ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾക്കുശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മേരി ആവാസ് സുനോ’. ആദ്യത്തെ രണ്ട് ചിത്രങ്ങളിലെ പോലെ ഇത്തവണയും നായകനായി എത്തിയത് ജയസൂര്യ തന്നെ. എന്നാൽ നായികമാരായി എത്തിയത് രണ്ട് പേരാണ്-മഞ്ജു വാര്യരും ശിവദയും. ചിത്രത്തിന്റെ ട്രെയില‌‌ർ ഒരു ഫീൽ ഗുഡ് സിനിമയുടെ സൂചനയാണ് നൽകിയത്. ചിത്രത്തിന്റെ ഹിന്ദി പേരും കൗതുകമുണർത്തുന്നതായിരുന്നു.

ഒരു എഫ്എം ചാനലിലെ ജനപ്രിയ റേഡിയോ ജോക്കിയാണ് ആർജെ ശങ്കർ. തന്റെ സംസാരശൈലി കൊണ്ടും ശബ്ദം കൊണ്ടും ശ്രോതാക്കളെ കൈയിലെടുക്കാൻ മിടുക്കനാണയാൾ. തന്റെ ശബ്ദം ഐഡന്റിറ്റിയായി കണ്ടിരുന്ന ശങ്കർ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുക വഴി വ്യത്യസ്തനായിരുന്നു. ശങ്കറിന്റെ മികവിന് ആയാളെ തേടി മികച്ച റേഡിയോ ജോക്കിക്കുള്ള സമ്മാനവുമെത്തി. ഇഷ്ടമുള്ള ജോലി ചെയ്ത് ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷജീവിതം നയിച്ചിരുന്ന ശങ്കറിന്റെ ജീവിതം വളരെ പെട്ടെന്ന് മാറിമറിയുന്നു. അയാൾ ഏറ്റവും വിലപ്പെട്ടത് എന്ന് കരുതുന്ന ശബ്ദം ശങ്കറിന് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. പിന്നീട് അയാളുടെ പോരാട്ടമാണ്, നഷ്ടപ്പെട്ടത് തിരിച്ച് പിടിക്കാനുള്ള പോരാട്ടം. ജയസാധ്യത തീരെ ചെറുതായ ഈ പോരാട്ടത്തിന് ശങ്കറിന് തുണയാവുന്നത് ഡോ. രശ്മി എന്ന സ്പീച്ച് തെറാപിസ്റ്റാണ്. അസംഭവ്യം എന്ന് കരുതപ്പെടുന്നത് യാഥാർത്ഥ്യമാക്കാനുള്ള പ്രയാണമാണ് ചിത്രത്തിന്റെ ബാക്കിപത്രം.

 

 

 

പ്രേക്ഷകരിൽ താത്പര്യം ജനിപ്പിക്കാൻ പ്രജീഷ് സെന്നിന് കഴിഞ്ഞുവെങ്കിലും അത് ചിത്രത്തിന്റെ ആദ്യാവസാനം കാണുവാൻ സാധിക്കില്ല. സിനിമയ്ക്ക് വ്യക്തമായ ഒരു സ‌ഞ്ചാരപഥമുണ്ടാകുന്നത് തന്നെ ഏറെ വൈകിയാണ്. തുടർന്നുള്ള കഥ സംവിധായകന്റെ മുൻ ചിത്രങ്ങളുടെ തലത്തിലേക്ക് എത്തിയിട്ടില്ല. എങ്കിലും ഒരു തവണ വലിയ മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് മേരി ആവാസ് സുനോ.

ആർജെ ശങ്കറായി ജയസൂര്യയെത്തുമ്പോൾ ‌ഡോ‌ രശ്മിയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് മഞ്ജു വാര്യരാണ്. കഷ്ടതകളിലൂടെ കടന്ന് പോകുന്ന തന്റെ കഥാപാത്രം ജയസൂര്യ മികച്ചതാക്കിയപ്പോൾ ഊർജസ്വലയായ തന്റെ കഥാപാത്രം മഞ്ജുവിന്റെ കൈയിൽ ഭദ്രമായിരുന്നു. ജയസൂര്യയുടെ ഭാര്യാ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ശിവദയാണ്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍, മാസ്റ്റര്‍ അര്‍ചിത് അഭിലാഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇമോഷൻ കൈകാര്യം ചെയ്യുന്നതിൽ ജയസൂര്യയുടെ പാടവം ഈ ചിത്രത്തിലും കാണാവുന്നതാണ്. നിരാശ ഒരു വശത്ത് പോകുമ്പോൾ ചിത്രത്തിന് പോസിറ്റിവ് ഫീൽ കൊണ്ടുവരുന്നത് മഞ്ജുവാണ്.

വിനോദ് ഇല്ലംപള്ളിയുടെ കാമറ വർക്ക് ചിത്രത്തിന് ഒരു ഫ്രഷ് ലുക്ക് നൽകുന്നുണ്ട്. എം ജയച്ചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും സിനിമയുടെ മൂഡിനൊത്ത് പോകുന്നുണ്ട്.

ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക് പ്രത്യാശ നൽകാൻ കഴിയുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന്റെ ട്രെയിലറിൽ സൂചിപ്പിച്ച പോലത്തെ ഒരു ഫീൽ ഗുഡ് സിനിമയൊരുക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ഒരു ലൈറ്റ് മൂഡ് ഗാനം പോലെ കണ്ടിരിക്കാവുന്ന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here