കൊച്ചി: ക്രിമിനൽ കേസുകളിലടക്കം ഉൾപ്പെട്ട് സിനിമക്ക് പുറത്ത് അംഗങ്ങൾ വാർത്താതാരങ്ങളാകുന്നതിൽ അഭിനേതാക്കളുടെ കൂട്ടായ്മ ആയ ‘അമ്മ’യിൽ മുറുമുറുപ്പ്. ബലാത്സംഗ, പോക്‌സോ കേസുകളിലും സ്ത്രീപീഡനങ്ങളിലുമൊക്കെ നടന്മാർ പ്രതികളാകുന്നതും അതിന് സംഘടന മറുപടി പറയേണ്ടിവരുന്നതുമാണ് ഭാരവാഹികൾക്ക് തലവേദനയാകുന്നത്. പ്രതികളായ അംഗങ്ങളുടെ കാര്യത്തില്‍ കരുതലോടെ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ‘അമ്മ’ എക്സിക്യൂട്ടിവ് കമ്മിറ്റി നിലപാട് എടുത്തു. ഏറ്റവും ഒടുവിൽ പോക്‌സോ കേസില്‍ നടൻ ശ്രീജിത്ത് രവി റിമാന്‍ഡിലായതോടെ ഇത്തരം കാര്യങ്ങളില്‍ ശക്തമായ നടപടികള്‍ വേണമെന്ന് പോലും ചില അംഗങ്ങളിൽനിന്ന് ആവശ്യമുയർന്നു. അടുത്ത എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യാനാണ് നീക്കം.

 

നടിയെ ബലാത്സംഗം ചെയ്‌ത പ്രതിയായ വിജയ് ബാബുവിന്റെ കാര്യത്തിലടക്കം ‘അമ്മ’യുടെ നടപടി സംഘടനക്കുള്ളിൽതന്നെ വിമർശിക്കപ്പെട്ട സാഹചര്യത്തിൽ ആരോപണ വിധേയരുടെ കാര്യത്തില്‍ ശ്രദ്ധയോടെ വേണം പ്രതികരിക്കാനെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശിച്ചതായാണ് സൂചന. നേരത്തേ മുതിർന്ന അംഗമായ ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് പിന്നാലെ വിജയ് ബാബുവിന്റെ ‘അമ്മ’ വാര്‍ഷിക യോഗത്തിലെ വിഡിയോ നീക്കം ചെയ്തിരുന്നു. വിഡിയോ ‘അമ്മ’യുടെ യു ട്യൂബ് ചാനലില്‍ നല്‍കിയ സ്വകാര്യ ഏജന്‍സി അധികൃതരെയും ഭാരവാഹികള്‍ ശാസിച്ചു. താരത്തിന്റെ ‘മാസ് എന്‍ട്രി’ എന്ന നിലയിലായിരുന്നു വിഡിയോ യു ട്യൂബിലെത്തിയത്. ഇതേത്തുടര്‍ന്നാണ് ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. കഴിഞ്ഞ ദിവസത്തെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലും വിഡിയോക്കെതിരെ വിമർശനമുണ്ടായി.

ഇതിനു പിന്നാലെയാണ് നഗ്‌നതാ പ്രദര്‍ശന കേസില്‍ ശ്രീജിത്ത് രവി റിമാന്‍ഡിലാകുന്നത്. സംഘടനയിലെ അംഗങ്ങള്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുമെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here