കോഴിക്കോട്: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കിടെ, സിനിമയിലെ നായകൻ കുഞ്ചാ​ക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരുവരും തമാശ പറഞ്ഞ് ആസ്വദിച്ച് ചിരിക്കുന്ന ചിത്രമാണ് റിയാസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് മുഖവുരയായി ഒന്നും ചേർത്തിട്ടില്ല. അരമണിക്കൂറിനകം പതിനായിരത്തിലേറെ പേരാണ് ഫേസ്ബുക്കിൽ ചിത്രം ലൈക് ചെയ്തത്.

അതീവരസകരമായ കമന്റുകളാണ് ചിത്രത്തിനടിയിൽ നിറയുന്നത്. ‘റോഡിൽ കുഴിയുണ്ടെന്ന് രാജീവൻ: ‘ന്നാ താൻ കേസ് കൊടെന്ന്’ മന്ത്രി’ എന്ന് ഒരാൾ കമന്റിൽ എഴുതി. ‘കുറച്ചു നേരത്തെ ഇടാമായിരുന്നു’ എന്ന് മറ്റൊരാൾ. ‘ഇതുകൊണ്ടൊന്നും റോഡിലെ കുഴി ഇല്ലാതാകുന്നില്ല’ എന്നും കമന്റു ചെയ്തു ചിലർ. ‘അന്നത്തെ ആ വിവാദസമയത്ത് കൃത്യമായും സ്പഷ്ട്ടവുമായ മറുപടി പറഞ്ഞത് റിയാസ് ആണ്’ എന്ന് ചൂണ്ടിക്കാട്ടിയും കമന്റുകളുണ്ട്.

 

സിനിമ റിലീസ് ചെയ്യുന്ന ദിവസം പുറത്തിറക്കിയ പരസ്യത്തെച്ചൊല്ലിയാണ് വിവാദങ്ങളുയർന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സിനിമയുടെ, പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ തലവാചകങ്ങളാണ് വിവാദമായത്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തിനെതിരെ ഇടത് അനുകൂലികൾ രംഗത്തെത്തുകയായിരുന്നു. പരസ്യം സർക്കാറിനെതിരെയാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇടത് അനുകൂലികൾ സൈബർ ഇടങ്ങളിൽ ബഹിഷ്കരണാഹ്വാനം മുഴക്കിയത്.

എന്നാൽ, വിവാദമുയർന്ന സമയത്തുതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി റിയാസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ മാത്രം കണ്ടാൽ മതിയെന്നായിരുന്നു റിയാസ് ചൂണ്ടിക്കാട്ടിയത്. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്നമാണ്. അത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് സജീവമായി ഇടപെടുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. അതിൽ പല ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളുമെല്ലാം വരും. വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിലും സ്വീകരിക്കുമെന്നും മന്ത്രി റിയാസ് വിവാദ സമയത്ത് പറഞ്ഞിരുന്നു.

സിനിമ പുറത്തിറങ്ങിയതോടെ, ‘റോഡിലെ കുഴി’ സിനിമയിലെ കേന്ദ്രബിന്ദുവാണെന്നും അത് മുൻനിർത്തിയാണ് പരസ്യം ചെയ്തതെന്നും വ്യക്തമായി. ഇ​തോടെ ബഹിഷ്കരണ അനുകൂലികൾ പിന്നാക്കം പോവുകയായിരുന്നു. ഇടത് ബുദ്ധിജീവികളടക്കം സിനിമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. വമ്പൻ വിജയമായ സിനിമ 50 കോടി ക്ലബിൽ ഇടംപിടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here