയിലെയും ഇന്ത്യയിലെയും തൊഴില്‍ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ച പിയാനോ ആരോഗ്യപരിപാലനരംഗത്ത് ലോകത്തിന് മാതൃക തീര്‍ത്ത കേരളത്തില്‍, സ്മാര്‍ട്ട് ഫോണ്‍ നൂറ്റാണ്ടില്‍ നിലനിക്കുന്ന നഴ്‌സ് തൊഴില്‍ ചൂഷണം സകല രാഷ്ട്രീയ-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ബിസിനസ് തലപ്പത്തിരിക്കുന്നവരുടെ ദുഷ്ട മനസ്സുകളെ തുറന്നുകാട്ടുന്നുവെന്ന് ആരോപിക്കുകയും ഈ കിരാതത്വം എത്രയും പെട്ടെന്ന് പരിഹരിക്കുവാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കനത്ത ലോണെടുത്ത് പഠിച്ചിറങ്ങുന്ന മലയാളികളായ നഴ്‌സുമാര്‍ തുച്ഛമായ കൂലിക്ക് ഇന്ത്യയിലെയും കേരളത്തിലെയും ആശുപത്രി മുതലാളിമാര്‍ക്ക് തങ്ങളുടെ ജീവിതം തീറെഴുതി നല്‍കണമെന്ന ദുരാര്‍ത്തി പൈശാചികമാണെന്നും നഴ്‌സുമാരുടെ ന്യായമായ മനുഷ്യാവകാശത്തിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുന്നത് കടുത്ത വിരോധാഭാസമാണെന്നും പിയാനോ വിമര്‍ശനമുന്നയിച്ചു.

നഴ്‌സുമാരുടെ വിഷയങ്ങളില്‍ തുടക്കം മുതല്‍ സജീവമായി ഇടപെട്ട ഉഷാ കൃഷ്ണകുമാര്‍, ലൈലാ പീറ്റര്‍ എന്നീ പേരുകളും ഒരിക്കലും മാറ്റി നിര്‍ത്താനാകില്ല. സ്വകാര്യ മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഇഷ്ടാനുസരണം സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വെക്കുന്ന രീതി നഴ്‌സുമാരുടെ ആത്മഹത്യയ്ക്ക് വരെ കാരണമായ ദാരുണമായ സംഭവങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബോണ്ടെഴുതി വാങ്ങുന്ന സമയത്ത് സര്‍ട്ടിഫിക്കറ്റുകളും ആശുപത്രി മാനേജ്‌മെന്റുകള്‍ വാങ്ങിവെക്കും. കാലാവധി പൂര്‍ത്തിയാക്കാതെ പോകുകയാണെങ്കില്‍ അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഈ കുരുക്ക്. ഇത്തരത്തില്‍ മുംബൈയിലെ ഒരാശുപത്രിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു കിട്ടാനായി കഠിന പരിശ്രമം നടത്തിയിട്ടും ലഭിക്കാതായതോടെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം വലിയ ഞെട്ടലോടെയാണ് അന്ന് രാജ്യം കേട്ടത്. മറ്റൊരവസരത്തില്‍ നല്ലൊരു ജോലി ലഭിച്ചിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതായ നഴ്‌സുമാരിലൊരാള്‍ കോടതി വരെ കയറിയിറങ്ങി പ്രത്യേക അനുമതി വാങ്ങിയാണ് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിയത്. അല്ലായിരുന്നെങ്കില്‍ അതും മറ്റൊരു ദുരന്തത്തില്‍ കലാശിച്ചേനെ.

ഇത്തരം ദാരുണ സംഭവങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറിയതോടെയാണ് നഴ്‌സുമാര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഒരു സംഘടന തന്നെ രൂപം കൊണ്ടത്. നഴ്‌സ് വെല്‍ഫയര്‍ അസോസിയേഷനെന്ന സംഘടനയ്ക്ക് കീഴിലാണ് നഴ്‌സുമാര്‍ അന്ന് അണി നിരന്നത്. രണ്ടായിരത്തിലധികം മലയാളി നഴ്‌സുമാരാണ് സംഘടനയില്‍ അംഗങ്ങളായുണ്ടായിരുന്നത്. ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറയാനൊരിടമില്ലാതെ ഒറ്റപ്പെട്ട ഒരു വിഭാഗത്തെ ഒരുമിച്ചു ചേര്‍ത്തപ്പോള്‍ അത് പലതിന്റേയും തുടക്കമാവുകയായിരുന്നു. സംഘടനയുടെ ജീവനാഡിയായ അസോസിയേഷന്‍ പ്രസിഡന്റ് ഉഷാ കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ലൈലാ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയുധം കയ്യിലെടുക്കാതെ ആക്രോശങ്ങളുയര്‍ത്താതെ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പോരാടി. സഹൃദയരായ നിരവധി അമേരിക്കന്‍ മലയാളികള്‍ പിയാനോയ്‌ക്കൊപ്പം പിന്തുണ പ്രഖ്യാപിച്ചു. പിയാനോ മുന്‍ പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് നടവയല്‍, ഭാര്യ ബ്രിജിറ്റ് പാറപ്പുറത്ത് തുടങ്ങി പ്രവാസികളായ നിരവധിയാളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും രംഗത്തു വന്നു.

നിരന്തരമായ ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. നഴ്സിംഗ് മേഖലയില്‍ മാറ്റങ്ങളുണ്ടായി. ബോണ്ട് സമ്പദായവും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വെക്കുന്ന രീതിയ്ക്കും അവസാനമായി. ഇന്നിപ്പോള്‍ കേരളത്തില്‍ നഴ്സിംഗ് പഠിക്കുന്നവര്‍ക്ക് മുന്നില്‍ ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. എത്രയും വേഗം കോഴ്സ് പൂര്‍ത്തിയാക്കുക. ഉടന്‍ തന്നെ വിദേശത്തേക്ക് കുടിയേറുക. എക്സ്പീരിയന്‍സ് പോലും ചോദിക്കാതെ ജോലിയും ഉയര്‍ന്ന ശമ്പളവും വെച്ചുനീട്ടി വിദേശ രാജ്യങ്ങള്‍ കാത്തിരിക്കുന്നു. ഫലമോ, കേരളത്തില്‍ നഴ്സുമാരുടെ ഭീമമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവിടെ ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥ. അര്‍ഹമായ അംഗീകാരം ലഭിക്കാത്തിടത്ത് തങ്ങള്‍ ജോലി ചെയ്യില്ലെന്ന നഴ്സുമാരുടെ ഉറച്ച തീരുമാനം സംസ്ഥാനത്തിന് തിരിച്ചടിയായിത്തുടങ്ങി.

ഇനി മാറ്റങ്ങളുണ്ടാകണം. അല്ല ഉണ്ടായിത്തുടങ്ങി എന്നു തന്നെ പറയാം. പുതിയ നഴ്സിംഗ് കോളേജുകളുടെ അനുമതി അതിനുള്ള ആദ്യ പടിയാണ്. കേരളത്തില്‍ നഴ്സുമാര്‍ 40,000വും 50,000 വും മാസ ശമ്പളം വാങ്ങുന്ന സമയം ഇനിയൊട്ടും വിദൂരമല്ല. അതല്ലാതിനി നഴ്സുമാരെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരു നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണ്. ഈ രീതിയില്‍ തങ്ങളുടെ ശമ്പളവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ വീണ്ടും സമരത്തിനിറങ്ങിക്കഴിഞ്ഞു. ഈ ആവശ്യം അംഗീകരിക്കാതെ കേരളത്തിലെ ആശുപത്രി വ്യവസായത്തിന് ഒരുപാടു കാലം മുന്നോട്ടുപോകാനാകില്ല. മിനിമം വേതനം ഇനിയും പുതുക്കേണ്ടി വരും. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഇരട്ടിയായി വര്‍ധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്.

ആരും അവശേഷിക്കാതെ പഠിച്ചിറങ്ങുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും കടല്‍ കടക്കുന്ന സമയം ഒട്ടും വിദൂരമല്ലാത്തതിനാല്‍ ഇവിടെ അവരാവശ്യപ്പെടുന്ന ശമ്പളം നല്‍കുക മാത്രമാണ് പോംവഴി. അതല്ലായെങ്കില്‍ ആതുരാലയങ്ങള്‍ ഇവിടെ പേരില്‍ മാത്രമാകും പ്രവര്‍ത്തനത്തില്‍ ഉണ്ടാകില്ല. അര്‍ഹിക്കുന്ന പ്രതിഫലം മാത്രമാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നതെന്നതിനാല്‍ നിരസിക്കാന്‍ നിര്‍വ്വാഹമില്ലാതാകും. തൊഴിലധിഷ്ടിത കോഴ്സുകളോടുള്ള യാഥാസ്ഥിതിക സമീപനങ്ങള്‍ മാറിത്തുടങ്ങി. പിന്തിരിപ്പന്‍ ഇടപെടലുകള്‍ അവസാനിച്ചുതുടങ്ങുമ്പോള്‍ കേരളത്തിലും നഴ്സുമാര്‍ക്ക് നല്ല ഭാവി ഉറപ്പാണ്. അതല്ലായെങ്കില്‍ ആരോഗ്യമേഖലയിലെ കേരളത്തിന്റെ ഭാവി തുലാസിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here