രാജേഷ് തില്ലങ്കേരി

മലയാള സിനിമയിലെ സർവ്വകലാവല്ലഭനായി വിശേഷിപ്പിക്കാൻ ഒരാൾ മാത്രമേയുള്ളൂ, അത് തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു. മലയാളസിനിമയിൽ ആദ്യം സൂപ്പർസ്റ്റാറായത് സുകുമാരൻ നായരായിരുന്നു എന്നാണ് പറയാണ്.
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, നടൻ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

1916 ഒക്ടോബർ 16 ന് അവിഭക്ത തിരുവിതാംകൂറിലെ നാഗർകോവിലിനടുത്ത തിക്കുറിശ്ശിയിൽ സി ഗോവിന്ദൻ പിള്ളയുടെയും  ലക്ഷ്മിയമ്മയുടെയും മകനായാണ് ജനനം.
പഠനം മാർത്താണ്ഡം ബോയ്സ് സ്‌കൂളിൽ. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെതന്നെ കവിതാ രചനയിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ആദ്യകവിത ദക്ഷിണ ഭാരതി എന്ന മാസികയിൽ അച്ചടിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 14. ഇരുപതാമത്തെ വയസിൽ ആദ്യ സമാഹാരം പുറത്തിറങ്ങി. കെടാവിളക്ക് എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.
നാടകമായിരുന്നു തിക്കുറിശ്ശിയുടെ അഭിനയയാത്രയുടെ തുടക്കം. മരീചിക, കലാകാരൻ, സ്ത്രീ, മായ, ശരിയോ തെറ്റോ എന്നീനാടകങ്ങൾ മലയാളത്തിൽ അക്കാലത്ത് ചലനമുണ്ടാക്കിയ നാടകങ്ങളായിരുന്നു.



 സ്ത്രീ എന്ന നാടകത്തിന്റെ സിനിമാ രൂപവുമായാണ് അദ്ദേഹം 1950 ൽ മലയാള ചലചിത്രമേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. തമിഴ് -ഹിന്ദി സിനിമകൾ കയ്യടക്കിവച്ചിരുന്ന സിനിമാ ഇൻഡസ്ട്രിയിൽ പ്രദർശനത്തിനെത്തിയ  സ്ത്രീ വൻപരാജയമായിരുന്നു.
കെ കെ പ്രൊഡക്ഷൻസിനുവേണ്ടി 1951 ൽ തിക്കുറിശ്ശി നിർമ്മിച്ച് കെ വെച്ചു സംവിധാനം നിർവ്വഹിച്ച ജീവിത നൗക മലയാളത്തിലെ ചരിത്ര സിനിമയായി മാറി. ആദ്യത്തെ ബ്ലോക്ക് ബെസ്റ്റർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു ജീവിത നൗക. നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് ആ ചിത്രം മൊഴിമാറ്റപ്പെട്ടു. പിന്നീട് നീലക്കുയിൽ, നവലോകം, ശരിയോ തെറ്റോ തുടങ്ങി നിരവധി ചിത്രങ്ങൾ തിക്കുറിശ്ശി മലയാളത്തിന് സമ്മാനിച്ചു.
സ്ത്രീ, പളുങ്കുപാത്രം, ദേവസുന്ദരി ഉർവ്വശി ഭാരതി, പൂജാപുഷ്പം, ബലൂൺ തുടങ്ങിയ ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതി. മുതലാളി, ആനവളർത്തിയ വാനമ്പാടി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയതും തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു.

ശരിയോ തെറ്റോ, പൂജാപുഷ്പം. അച്ഛന്റെ ഭാര്യ, പളുങ്കുപാത്രം, സരസ്വതി, നഴ്സ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. 47 വർഷക്കാലം നീണ്ടുനിന്ന സിനിമാ സപര്യയിൽ 700 ൽ പരം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു.
പ്രേംനസീർ, മധു, ജോസ് പ്രകാശ്, ബഹദൂർ, പ്രീയദർശൻ, കുതിരവട്ടം പപ്പു, പ്രണവ് മോഹൻലാൽ എന്നിവർക്ക് പേരിട്ടത് തിക്കുറിശ്ശിയായിരുന്നു. ചലചിത്ര-കലാ-സാഹിത്യ രംഗത്തെ സംഭാവനകൾക്ക് അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു.

1973 ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. 1995 ൽ ജേസി ഡാനിയേൽ പുരസ്‌കാരം നൽകി കേരള സർക്കാരും അദ്ദേഹത്തെ ആദരിച്ചിരുന്നു. 1972 ൽ മായ എന്ന ടചിത്രത്തിലൂടെ മികച്ച നടനായി.
മലയാളത്തിലെ സ്നേഹനിധിയായ മുത്തച്ഛൻ, ആദ്യത്തെ സൂപ്പർ സ്റ്റാർ 1997  തന്റെ എൺപതാം വയസിൽ ലോകത്തോട് വിടപറഞ്ഞു. തിരുവനന്തപുരത്തായിരുന്നു തിക്കുറിശ്ശിയുടെ താമസസ്ഥലം. പകരം വയ്ക്കാനാവാത്ത അഭിനയപ്രതിഭയായിരുന്ന തിക്കുറിശ്ശിയെ ഇന്നും മലയാള സിനിമാ ലോകം ഏറെ ആദരവോടെയും അഭിമാനത്തോടെയും സ്മരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here