തിരുവനന്തപുരം :   26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ  മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം കോസ്റ്റാറിക്കൻ ചിത്രം ക്ലാര സോളയ്ക്ക് ). ഒപ്പം സംവിധാന രംഗത്തെ മികച്ച നവാഗത സാന്നിധ്യത്തിനുള്ള രജത ചകോരവും ഈ ചിത്രത്തിൻറെ സംവിധായിക നതാലി അൽവാരെസ് മേസൺ നേടി. മൂന്ന് പുരസ്‌കാരങ്ങളോടെ പി എസ് വിനോദ് രാജ് സംവിധാനം നിർവ്വഹിച്ച കൂഴങ്കലും ചലച്ചിത്രോത്സവത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അടയാളപ്പെട്ടു. ഓഡിയൻസ് പോൾ അവാർഡിനൊപ്പം ജൂറി പുരസ്‌കാരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനാണ്.

മികച്ച അന്തർദേശീയ ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ഡിന ആമെർ സംവിധാനം ചെയ്ത യു റിസെംബിൾ മി എന്ന ചിത്രത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ആർ കെ ക്രിഷാന്തിൻറെ ആവാസവ്യൂഹത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ കെ ആർ മോഹനൻ അവാർഡ് ഐ ആം നോട്ട് ദ് റിവർ ഝലം എന്ന ചിത്രം ഒരുക്കിയ പ്രഭാഷ് ചന്ദ്രയും നിഷിധോ ഒരുക്കിയ താര രാമാനുജനും പങ്കിട്ടു.

മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചലച്ചിത്രോത്സവ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി കെ എൻ ബാലഗോപാൽ ആയിരുന്നു. ബോളിവുഡ് അഭിനേതാവ് നവാസുദ്ദീൻ സിദ്ദിഖി വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിൽ സാഹിത്യകാരൻ ടി പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി വി എൻ വാസവൻ, വി കെ പ്രശാന്ത് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി സുരേഷ് കുമാർ, ജൂറി ചെയർമാൻ ഗിരീഷ് കാസറവള്ളി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, അക്കാദമി സെക്രട്ടറി സി അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, നെറ്റ്പാക് ജൂറി ചെയർപേഴ്‌സൺ രശ്മി ദൊരൈസാമി, ഫിപ്രസ്‌കി ജൂറി ചെയർമാൻ അശോക് റാണെ, എഫ്എഫ്എസ്‌ഐ കെ ആർ മോഹനൻ അവാർഡ് ജൂറി ചെയർമാൻ അമൃത് ഗാംഗർ എന്നിവരും പങ്കെടുത്തു.

ചടങ്ങിൽ സർഗ്ഗ ജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ മന്ത്രി കെ എൻ ബാലഗോപാൽ പൊന്നാടയണിയിച്ച് ആദരിച്ചു. എട്ട് ദിവസങ്ങളിലായി നടന്ന മേളയിൽ ഇക്കുറി 173 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 11,000ൽ അധികം ഡെലിഗേറ്റുകളാണ് ഇക്കുറി പങ്കെടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here