ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് രജനീകാന്തിനെ ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേനനാക്കിയിട്ടുണ്ട്. എന്നാൽ ഭയപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വിശദീകരണവുമായി എത്തിയിട്ടുണ്ട്.

കൃത്യമായ ഇടവേളകളിൽ നടത്താറുള്ള സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് രജനീകാന്തിൻറെ ഭാര്യ ലത മാധ്യമങ്ങളോട് പ്രതികരിച്ചു. രജനിയുടെ പബ്ലിസിസ്റ്റ് ആയ റിയാസ് കെ ഹമീദും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. രജനി ഗുരുതരാവസ്ഥയിലാണെന്നും മറ്റും ചുരുങ്ങിയ സമയത്തിനുള്ളിൽ ട്വിറ്ററിൽ പ്രചരിച്ചിരുന്നു.


ഡൽഹിയിലെ ദേശീയ പുരസ്‌കാര വേദിയിൽ ഏതാനും ദിവസം മുൻപാണ് രജനീകാന്ത് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയത്. പ്രസിഡൻറ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അതേസമയം അണ്ണാത്തെ ആണ് രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആണ്. ചിത്രത്തിൻറെ ട്രെയ്‌ലർ അണിയറക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. സിരുത്തൈ ശിവ തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ നയൻതാര, കീർത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
 

LEAVE A REPLY

Please enter your comment!
Please enter your name here