കൊച്ചി > കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ അയ്യപ്പനും കോശിക്കുമായിരുന്നു മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം. സച്ചിയ്‌ക്കുവേണ്ടി ഭാര്യ സിജി പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ ഏവരും ഉള്ളിൽ വിങ്ങുകയായിരുന്നു. ദുഃഖസാന്ദ്രമായി മാറിയ വേദിയും സദസ്സും ആരും മറക്കാനിടയില്ല. മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡും സച്ചിയ്‌ക്ക്‌ ലഭിക്കുമ്പോൾ ഒരിക്കൽക്കൂടി ആ പ്രതിഭയെ ഓർക്കുകയാണ്‌ മലയാളികൾ. അന്ന്‌ സ്‌ത്രീ/ ട്രാന്‍സ്‌ജെ‌‌‌ന്‍ഡര്‍ വിഭാഗത്തിനായുള്ള പ്രഥമ പുരസ്‌കാരവും ലഭിച്ചത് സച്ചിയുടെ കണ്ടെത്തലിനായിരുന്നു- നഞ്ചിയമ്മയ്‌ക്ക്‌. സച്ചിയ്‌ക്ക്‌ മരണാനന്തര ബഹുമതിയായി ദേശീയ പുരസ്‌കാരം ലഭിക്കുമ്പോഴും നഞ്ചിയമ്മയുണ്ട്‌ കൂടെ, മികച്ച ഗായികയായി.

മലയാള സിനിമയിൽ ഹിറ്റുകളുടെ ശിൽപ്പിയായിരുന്ന സച്ചി തന്റെ സങ്കൽപ്പത്തിലുണ്ടായിരുന്ന സിനിമകൾ സംവിധാനം ചെയ്യാൻ ബാക്കിവച്ചാണ്‌ അകാലത്തിൽ മടങ്ങിയത്‌. വാണിജ്യസിനിമയുടെ ശക്തനായ വക്താവായിരിക്കുമ്പോഴും കലാമൂല്യമുള്ള സിനിമകളെയാണ്‌ അദ്ദേഹം ഹൃദയത്തിൽ ചേർത്തിരുന്നത്‌. വിദ്യാർഥിയായിരിക്കെ അമച്വർ നാടകകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമൊക്കെയായിരുന്ന സച്ചി, ആ വഴിക്കുതന്നെയാണ്‌ തന്റെ ഭാവി സ്വപ്‌നം കണ്ടതും. എന്നാൽ, കുടുംബസാഹചര്യങ്ങൾ അദ്ദേഹത്തെ ഹൈക്കോടതിയിലെ തിരക്കുള്ള ക്രിമിനൽ അഭിഭാഷകനാക്കി. എട്ടുവർഷത്തെ അഭിഭാഷകജീവിതം അവസാനിപ്പിച്ചാണ്‌ സിനിമയിലേക്ക്‌ ചുവടുമാറ്റിയത്‌. വാണിജ്യസിനിമകളിൽ വിജയം വെട്ടിപ്പിടിക്കുമ്പോഴും താൻ സ്വപ്‌നം കണ്ട സിനിമകൾ ചെയ്യാൻ എന്നെങ്കിലും കഴിയുമെന്ന്‌ അദ്ദേഹം ഉറച്ച്‌ വിശ്വസിച്ചു.

കലാമൂല്യമുള്ള സിനിമകളോട്‌ വലിയ ആഭിമുഖ്യമുണ്ടായിരുന്ന സച്ചി, ഒന്നാംകിട വാണിജ്യസിനിമകളുടെ എഴുത്തുകാരനും സംവിധായകനുമായത്‌ അദ്ദേഹത്തെ അടുത്തറിയാവുന്ന പലരെയും ഞെട്ടിച്ചിട്ടുണ്ട്‌. ഫിലിം സൊസൈറ്റി പ്രവർത്തകനും ലോകോത്തര സിനിമകളുടെ ആസ്വാദകനുമായിരുന്ന സച്ചിയെയാണ്‌ അവർക്കറിയാമായിരുന്നത്‌. അക്കാലത്ത്‌ കച്ചവടസിനിമകളോട്‌ തനിക്ക്‌ പരമപുച്ഛമായിരുന്നെന്നാണ്‌ ഒരു അഭിമുഖത്തിൽ സച്ചി പറഞ്ഞത്‌. അത്തരം സിനിമകൾ കാണാതിരുന്ന്‌ പ്രതിഷേധിക്കുമായിരുന്നു.

സിനിമാലോകത്തെത്തിയപ്പോൾ പല തിരിച്ചറിവുകളുമുണ്ടായി. ‘‘പണം മുടക്കുന്നവന്‌ അത്‌ തിരിച്ചുകിട്ടണം. ആരാന്റെ പണം ഉപയോഗിച്ച്‌ തന്റെ സങ്കൽപ്പത്തിലെ സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ല’’. അതിനുള്ള അവസരം വരുമ്പോൾ ചെയ്യാനാണ്‌ സച്ചി കാത്തിരുന്നത്‌.
നല്ല സിനിമകളെ അടുത്തറിഞ്ഞതുപോലെ സിനിമയുടെ കച്ചവടചേരുവകളെയും അടുത്തറിഞ്ഞ സിനിമക്കാരനായിരുന്നു സച്ചി. സേതുവുമായുള്ള കൂട്ടുകെട്ടിൽ പിറന്ന സിനിമകളേക്കാൾ വിജയചേരുവകൾ, കൂട്ടുകെട്ട്‌ പിരിഞ്ഞശേഷം സച്ചി ഒറ്റയ്‌ക്കൊരുക്കിയ തിരക്കഥകളിൽ ഉണ്ടായിരുന്നു. സംവിധായകരുടെയും അഭിനേതാക്കളുടെയും മികവിനെ പുറത്തെaടുക്കാൻ പോന്നതെല്ലാം തിരക്കഥാകൃത്തെന്ന നിലയിൽ എഴുത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിനായി. ജോഷിക്കുവേണ്ടി എഴുതിയ തിരക്കഥകളിലെ ചേരുവകൾ ഹാസ്യം കൂടുതൽ ഇഷ്‌ടപ്പെടുന്ന ഷാഫിക്കുവേണ്ടി എഴുതിയതിൽ കാണുമായിരുന്നില്ല. താരങ്ങളെ സൃഷ്‌ടിക്കുന്നത്‌ എഴുത്തുകാരും സംവിധായകരുമാണെന്ന്‌ വിശ്വസിച്ചു. രണ്ടാംനിര നടന്മാരിൽ ചിലരെ താരപദവിയിലേക്കുയർത്തിയ പാത്രസൃഷ്‌ടികളിലൂടെ സച്ചി അത്‌ തെളിയിക്കുകയും ചെയ്‌തു.

സംവിധായകനാകാനാണ്‌ സിനിമാരംഗത്തെത്തിയത്‌. അതു മികച്ചതാകണമെന്ന്‌ സച്ചിക്ക്‌ നിർബന്ധമുണ്ടായിരുന്നു. സേതുവുമായി ചേർന്ന്‌ എഴുതിയ ആദ്യതിരക്കഥ സച്ചിതന്നെ സംവിധാനം ചെയ്യാനാണ്‌ ആലോചിച്ചത്‌. റോബിൻഹുഡ്‌ എന്ന സിനിമയുടെ പൂജവരെ നടന്നു. അതിനിടെ സിനിമാരംഗത്തെ ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരം തൽക്കാലം സച്ചി മാറിനിന്നു. അതും പത്തുവർഷത്തോളം. സേതുവുമായി ചേർന്ന്‌ അഞ്ചും ഒറ്റയ്‌ക്ക്‌ രണ്ടും തിരക്കഥകൾ എഴുതിയശേഷമാണ്‌ തനിക്ക്‌ സംവിധാനം ചെയ്യാനുള്ള അനാർക്കലി എഴുതിയത്‌.

അതിനുശേഷവും മൂന്നു തിരക്കഥകൾ മറ്റുള്ളവർക്കായി എഴുതി. നടുവേദനമൂലമുള്ള പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നപ്പോഴാണ്‌ രണ്ടാമതൊരു ചിത്രംകൂടി സംവിധാനം ചെയ്യാൻ സച്ചി തയ്യാറായത്‌. അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ ചിത്രീകരിക്കുമ്പോൾ അദ്ദേഹം കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കൾ ഓർക്കുന്നു. തന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയിൽ അതൊന്നും അദ്ദേഹത്തെ തടഞ്ഞില്ല. താൻ ചെയ്യാനാഗ്രഹിക്കുന്ന സിനിമകളെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ എപ്പോഴും അടുപ്പമുള്ളവരോട്‌ പങ്കിട്ടു. എന്നെങ്കിലും അതൊക്കെ യാഥാർഥ്യമാകുമെന്ന വിശ്വാസത്തോടെ.

LEAVE A REPLY

Please enter your comment!
Please enter your name here