പ്രസവം
********

കുട്ടി പന്ത്രണ്ടാം ക്‌ളാസ് ജയിച്ചു ഡിഗ്രി എന്ന സ്വപ്നവുമായി നടക്കുന്ന കാലം.അപ്പോളാണ് ആ സ്വപ്നത്തിന്റെ മേലെ ഇടിവീണതു പോലെ ജാതകദോഷം കണ്ടുപിടിച്ചത്..എട്ടു മാസത്തിനുള്ളിൽ കെട്ടിച്ചു തലയിൽ നിന്ന് ഒഴിവാക്കിയില്ലേൽ “ഒന്പത് വർഷത്തേക്ക് കല്യാണയോഗമില്ല” എന്ന ജ്യോൽസ്യരുടെ ഒറ്റവാക്കിൽ കുട്ടിയുടെ ‘അമ്മ തലയും കുത്തി വീണു. അങ്ങനെ കൊണ്ടുപിടിച്ച പെണ്ണുകാണൽ മത്സരം തുടങ്ങി

കുട്ടിയെ പറ്റി പറയുകയാണെങ്കിൽ നല്ല അച്ചടക്കമുള്ള കുട്ടി. ആഗ്രഹങ്ങൾ ഒക്കെ വളരെ ചെറുത്. പെണ്ണുകാണാൻ വന്ന ചെക്കന് കൊടുക്കാൻ വച്ച പലഹാരം പ്ലേറ്റിൽ എടുത്തതിന്റെ ബാക്കി അനിയത്തി അടുക്കളയിൽ കടന്നു പാവാടയുടെ കീശയിൽ ഇടുംവരെ ചെക്കന്റെ മുന്നിൽ അച്ചടക്കത്തിൽ നിൽക്കുക.. അവളതു പുറകിലെ റബ്ബർ തോട്ടത്തിലെ. സ്ഥിരം ഒളിയിടത്തിൽ ഒളിപ്പിച്ചു കഴിഞ്ഞാൽ ചെക്കനും കൂട്ടരും ഇറങ്ങിയപാടെ അങ്ങോട്ടേക്ക് ഓടി അത് വൃത്തിയായി വീതം വച്ച് തിന്നുക..

പിന്നെ താഴെ റോഡിലൂടെ പോകുന്ന ആൺപിള്ളേരെ വിസിലടിച്ചു പേര് വിളിക്കുക ആരാണ് വിളിച്ചതെന്ന അവരുടെ നോട്ടത്തിനു മുന്നിൽ ഭാവമാറ്റമില്ലാതെ നിഷ്കളങ്ക മുഖവുമായി ഇരിക്കുക.. അപ്പുറത്തെ വീട്ടിലെ ഓട്ടോ ഓടിക്കാൻ വരുന്ന കാണാൻ കൊള്ളാവുന്ന ചേട്ടൻമാരുടെ സീറ്റിൽ റോസാപ്പൂ വക്കുക അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വികൃതികൾ .. അതും അനിയത്തിക്കുട്ടി കൂടെയുള്ളപ്പോൾ മാത്രം.

പെട്ടന്നൊരുനാൾ ചേട്ടനും അനിയത്തിയും പഠിക്കാൻ പോയി വീട്ടിൽ തനിച്ചായതോടെ കുട്ടി ആകെ മൂഡോഫായി.പഠിക്കാൻ പോകണം എന്ന അവളുടെ വാശിക്ക് മുന്നിൽ അവൾക്കായി ‘അമ്മ തത്കാലം സമയം പോകാൻ ഒരു മാർഗം കണ്ടെത്തി..വേറൊന്നുമല്ല നഴ്സിങ് തന്നെ

അതാവുമ്പോ പത്തു പൈസ മുടക്കേണ്ട അമ്മയുടെ ബാല്യകാലസഖിക്ക് ടൗണിൽ ഒരു കുഞ്ഞു ക്ലിനിക് ഉണ്ട് .അങ്ങനെ കുട്ടിയെ അവിടെ നഴ്സിങ് പഠിക്കാൻ കൊണ്ടുപോയി ഡോക്ടറാന്റിയുടെ കൈകളിൽ ഏല്പിച്ചു സൂചിയും ചോരയും കണ്ടാൽ തല കറങ്ങുന്ന കുട്ടി അങ്ങനെ നഴ്സിങ് പഠനം ആരംഭിച്ചു നരന്തു പോലെ ആയതുകൊണ്ട് നഴ്‌സ് ചേച്ചിമാർക്കെല്ലാം വല്യ സ്നേഹം ആയിരുന്നു കാര്യമായ പണി ഒന്നും ചെയ്യേണ്ട ഗ്ളൂക്കോസ് പൊടിയും കൈക്കുള്ളിൽ കുടഞ്ഞിട്ടു നക്കികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുക പിന്നെ ഇടയ്ക്കു നഴ്‌സ് ചേച്ചിമാരുടെ കൂടെ സ്റ്റോർ റൂമിൽ പോയി മരുന്നെടുത്തു വരിക അങ്ങനെ കുഞ്ഞുകുഞ്ഞു പണികൾ അതിനിടെ അവിൽ എന്നാൽ ശർക്കരയും തേങ്ങയും ചേർത്ത് കുഴച്ചടിക്കുന്ന സാധനം മാത്രമല്ല എന്നൊക്കെയുള്ള പുതിയ അറിവുകളും കിട്ടി..രാവിലെ ഡോക്ടറാന്റിയുടെ കൂടെ പോയി വൈകുന്നേരം മൂപ്പത്തി തിരിച്ചുപോകുമ്പോൾ വീട്ടിൽ ഇറക്കും മൊത്തത്തിൽ കുട്ടി ഹാപ്പി ആയി അന്ന് വലിയ മഴ ആയിരുന്നു ഉച്ച കഴിഞ്ഞ സമയത്താണ് ഒരു ചേച്ചിയെ പ്രസവത്തിനു കൊണ്ട് വന്നത് . ബ്ലീഡിങ് ആയതിനാൽ അടുത്തുള്ള ക്ലിനിക്കിലേക്കു കൊണ്ട് വന്നതാണ്.. ഏതായാലും ചോര കണ്ടപാടെ കുട്ടി ഓടി സ്റ്റോർ റൂമിൽ കയറി ഇരുന്നു. ഇതിനിടെ നഴ്‌സ് ചേച്ചിമാർ പരക്കം പായുന്നുണ്ട് എന്തൊക്കെയോ വെള്ളവും പോയി ബ്ലീഡിങ്ങിന്റെ കൂടെ എന്നൊക്കെയും കേട്ടു..

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിക്ക് പ്രസവവേദന തുടങ്ങി. മരുന്നു വച്ചു പ്രസവിപ്പിക്കാൻ ഉള്ള ശ്രമം ആണ്..

ഇടയ്ക്കു വലിയ ഇടിയും മിന്നലും പുറത്തു. ഉള്ളിൽ ചേച്ചിയുടെ വലിയ നിലവിളിയും കേൾക്കാം ..അപ്പോളാണ് നഴ്‌സ് ചേച്ചിയുടെ വരവ്

“കുട്ടീ വേഗം വന്നേ കറണ്ടില്ല ബൾബ് പിടിക്കണം “

കറന്റില്ലെങ്കിൽ പ്രവർത്തിക്കുന്ന ഒരു ബൾബുണ്ട് ലേബർ റൂമിൽ..അത് തിരിച്ചുപിടിച്ചു കൊടുക്കണം അതിനാണ് വിളിക്കുന്നത് കുട്ടി വന്ന ദിവസം കണ്ടതാണ് ലേബർ റൂം പിന്നെ അങ്ങോട്ട് കയറിയിട്ടില്ല.. നഴ്‌സ് ചേച്ചി സമ്മതം ഒന്നും ചോദിക്കാതെ കുട്ടിയുടെ കൈ പിടിച്ചു വേഗം ഇടനാഴിയിലൂടെ നടക്കുകയാണ് ഇടനാഴിയിൽ കുറച്ചുപേരുണ്ട്..

ചേച്ചിയുടെ ആൾക്കാരാണ് എല്ലാരും അകത്തു ചേച്ചിയുടെ കരച്ചിൽ ശബ്ദം താഴുമ്പോൾ ചേട്ടൻ റൂമിലേക്ക് എത്തിനോക്കും പെട്ടന്നു “എന്റെ മാതാവേ ” എന്ന തുടക്കവുമായി ചേച്ചിയുടെ നിലവിളി ഉയരുമ്പോൾ ചേട്ടൻ സ്പീഡിൽ നടന്നു ഇടനാഴിയുടെ അങ്ങേയറ്റത്തു പോയി നില്കും വീണ്ടും ശബ്ദം കുറയുമ്പോൾ തിരിച്ചുവരും ലേബർ റൂമിലെ ടേബിളിൽ ആ ചേച്ചി കിടക്കുന്നത് കണ്ടപ്പോൾ തന്നെ കുട്ടിയുടെ   കാൽമുട്ടുകൾ  കൂട്ടിയിടിച്ചു തുടങ്ങി ദയനീയമായ കരച്ചിലും കൂടെ കേട്ടതോടെ അതിലും ദയനീയമായി കുട്ടിയുടെ അവസ്ഥ. ഡോക്ടറാന്റിയും മൂന്ന് നഴ്‌സ് ചേച്ചിമാരും തിരക്കുപിടിച്ചു എന്തൊക്കെയോ ചെയ്യുന്നു കുട്ടിയെ കണ്ടപ്പോ തന്നെ ഡോക്ടറാന്റി പറഞ്ഞു

“ബൾബിന്റെ സ്റ്റാൻഡ് പിടിച്ചു ഇങ്ങോട്ടു തിരിക്കൂ മോളെ “

കുട്ടി പതുക്കെ ബൾബിന്റെ സ്റ്റാൻഡ് പിടിച്ചു ചേച്ചിയുടെ കാലുകൾക്കിടയിലേക്കു തിരിച്ചു പിടിച്ചു ഒറ്റയൊരു നോട്ടമേ നോക്കിയുള്ളൂ കണ്ണിൽ പെട്ടത് ആന്റിയുടെ ചോരയിൽ കുതിർന്ന ഗ്ലൗസ് ആണ് വേഗം തല തിരിച്ചു കളഞ്ഞു .കണ്ണ് മുറുക്കെ അടച്ചു വീഴാതിരിക്കാൻ ബൾബിന്റെ നീളമുള്ള സ്റ്റാൻഡിൽ പിടിച്ചു

ആകെ ബഹളം ആണ് “പുഷ്” “പുഷ് ” എന്ന ആന്റിയുടെ ശബ്ദവും “തല തന്നെയല്ലേ” എന്ന ആരുടെയോ ചോദ്യവും എല്ലാം മയക്കത്തിൽ എന്ന പോലെ കുട്ടി കേട്ടു ചേച്ചിയുടെ നിലവിളി അല്ല  ശ്വാസം പിടിക്കുന്ന ശബ്ദം മാത്രമേയുള്ളു ഇപ്പോൾ അതിനിടെ കത്രിക, ഓപ്പറേഷൻ ബ്ലേഡ് അങ്ങനെ എന്തൊക്കെയോ എടുക്കുന്നു വക്കുന്നു അതിനിടയിലൂടെ പൂച്ചയുടെ കുറുകൽ പോലൊരു ശബ്ദവും

“ബൾബ് ശരിക്കു പിടിക്കൂ കുട്ടീ ” നഴ്‌സ് ചേച്ചിയുടെ ശബ്ദം കേട്ട് കുട്ടി ബൾബ് നേരെപിടിച്ചു വെളിച്ചം കിട്ടുന്നുണ്ടോ എന്നു നോക്കിയതാണ് തലയിൽ നിറയെ മുടിയുള്ള ഒരു കുഞ്ഞുമുഖം . അതിനടിയിലൂടെ ബ്ലേഡ് വച്ച് കീറുമ്പോൾ അവന്റെ മുഖം വ്യക്തമായി കണ്ടു ആന്റി അവനെ വലിച്ചെടുക്കുകയാണ് കൂടെ കുറെ ചോരയും വേറെന്തൊക്കെയോ ദ്രാവകവും പൊക്കിൾക്കൊടിയും. രക്തത്തിന്റെ രൂക്ഷഗന്ധവും കുട്ടി നിന്ന നില്പിൽ ചുറ്റും നോക്കി ലേബർ റൂം മൊത്തം ത്രീ ഡി സിനിമ പോലെ .

എല്ലാരും അടുത്തേക്ക് വരുന്നു പുറകിലേക്ക് പോകുന്നു ഒരാൾക്കു മൂന്ന് മുഖം വരെ ഉണ്ട് ആകെയൊരു പൊകമയം.കുട്ടി നിന്ന നില്പിൽ വീഴും മുൻപ് സ്വീപ്പർ ചേച്ചിയെ അടുത്ത് കണ്ടപ്പോൾ ഒന്ന് പിടിക്കാൻ നോക്കി അതും മായ ആയിരുന്നു എന്നു പിടികിട്ടിയപ്പോളെക്കും കുട്ടി ബോധം പോയി തറയിൽ വിശ്രമിക്കുകയായിരുന്നു പതിവിന് വിപരീതമായി മകളെ താങ്ങിപ്പിടിച്ചു കയറി വരുന്ന ആന്റിയോട് ‘അമ്മ ചോദിച്ചു

“ഇവളെന്താ വാർക്കപ്പണിക്ക് ആദ്യായി പോയത് പോലെ ക്ഷീണം “?

“ഇന്നൊരു പ്രസവം ഉണ്ടായിരുന്നെടീ “

പതുക്കെ കുട്ടിയെ കസേരയിൽ ഇരുത്തുവാൻ സഹായിച്ചു കൊണ്ട് അമ്മ ചോദിച്ചു

“അതിനെന്താ ?ഇവളാണോ പെറ്റതു”?

ഇതൊക്കെ കേട്ടുകൊണ്ട് ദയനീയമായി കുട്ടി അമ്മയെ നോക്കി മനസിൽ പറഞ്ഞു

“എങ്കിലും അമ്മെ..എന്നോടിത് വേണ്ടായിരുന്നു “

അമ്മയും ആന്റിയും കൂടെ തന്റെ വീരഗാഥ പാടി ചിരിക്കുന്നതും നോക്കി തളർന്നവശയായി കുട്ടി ഇരുന്നു..ഒരു കാലത്തും എന്നെ കല്യാണം കഴിപ്പിക്കല്ലേ ദൈവമേ എന്ന പ്രാർത്ഥനയോടെ ഒരാഴ്ചത്തെ പനിക്കാലം കഴിഞ്ഞു അടുത്ത ആഴ്ച കുട്ടിയെ അച്ഛൻ കോളേജിൽ കൊണ്ടുപോയി ഡിഗ്രിക്ക് ചേർത്തു.

പ്രസവം കണ്ടു ബോധം പോയ വകുപ്പിൽ കുട്ടിക്ക് അടിച്ച ലോട്ടറി ആയിരുന്നു അത് എങ്കിലും അന്നത്തോടെ കുട്ടിക്ക് അമ്മയോട് അതുവരെയുള്ള പേടിയുടെ സ്ഥാനത്തു ബഹുമാനവും വല്ലാത്തൊരു സ്നേഹവും മാത്രമായി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here