തിരുവനന്തപുരം: ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും സിനിമാതാരങ്ങളെ പിന്തിരിപ്പിക്കുന്നതിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് കെ ബി ഗണേശ് കുമാർ എം എൽ എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ഓൺലൈൻ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളിൽ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാൻ ഇന്ത്യയിലെ ഏറ്റവും വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കൊഹ്‌ലി അഞ്ചു പൈസയില്ലാത്ത ഭിക്ഷക്കാരനല്ല.​ യേശുദാസിന്റെ മകൻ വിജയ് യേശുദാസ്,​ റിമി ടോമി,​ ലാൽ തുടങ്ങിയ ആളുകളെയും ഇത്തരം പരസ്യങ്ങളിൽ സ്ഥിരമായി കാണാം. ഇത്തരം നാണംകെട്ട രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്നും ഈ മാന്യന്മാർ പിന്മാറാൻ സാംസ്‌കാരിക മന്ത്രി അഭ്യർത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യന്മാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവർ,” ഗണേശ്കുമാർ പറഞ്ഞു.

ഓൺലൈൻ റമ്മിക്ക് അടിമപ്പെട്ട് നിരവധി പേരുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

എന്നാൽ, നിയമം മൂലം നിയന്ത്രിക്കാവുന്നതല്ല ഇതെന്നും അവരുടെ മനസിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം നടക്കേണ്ടതെന്നും മന്ത്രി വി എൻ വാസവൻ മറുപടി പറഞ്ഞു. എല്ലാവർക്കും ചേർന്ന് അവരോട് ഇത്തരം പരസ്യങ്ങളിൽ നിന്നും പിന്മാറാൻ അഭ്യർത്ഥന നടത്താമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here