സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിൽ ജോസഫിന് ലഭിച്ചു. മലയാളത്തിലെ ആദ്യത്തെ സൂപ്പ‌ർ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിന്നൽ മുരളി’ക്കാണ് പുരസ്കാരം.

മത്സരിച്ച 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് ഈ വാ‌ർത്ത പങ്കുവച്ചത്.

‘2022ലെ ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമയുടെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്’ എന്നും ബേസിൽ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശത്തിനെത്തിയ ടൊവിനോ തോമസ് ചിത്രമാണ് ‘മിന്നൽ മുരളി’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന് ഇന്ത്യയൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി അംഗീകാരങ്ങൾ ചിത്രത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, സഞ്ജു സാംസൺ, സൈജു കുറുപ്പ്, സിജു വിൽസൺ തുടങ്ങി നിരവധി പേരാണ് ബേസിലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here