കൊച്ചി : കൊടും വില്ലൻമാരെ കണ്ടിട്ടും കൂസാതെ നെഞ്ചു വിരിച്ചു നിൽക്കുന്ന സൂപ്പർ നായകനെപ്പോലെയായിരുന്നു കഴിഞ്ഞ വർഷം മാർച്ച് വരെ മലയാള ചലച്ചിത്ര വ്യവസായം. പ്രതിസന്ധികൾ ഇടയ്ക്കിടെ വരും, അല്ലറ ചില്ലറ സംഘർഷാത്മക സീനുകൾക്കു ശേഷം വന്നതു പോലെ തന്നെ പോകും. ഒടുവിൽ, സ്ക്രീനിൽ ശുഭമെഴുതി അടുത്ത ഷോയിലേക്ക്. ഇക്കുറി പക്ഷേ, വില്ലൻ ഇത്തിരി കടുപ്പക്കാരനാണ്. ലോകത്തെ ഒന്നാകെ ഞെരുക്കിയ കോവിഡ്!

തിയറ്റർ വ്യവസായത്തെ 10 മാസം പൂട്ടിക്കെട്ടിയ കോവിഡ് സൃഷ്ടിച്ച വൻ സാമ്പത്തിക കെടുതികൾ തുടരുകയാണ്. തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടും, തുറക്കാനാവാത്ത സ്ഥിതി. ഒരു രൂപ പോലും വരുമാനമില്ലാതെ 10 മാസം. സഹായം അഭ്യർഥിച്ചു സർക്കാരിനു മുന്നിൽ നൽകിയ നിവേദനങ്ങളേറെ. ചില സൂപ്പർ ഹിറ്റ് സിനിമകളിലെപ്പോലെ ഒരു അപ്രതീക്ഷിത ട്വിസ്റ്റിനു കാക്കുകയാണു ചലച്ചിത്ര വ്യവസായം.

നായകനെ സഹായിക്കാൻ എത്തുന്ന അതിശക്തനായ ഒരു സുഹൃത്തിനെപ്പോലെ സർക്കാർ അവതരിക്കുമോ? സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കാതെ തിയറ്ററുകൾ തുറക്കേണ്ടതില്ലെന്നാണു കേരള ഫിലിം ചേംബർ തീരുമാനിച്ചത്. ചലച്ചിത്ര സംഘടനാ പ്രതിനിധികളുമായി തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ച അതുകൊണ്ടു തന്നെ നിർണായകം.

∙ മാർച്ച് 11, 2020

2019 അവസാനം തന്നെ ചൈനയിൽ നിന്നു കോവിഡ് പടർന്നു തുടങ്ങിയെങ്കിലും കഴിഞ്ഞ വർഷം മാർച്ച് വരെ ഏറെക്കുറെ തെളിഞ്ഞ ആകാശം പോലെയായിരുന്നു മലയാള സിനിമ. ചില വൻ വിജയ ചിത്രങ്ങൾ, അപ്രതീക്ഷിത പരാജയങ്ങൾ, ചെറു സിനിമകളുടെ ചാകര… ലാഭ നഷ്ടങ്ങളുടെ പതിവു കണക്കുകൾ, പുതിയ ചിത്രങ്ങൾ, പുതിയ സംവിധായകർ, നിർമാതാക്കൾ, സാങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ… പുതുതലമുറയുടെ ആഘോഷപൂർവമുള്ള മുന്നേറ്റങ്ങൾ. അതിനിടയിലും, അടി പതറാതെ മഹാമേരുക്കളെപ്പോലെ സൂപ്പർ താരങ്ങളും കാലമേറെക്കഴിഞ്ഞിട്ടും പ്രതിഭ വറ്റാത്ത വെറ്ററൻ സംവിധായകരുമൊക്കെച്ചേർന്ന് ആളും ആരവവുമുള്ള ഉൽസവപ്പറമ്പു പോലെ മലയാള സിനിമ! പക്ഷേ, കോവിഡ് വ്യാപിച്ചതോടെ കഥ മാറി. ജീവിതത്തിന്റെ തിരക്കഥ തന്നെ മാറ്റിയെഴുതപ്പെട്ടു. ഒന്നാം സീൻ മുതൽ വില്ലന്റെ ആവേശം ബാധിച്ച തിരക്കഥ.

∙ ഇരുണ്ട സ്ക്രീനുകൾ

ചില നഷ്ടങ്ങൾ അങ്ങനെയാണ്; ഒരു സ്ക്രീനിലും പൂർണമായി തെളിയില്ല അത്. 2020 മാർച്ച് 11 മുതൽ ചലച്ചിത്ര വ്യവസായം നേരിടുന്ന നഷ്ടത്തിന്റെ കണക്കുകളും അങ്ങനെ തന്നെ. 10 മാസത്തിനിടെ, ഏകദേശം 750 കോടിയിലേറെ രൂപയുടെ ഭീമമായ നഷ്ടം. ചലച്ചിത്ര വ്യവസായം നില തെറ്റുമ്പോൾ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളുടെ ജീവിതമാണു പ്രതിസന്ധിയിലായത്.

നിർമാതാക്കളും സംവിധായകർ ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും മുതൽ തിയറ്റർ ക്ലീനിങ് സ്റ്റാഫ് വരെ നീളുന്ന ‌വിപുലമായ തൊഴിൽ ശൃംഖല. വലിയ പ്രതിഫലവും അതിലേറെ താരത്തിളക്കവുമുള്ള ഒരു ചെറിയ വിഭാഗമുണ്ട്. ശേഷിച്ചവരിൽ ഭൂരിപക്ഷവും പരിമിത വരുമാനക്കാർ.

സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയിൽ അയ്യായിരത്തിലേറെ അംഗങ്ങളാണുള്ളത്. ഏറെയും ദിവസ വേതനക്കാർ. ലോക്ഡൗൺ കാലത്തിനു ശേഷം പുതിയ ചിത്രങ്ങളുടെ ജോലികൾ ആരംഭിച്ചുവെങ്കിലും സജീവമായി വരുന്നതേയുള്ളൂ. ഏറ്റവും ദുരിതത്തിലായതു തിയറ്റർ ഉടമകളും ജീവനക്കാരുമാണ്. കേരളത്തിലെ 670 സ്ക്രീനുകളിലായി ജോലിയെടുക്കുന്നത് ഏകദേശം 7000 പേർ. തിയറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ ഇവർക്കു പൂർണ ശമ്പളമില്ല. കൊടുക്കാൻ ഉടമകൾക്കു നിവൃത്തിയുമില്ല.

∙ ജനുവരി 5, 2021

ദീർഘമായ അടച്ചിടൽ കാലത്തിനു ശേഷം തുറന്നു പ്രവർത്തിപ്പിക്കാൻ തിയറ്ററുകൾക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയത് ഈ മാസം 5 മുതലാണ്. പക്ഷേ, എങ്ങനെ തുറക്കും? ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിൽ മുങ്ങിക്കിടക്കുകയാണു പല തിയറ്റർ ഉടമകളും. തിയറ്ററുകൾ പൂട്ടിക്കിടന്ന കാലമത്രയും വൈദ്യുതി ഫിക്സഡ് ചാർജ് നൽകണം, അവർ. പ്രവർത്തിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ് കൊടുത്തേ മതിയാകൂ.

പ്രോജക്ടറുകളും എസിയും ഇടയ്ക്കിടെ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അവ കേടാകും. ശുചീകരണവും പൂർണമായും ഒഴിവാക്കാൻ കഴിയില്ല. ഫലത്തിൽ, 10 മാസം വരുമാനമൊന്നും കിട്ടിയില്ലെങ്കിലും ചെലവിനു കാര്യമായ കുറവില്ലാത്ത സ്ഥിതി.

കഴിഞ്ഞ വർഷം മേയ് മുതൽ സർക്കാരിന്റെ കനിവിനായുള്ള മുറവിളികളിലാണു ചലച്ചിത്ര പ്രവർത്തകർ. സിനിമ ടിക്കറ്റുകൾക്കുള്ള വിനോദ നികുതി പിൻവലിക്കുക, വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവു നൽകുക, തിയറ്ററുകളുടെ ലൈസൻസ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിനു മുന്നിലുണ്ട്.

∙ രക്ഷയ്ക്കെത്തുമോ, സർക്കാർ

തകർന്നടിഞ്ഞ ചലച്ചിത്ര വ്യവസായത്തിനു പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ മറ്റു പല സംസ്ഥാനങ്ങളും ആനുകൂല്യ പാക്കേജുകൾ പ്രഖ്യാപിച്ചാണു തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. ആന്ധ്രപ്രദേശിലെ 1100 തിയറ്ററുകൾക്കു പലിശരഹിത വായ്പയാണു സർക്കാർ പ്രഖ്യാപിച്ചത്.

കൂടാതെ, ലോക്ഡൗൺ കാലമായ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കി. വൈദ്യുതി ചാർജ് ഗഡുക്കളായി അടയ്ക്കാനും സാവകാശം നൽകി. സമാനമായ ഇളവുകളാണു തെലങ്കാന സർക്കാരും പ്രഖ്യാപിച്ചത്.

മലയാള ചലച്ചിത്ര പ്രവർത്തകരും പ്രതീക്ഷിക്കുന്നതു സർക്കാർ പിന്തുണ തന്നെ. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വിളിച്ച യോഗത്തിലേക്കു പ്രതീക്ഷയത്രയും ഫോക്കസ് ചെയ്യുകയാണു ചലച്ചിത്ര ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here