കോഴിക്കോട്‌ : പൊതുജനങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ്‌ ആക്രമണങ്ങള്‍ക്കെതിരെയും നിരപരാധികള്‍ക്കെതിരെ കള്ളക്കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ ജയിലിലടക്കുന്ന പ്രവണതക്കെതിരെയും ജനങ്ങളെ അണിനിരത്തി സംസ്ഥാന വ്യാപകമായി ഒരു പുതിയ സംഘടനക്ക്‌ രൂപം നല്‍കുമെന്ന്‌ കടംകടക്കെണി പീഡിത (ദി ഡപ്‌റ്റ്‌ ആന്‍ഡ്‌ ഡപ്‌റ്റ്‌ ട്രാപ്പ്‌ വിക്ടിംമ്‌സ്‌ അസോസിയേഷന്‍) സംഘടന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ സംസ്ഥാന ഭാരവാഹിക്കെതിരെ പൊലീസ്‌ കള്ളക്കേസുകളുണ്ടാക്കി ജയിലിലടച്ച സാഹചര്യത്തില്‍ നിയമപരമായി കേസുനടത്തുകയും കള്ളക്കേസുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയും, ഇവര്‍ക്കെതിരെ കോടതി നിയമനടപടി ആരംഭിച്ചതായും സംസ്ഥാന സെക്രട്ടറി ഷാഹുല്‍ ഹമീദ്‌ പറഞ്ഞു.


ഷാഹുല്‍ഹമീദിനെ കള്ളകേസില്‍ കുടുക്കിയ സംഭവവുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ നഗരത്തിലെ രണ്ട്‌ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കേതിരെയും രണ്ടു എസ്‌ഐമാര്‍ക്കുമെതിരെയും നല്‍കിയ പരാതിയിൽ കോഴിക്കോട്‌ കോടതി (മൂന്ന്‌) ഈ നാല്‌ ഉദ്യോഗസ്‌ഥരും നവംബര്‍ മൂന്നിന്‌ കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്‌ അയച്ചതായി ഭാരവാഹികള്‍ അറിയിച്ചു. നഗരത്തിലെ ഒരു ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിയിലെ പരമോന്നത ബഹുമതിക്കായി കേന്ദ്രത്തില്‍ ശ്രമം നടത്തിയെങ്കിലും സംഘടന ഇടപെട്ട്‌ ഈ ഉദ്യോഗസ്ഥനെ ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട്‌ സുരേഷ്‌ കെ.നായര്‍, ജോ.സെക്രട്ടറി കെ.വി.ഷെമീന്‍ റഹ്മാന്‍, സിലൈഖ, കായക്കല്‍ അഷ്‌റഫ്‌ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here