ജക്കാർത്ത: ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽനിന്ന് പറന്നുയർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജാവകടലിൽ കണ്ടെത്തി. കടലിൽ 23 മീറ്റർ (75 അടി) ആഴത്തിലാണ് തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. ഇക്കാര്യത്തിൽ മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽനിന്നു തന്നെ വിവരങ്ങൾ ലഭിച്ചതായാണ് എയർ ചീഫ് മാര്‍ഷൽ ഹാദി ജാജാന്റോ പ്രസ്താവനയിൽ അറിയിച്ചത്. സമുദ്ര ജലത്തിൽ വിമാനത്തിന്റെ ഭാഗങ്ങൾ വ്യക്തമായി കണ്ടെന്നും ജീവന്റെ തുടിപ്പു കണ്ടെത്താനായിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

വിമാനം തകര്‍ന്നുവീണ ഇടം അതാണെന്ന് ഉറപ്പാണെന്നും വിമാനത്തിന്റെ ചട്ടക്കൂട് ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. നേരത്തേ മുങ്ങൽ വിദഗ്ധർ വസ്ത്രങ്ങളുടെ ഭാഗങ്ങള്‍, ലോഹത്തകിടുകൾ, ശരീരാവശിഷ്ടങ്ങൾ തുടങ്ങിയവ കടലിൽനിന്നു മുകളിലേക്കെത്തിച്ചിരിന്നു. വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും രക്ഷപ്പെട്ടതായി ഇതുവരെ വിവരമില്ല. വിമാന ദുരന്തത്തിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിദോദോ അനുശോചനം അറിയിച്ചു.

തകർന്നുവീണ ശ്രീവിജയ എയറിന്റെ ഫ്ലൈറ്റ് 182ൽ 62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലാൻകാങ്, ലാകി ദ്വീപുകൾക്കിടയിൽനിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. അതേസമയം, അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടുകൂടി ജക്കാർത്തയുടെ വടക്കൻ തീരത്തെ ദ്വീപുകളിലുള്ള മത്സ്യത്തൊഴിലാളികൾ ഒരു സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയായതിനാൽ എന്താണ് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികൾക്കു മനസ്സിലായില്ല. വെള്ളം ഉയർന്നുപൊങ്ങുന്നതു കണ്ടു. എന്നാൽ സൂനാമിയോ ബോംബ് വീണതോ ആകാമെന്ന നിഗമനത്തിലായിരുന്നു അവരെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൽനിന്നുള്ള അവശിഷ്ടങ്ങളും ഇന്ധനവും ബോട്ടിനുചുറ്റും അടിഞ്ഞുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

26 വർഷം പഴക്കമുള്ള വിമാനമാണ് തകർന്നുവീണതെന്ന് ശ്രീവിജയ എയർ പ്രസിഡന്റ് ഡയറക്ടർ ജെഫേഴ്സൻ പറഞ്ഞു. നേരത്തേ, യുഎസിൽ ഉപയോഗിച്ചുകൊണ്ടിരുന്ന വിമാനമാണ് ഇതെന്നും ഇപ്പോഴും പറക്കലിന് യോഗ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നേദിവസംതന്നെ പോൺടിയാനക്കിലേക്കും പാങ്കല്‍ പിനാങ് നഗരത്തിലേക്കും വിമാനം പറന്നിരുന്നു. ഒരു മണിക്കൂർ വൈകിയാണ് 2.36ന് വിമാനം പറന്നുയരുന്നത്. നാലു മിനിറ്റു കഴിഞ്ഞപ്പോൾ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അവസാനം എയർ ട്രാഫിക് കൺട്രോളിലേക്ക് പൈലറ്റ് നൽകിയ വിവരം അനുസരിച്ച് വിമാനം 29,000 അടി മുകളിലാണ് പറന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here