എഴുപതു വര്‍ഷത്തിനിടെ എഴുതിയ 60-ഓളം പുസ്തകങ്ങള്‍ വിവിധ വാല്യങ്ങളായി ഒരുമിച്ച് പ്രസിദ്ധീകരിക്കും

കൊച്ചി: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംരംഭക സഹകരണ സംഘമായ സമൂഹ് പ്രസാധനരംഗത്തേയ്ക്ക് കടക്കുന്നു. പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫ. എം കെ സാനുവിന്റെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സാമൂഹ്യ സംരംഭക സഹകരണ സംഘം (സമൂഹ്) പ്രസാധനരംഗത്തേയ്ക്കു കടക്കുന്നതെന്ന് സമൂഹിന്റെ സാരഥികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാനു മാസ്റ്ററുടെ മുഴുവന്‍ കൃതികളും ഉള്‍പ്പെടുത്തി വിവിധ വാല്യങ്ങളായാണ് സമ്പൂര്‍ണ്ണ കൃതികള്‍ പുറത്തിറക്കുകയെന്ന് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ എസ്. രമേശന്‍ പറഞ്ഞു. കഴിഞ്ഞ ഏതാണ്ട് എഴുപത് വര്‍ഷത്തിനിടയില്‍ സാനുമാസ്റ്റര്‍ എഴുതിയ അറുപതിലേറെ പുസ്തങ്ങളാണ് ഇങ്ങനെ പുന:സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നത്. പല കൃതികളും നിരവധി എഡിഷനുകള്‍ പ്രസിദ്ധീകരിച്ചവയാണ്. ഇപ്പോള്‍ നിലവിലില്ലാത്തവ ഉള്‍പ്പെടെയുള്ള നിരവധി ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് മാഷിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വൈവിധ്യമായ വിഷയങ്ങളും സാമൂഹ്യ മാറ്റങ്ങള്‍ക്ക് വെളിച്ചം കാണിച്ച പുരോഗമന ചിന്തകളും മാനവികതയിലൂന്നിയ വിശാലമായ കാഴ്ചപ്പാടുള്ള അപൂര്‍വ വ്യക്തിത്വമാണ് സാനു മാഷിന്റേതെന്നും ഇവയത്രയും പ്രതിഫലിക്കുന്ന സാനു മാഷിന്റെ സമ്പൂര്‍ണകൃതികളുടെ പ്രസിദ്ധീകരണം കേരളീയ നവോത്ഥാനചരിത്രത്തിലെ വലിയ ചുവടുവെയ്പാകുമെന്നും എസ് രമേശന്‍ പറഞ്ഞു.

ആത്മകഥ, ബാലസാഹിത്യം, സാഹിത്യ വിമര്‍ശനം, ഭാഷാശാസ്ത്രം, സാഹിത്യ പഠനങ്ങള്‍, വ്യാഖ്യാനങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവിതരേഖാ ചിത്രങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ലേഖനസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, എഡിറ്റ് ചെയ്ത പുസ്തകങ്ങള്‍ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും മാഷ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നാടകം, കവിത, നവോത്ഥാനം, വിമര്‍ശനം, രാഷ്ട്രീയം, ചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകള്‍ ആ തൂലികയ്ക്ക് വിഷയങ്ങളായി. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ മലയാള ഭാഷയ്ക്ക് അമൂല്യമായ സംഭാവനയാണ് കഴിഞ്ഞ 70 വര്‍ഷത്തെ എഴുത്തിലൂടെ സാനു മാഷ് നല്‍കി വരുന്നത്.

ഇക്കാലത്തിനിടെ അടച്ചു പൂട്ടപ്പെട്ട പ്രസാധകര്‍ പുറത്തിറക്കിയ പുസ്തകങ്ങള്‍ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ നിലവില്‍ വിപണിയില്‍ ലഭ്യമല്ലാതെയായിട്ടുണ്ട്. ഇവയ്ക്കു പുറമെ മാഷ് മറ്റ് പുസ്തങ്ങള്‍ക്കായി എഴുതിയ അവതാരികകള്‍, പത്രങ്ങളിലും ആനുകാലികങ്ങളിലും മറ്റും എഴുതിയ കുറിപ്പുകളും ലേഖനങ്ങളും, പ്രസംഗങ്ങള്‍, മാഷിനെയും മാഷിന്റെ രചനകളേയും കുറിച്ച് മറ്റുള്ളവരെഴുതിയ കുറിപ്പുകള്‍ എന്നിവയില്‍ പലതും നിലവില്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ ലഭ്യമല്ലെന്ന് എസ് രമേശന്‍ ചുണ്ടിക്കാണിച്ചു. ചരുക്കത്തില്‍ മാഷിന്റെ കൃതികളും മാഷിനെപ്പറ്റിയുള്ള പഠനങ്ങളുമെല്ലാം ഒരുമിയ്ക്കുന്ന പല വാല്യങ്ങളുള്ള ഒരു സമാഹാരമാണ് സമൂഹ് പ്രസിദ്ധീകരിക്കാന്‍ പോകുന്നത്.

എറണാകുളത്ത് 2018, 2019, 2020 വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കൃതി അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവത്തിന്റെ ആശയരൂപീകരണത്തിലും രൂപകല്‍പനയിലും നിര്‍വഹണത്തിലും ആദ്യവര്‍ഷം തന്നെ കൃതിയെ ഇന്ത്യയിലെ പ്രധാനപ്പെട്ട പുസ്തകോത്സവമാക്കുന്നതിലും മുഖ്യപങ്ക് വഹിച്ച എറണാകുളം ആസ്ഥാനമായ സാമൂഹ്യ സംരംഭക സഹകരണ സംഘമാണ് (സമൂഹ്) സാനു മാഷുമായി വിശദമായ ഒരു കരാറില്‍ ഏര്‍പ്പെട്ട് ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമാണ് സമൂഹ്. സാമൂഹ്യ സംരംഭകത്വം, സാങ്കേതികത, മാനേജ്മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ അംഗങ്ങള്‍. എറണാകുളത്തെ അഭിമന്യു കേന്ദ്രത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഇതിനിടയില്‍ സമൂഹ് പൂര്‍ത്തീകരിച്ചു. ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക കേന്ദ്രം, എറണാകുളത്തെ ടി കെ രാമകൃഷ്ണന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ രൂപകല്‍പ്പനയും നിര്‍വ്വഹണവും ഏറ്റെടുത്തിരിക്കുന്നതും സമൂഹാണ്. ഇതോടൊപ്പം സമൂഹ് നടപ്പിലാക്കിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് www.sahyan.store. പുസ്തകങ്ങള്‍ക്കും ജൈവ, പ്രാദേശിക ഉത്പന്നങ്ങള്‍ക്കുമായി ഒരു ഓണ്‍ലൈന്‍ ഇടമായാണ് സഹ്യന്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹ് നടപ്പാക്കി വരുന്ന ഇത്തരം പദ്ധതികളുടെ സ്വാഭാവികമായ തുടര്‍ച്ചയായാണ് സംഘം പ്രസാധക രംഗത്തേയ്ക്കു കൂടി കടക്കുന്നതെന്ന് സമൂഹിന്റെ സെക്രട്ടറി ജോസഫ് തോമസ് പറഞ്ഞു.

പ്രൊഫ. എം തോമസ് മാത്യു ജനറല്‍ എഡിറ്ററും കവി എസ് രമേശന്‍ എഡിറ്ററും , പ്രൊഫ. വിഷ്ണുരാധന്‍ അസോസിയേറ്റ് എഡിറ്ററും ആയ ഒരു പത്രാധിപ സമിതിയാണ് സാനു മാഷുടെ സമ്പൂര്‍ണകൃതികളുടെ എഡിറ്റിംഗ് നിര്‍വഹിക്കുകയെന്ന് പദ്ധതിയുടെ കണ്‍വീനര്‍ ജോബി ജോണ്‍ പറഞ്ഞു. ഇപ്പോള്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വാല്യത്തിലും ഏതാണ്ട് 350-400 പേജുള്ള ഏതാണ്ട് 9-10 വാല്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വാല്യങ്ങളും ഒരുമിച്ച് ഒരു പാക്കിങ്ങില്‍ ലഭ്യമാക്കും. ഏതാണ്ട് 15 മാസം കൊണ്ട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് 2022 ഡിസംബറോടെ സമാഹാരം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജോബി ജോണ്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് ആരംഭിക്കും.

പൂര്‍ണ്ണമായും പുനരുപയോഗിക്കുവാന്‍ സാധ്യമായ ഡിജിറ്റൈസേഷനും ഇതിനൊപ്പം നടക്കും. സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, വായനശാലകള്‍, ഹോം ലൈബ്രറികള്‍ എന്നിവിടങ്ങളിലെല്ലാം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന റഫറന്‍സ് ശേഖരമായാണ് സാനുമാഷുടെ കൃതികള്‍ സമാഹരിക്കുക.

സാനുമാഷിന്റെ കൃതികളിലെ വിവിധ തലങ്ങള്‍ പ്രധാന വിഷയങ്ങളാക്കി സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രധാനപ്പെട്ട കോളേജുകള്‍/യൂണിവേഴ്സിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് 14 സിമ്പോസിയങ്ങള്‍ നടത്താനും പരിപാടിയുണ്ട്. ഇതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളും സമ്പൂര്‍ണ്ണ കൃതികളുടെ ഭാഗമായിരിക്കും. മറ്റുള്ളവരുടെ പുസ്തകങ്ങള്‍ക്ക് സാനുമാഷ് എഴുതിയ അവതാരികകളും ഏറെ പ്രശസ്തമാണ്. എന്നാല്‍ ഇവയില്‍ പലതും ഇപ്പോള്‍ ലഭ്യമല്ല. കൈവശമുള്ളവര്‍ ഇവയുടെ കോപ്പികള്‍ പ്രസിദ്ധീകരണ സമിതിയ്ക്ക് അയച്ചു തരണമെന്നും സമൂഹ് ഭാരവാഹികള്‍ അറിയിച്ചു.

സമൂഹിന്റെ ഇത്തരം സംരംഭങ്ങള്‍ക്കായി കേരളത്തിന്റെ ഭാഷയും സംസ്‌കാരവും സാമൂഹികവിഷയങ്ങളുമായി ബന്ധപ്പെട്ട് അക്കാദമിക് മേഖലയേയും പൊതുസമൂഹത്തെയും ബന്ധപ്പെടുത്തി ഒരു വിക്കി വെബ്സൈറ്റ് സജ്ജമാക്കാനും പരിപാടിയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങളും സാനുമാഷിന്റെ കൃതികളുടെ വിവരങ്ങളും കോപ്പികളും അയക്കുന്നതിനും ഇനി പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക. സാമൂഹ്യ സംരംഭക കോ-ഓപ്പറേറ്റീവ് സൊസൈറ്റി, 32/1820 എ, മില്ലെനിയം നഗര്‍, കൊടുവത്തറ റോഡ്, പാടിവട്ടം, കൊച്ചി – 682 024. ഫോണ്‍: 0484-4853145/92075 70145 ഇ-മെയില്‍: info@samoohkochi.com www.samoohkochi.com


ഫോട്ടോ ക്യാപ്ഷന്‍: സമൂഹ് പ്രസിദ്ധീകരിക്കുന്ന പ്രൊഫ. എം കെ സാനുവിന്റെ സമ്പൂര്‍ണകൃതികള്‍ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ എം കെ സാനു സംസാരിക്കുന്നു. എസ് രമേശന്‍, കെ ചന്ദ്രന്‍ പിള്ള, ഡോ. മിനിപ്രിയ, ജോസഫ് തോമസ് എന്നിവര്‍ സമീപം

Prof M K Sanoo addresses the media in Kochi in conneciton with publication of the Complete Works of Prof. M K Sanoo by Samooh. Also seen are S Remesan, K Chandran Pillai, Dr. Minipriya and Joseph Thomas

LEAVE A REPLY

Please enter your comment!
Please enter your name here