കൊച്ചി: വായനയിലൂടെ ഗ്രഹിക്കുന്നതിനേക്കാൾ വേഗത്തിൽ സമകാലിക ലോകത്തിന്റെ നേർചിത്രം വരച്ചുകാട്ടാൻ സിനിമയ്‌ക്ക് കഴിയുമെന്ന് നടൻ മോഹൻലാൽ. കൊച്ചിയിൽ നടക്കുന്ന റീജിയണൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ മറ്റു ജനവിഭാഗങ്ങളുടെ സംസ്‌കാരത്തെ കുറിച്ചും ജീവിതരീതിയെ കുറിച്ചും അറിവ് പകർന്നു നൽകുന്നതിൽ ചലച്ചിത്രമേളകൾ പങ്കുവഹിക്കുന്നു. ലോകസിനിമിയിലെ ഏറ്റവും പുതിയ ചലനങ്ങൾ അറിയാനും അതനുസരിച്ച് നമ്മുടെ സിനിമയെ പ്രമേയപരമായി നവീകരിക്കാനും ചലച്ചിത്രകാരന്മാർക്ക് ഇത്തരം മേളകൾ പ്രചോദനം പകരും. നല്ല സിനിമകൾ തീയേറ്ററിലെ ബിഗ് സ്ക്രീനിൽ തന്നെ കാണാനുള്ള അവസരമാണിത്.

ലോകസിനിമകൾ മലയാളികൾക്ക് മുന്നിൽ എത്തിക്കുന്നതിന് പുറമേ മലയാള സിനിമയ്‌ക്ക് മറ്റു ഫെസ്റ്റിവലുകളിൽ പ്രദർശനവേദി ലഭിക്കുന്നതിനും ഇത്തരം വേദികൾ സഹായിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ചലച്ചിത്ര മേളയിൽ എത്തിപ്പെടാൻ കഴിയാത്ത സിനിമാപ്രേമികൾക്ക് ഈ മേള ആശ്വാസമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിന് സർക്കാർ തലത്തിൽ നടക്കുന്ന വലിയൊരു ദൗത്യമായാണ് ഇതിനെ നോക്കി കാണുന്നത്. ചലച്ചിത്ര അക്കാഡമിയുടെ സാരഥിയായ രഞ്ജിത്തിനും മറ്റംഗങ്ങൾക്കും പ്രവർത്തകർക്കും ഇതിലും വലിയ കാര്യങ്ങൾ മലയാള സിനിമയ്‌ക്ക് വേണ്ടി ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രാദേശിക പതിപ്പാണ് കൊച്ചിയിൽ നടക്കുന്നത്. അഞ്ച് ദിവസം നീളുന്ന ഈ ചലച്ചിത്രമേളയിൽ ഐഐഎഫ്‌കെയിൽ പ്രദർശിപ്പിച്ച 68 സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here