കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഇപ്പോള്‍ തന്നെ വൈകിയിട്ടുണ്ടെന്ന് റിമാ കല്ലിങ്കല്‍. റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും അത് പുറത്ത് വിടണമെന്ന ആഗ്രഹം തങ്ങള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ടെന്നും റിമ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

‘റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഇപ്പോള്‍ തന്നെ വൈകിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്നറിയാന്‍ കാത്തിരിക്കുകയാണ്. വുമന്‍ ഇന്‍ കലക്ടീ(ഡബ്ല്യുസിസി)വാണ് ഇതിനൊരു മുന്‍കൈ എടുത്തതും പോരാടിയതും. ഞങ്ങള്‍ എല്ലാവരുടേയും ഒരുപാട് കാലത്തെ സമയവും പ്രയത്‌നവുമാണ് ഇതിന് പിന്നിലുള്ളത്. ആ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന ആവശ്യം ഞങ്ങള്‍ക്ക് മാത്രമല്ല എല്ലാര്‍ക്കുമുണ്ട്. നികുതിപ്പണം ചെലവാക്കി നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വരണമെന്നത് എല്ലാവരുടേയും ആവശ്യമാവണം. ഞങ്ങളുടേത് മാത്രമാവരുത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. നാടിനും സിനിമാ മേഖലയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ഇനിയും ചോദിച്ചുകൊണ്ടിയിരിക്കും’, റിമ കല്ലിങ്കല്‍ പറഞ്ഞു.

ആഭ്യന്തര പരിഹാര സെല്‍ എല്ലാ മേഖലയിലും ആവശ്യമാണ്. ഇനി മുതല്‍ അത് എല്ലാ സിനിമാ സെറ്റിലും ഉണ്ടാവും. ഹൈക്കോടതി ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹേമ കമ്മിറ്റി, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ പുതിയ നിയമനിര്‍മ്മാണം ഉണ്ടാവുമെന്ന് സജി ചെറിയാന്‍ നേരത്തെ അറിയിച്ചു. പുതിയ നിയമത്തിന്റെ കരട് തയ്യാറാണ്. നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും കൊച്ചി പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here