മുംബൈ: സമൂഹ മാധ്യമത്തിൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ രൺവീർ സിങ്ങിനെതിരെ മുംബൈയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാൽ നടനെതിരെ കേസെടുക്കണ​മെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കിഴക്കൻ മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

 

‘തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ പവിത്രതയെ അപമാനിക്കുകയും ചെയ്തു’വെന്ന് പരാതിയിൽ പറഞ്ഞു. നടനെതിരെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോകൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഒരു അഭിഭാഷകനും നടനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.

ഒരു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് കാമറക്ക് മുന്നിൽ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. ഫോട്ടോകള്‍ രണ്‍വീര്‍ വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. പലരും ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിലയിരുത്തിയപ്പോൾ ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്ന മറുപടിയുമായും ആളുകൾ ​രംഗത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here