ധുനിക മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് കെ എസ് സേതുമാധവൻ എന്ന സംവിധായകനിൽ നിന്നാണ്, ഇന്ന് കാണുന്ന മലയാള സിനിമയ്ക്ക് അടിത്തറയിട്ടവരിൽ പ്രമുഖനാണ് കെ എസ് സേതുമാധവൻ . മലയാള സാഹിത്യവും മലയാള സിനിമയും തമ്മിൽ പാലമായി വർത്തിച്ച സംവിധായകനായിരുന്നു കെ എസ് സേതുമാധവൻ. മലയാളത്തിന്റെ മികവുറ്റ അക്ഷരങ്ങൾക്ക് സിനിമാ രൂപം നൽകിയവരിൽ പ്രധാനി സേതുമാധവൻ തന്നെയാണ്.  കെ എസ് സേതുമാധവൻ തന്റെ സിനിമകളിലൂടെ മലയാളത്തിന്റെ അക്ഷരങ്ങൾക്ക് പ്രണാമമർപ്പിക്കുകയായിരുന്നു.

‘ഓടയിൽ നിന്ന്’ എന്ന പി കേശവദേവിന്റെ നോവൽ അതേ പേരിൽ കെ എസ് സേതുമാധവൻ 1965ൽ വെള്ളിത്തിരയിലെത്തിച്ചു. പി കേശവദേവ് തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. മലയാളത്തിന്റെ മഹാനടൻ സത്യന്റെ ഒരു മികച്ച വേഷവും ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലൂടെ മലയാളികൾ കണ്ടു. പ്രേം നസീറും സത്യനൊപ്പം ചിത്രത്തിൽ കഥാപാത്രമായി എത്തി. മലയാറ്റൂർ രാമകൃഷ്ണന്റെ ‘യക്ഷി’ എന്ന നോവലിനും അതേപേരിൽ കെ എസ് സേതുമാധവൻ ചലച്ചിത്രരൂപം നൽകി. 1968ൽ പ്രദർശനത്തിന് എത്തിയ ചിത്രമായ ‘യക്ഷി’ക്ക് തോപ്പിൽ ഭാസി തിരക്കഥ എഴുതിയപ്പോൾ സത്യൻ തന്നെയായിരുന്നു നായകൻ.

കെ ടി മുഹമ്മദിന്റെ ‘കടൽപ്പാലം’ എന്ന നാടകവും കെ എസ് സേതുമാധവൻ വെള്ളിത്തിരയിലേക്ക് എത്തിച്ചു. കെ ടി മുഹമ്മദ് തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്. സത്യൻ മികച്ച നടനുള്ള കേരള സർക്കാർ അവാർഡും ‘കടൽപ്പാല’ത്തിലൂടെ നേടി. ‘അര നാഴിക നേരം’ എന്ന പ്രശസ്തമായ നോവൽ പാറപ്പുറത്തിന്റെ തന്നെ തിരക്കഥയിൽ കെ എസ് സേതുമാധവൻ സിനിമയാക്കി. കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ, പ്രേം നസീർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി. കെ എസ് സേതുവമാധന് കേരള സർക്കാർ മികച്ച സംവിധായകനുള്ള അവാർഡ് ‘അര നാഴിക നേര’ത്തിന് സമ്മാനിച്ചു. മികച്ച കഥയ്ക്കുള്ള അക്കൊല്ലത്തെ കേരള സംസ്ഥാന അവാർഡ് പാറപ്പുറത്തിനായി. കൊട്ടാരക്കര ശ്രീധരൻ നായർ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ  മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

പാറപ്പുറത്തിന്റെ ‘പണിതീരാത്ത വീട്’ എന്ന നോവലും അതേ പേരിൽ കെ എസ് സേതുമാധവൻ സിനിമയാക്കി. പ്രേം നസീറായിരുന്നു ഇത്തവണ ചിത്രത്തിലെ നായകൻ. പമ്മന്റെ നോവൽ ആധാരമാക്കിയും സിനിമയെടുത്ത് ഹിറ്റാക്കി കെ എസ് സേതുമാധവൻ. തോപ്പിൽ ഭാസിയുടെ തിരക്കഥയിലുള്ള ചിത്രം ‘ചട്ടക്കാരി’ അതേ പേരിലുള്ള പമ്മന്റെ നോവലിന്റെ സിനിമാവിഷ്‌കാരമായിരുന്നു. സംവിധായകൻ പി പത്മരാജന് കേരള സംഗീത അക്കാദമി അവാർഡ് നേടിക്കൊടുത്ത ‘നക്ഷത്രങ്ങളേ കാവൽ’ വെള്ളിത്തിരയിലേക്ക് എത്തിച്ചതും കെ എസ് സേതുമാധവനാണ്. ‘ഓപ്പോൾ’ എന്ന പേരിലുള്ള ചിത്രം തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായരുടെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ‘ഓപ്പോൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലൻ കെ നായർ മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയപ്പോൾ കെ സേതുമാധവൻ സംസ്ഥാനത്ത് മികച്ച സംവിധായകനായി.
തമിഴിലും തെലുങ്കിലും ഒരുക്കിയ ചിത്രങ്ങൾക്കും സാഹിത്യത്തെ തന്നെയാണ് അദ്ദേഹം കൂട്ടു പിടിച്ചിരുന്നത്. കെ എസ് സേതുമാധവൻ കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോൾ, അത് ഒരു കാലത്തിന്റെ അന്ത്യം കൂടിയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here