ഫെബ്രുവരി 5നു വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ചായിരിക്കും പരിപാടി ​

മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമാണ് സ്ഫടികം. മലയാള സിനിമയിലെ അഭിമാന താരങ്ങളായ മോഹന്‍ലാലും, തിലകനും ആടു തോമയും, ചാക്കോ മാഷുമായി അരങ്ങ് തകര്‍ത്ത ചിത്രം റീ റിലീസിന് ഒരുങ്ങുകയാണിപ്പോള്‍. ഭദ്രന്റെ സംവിധാനത്തില്‍ പിറന്ന ചിത്രം ഡിജിറ്റല്‍ റീ മാസ്റ്ററിംഗിന് ശേഷമാണ് വീണ്ടും തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 9ന് ചിത്രം വീണ്ടും തിയറ്ററിലെത്തുമ്പോള്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച നിരവധി പ്രതിഭകള്‍ ഓര്‍മ്മയായിരിക്കുന്നു. ചിത്രത്തിന്റെ റിലീസിന് മുന്‍പ് അവര്‍ക്കായി ‘ ഓര്‍മ്മകളില്‍ സ്ഫടികം എന്ന പേരില്‍ അനുസ്മരണ സന്ധ്യ ഒരുക്കുകയാണ് അണയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 5നു വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ വച്ചായിരിക്കും പരിപാടി നടക്കുക.

പരിപാടിയെ കുറിച്ച് സംവിധായകന്‍ ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെയാണ്

 

സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യ മികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളില്‍ ചിലര്‍ ഇന്നു നമ്മോടൊപ്പം ഇല്ല. തിലകന്‍, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ്, പി ഭാസ്‌കരന്‍ മാസ്റ്റര്‍, ജെ വില്യംസ്, എം എസ് മണി, പറവൂര്‍ ഭരതന്‍, എന്‍ എഫ് വര്‍ഗീസ്, എന്‍ എല്‍ ബാലകൃഷ്ണന്‍.. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി..! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓര്‍മ്മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ?

ഫെബ്രുവരി 5 വൈകുന്നേരം 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍, ഈ മഹാപ്രതിഭകളുടെ അനശ്വരമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍, കടന്നുപോയ ഈ അതുല്യ കലാകാരന്മാരുടെ കുടുംബാംഗങ്ങളും സിനിമയിലെ മറ്റ് മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നിഷ്യന്മാരും പ്രമുഖവ്യക്തികളും ഒത്തുചേരുന്ന ആ സന്ധ്യയില്‍ നിങ്ങളുടെ മഹനീയ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നു…

സ്‌നേഹത്തോടെ
ഭദ്രന്‍

1995ല്‍ പുറത്തിറങ്ങിയ സ്ഫടികം ഇന്നും പ്രേക്ഷക മനസ്സില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ്. മലയാളക്കരയാകെ വിജയ കിരീടം ചൂടിയ ചിത്രം റീ റിലീസിനൊരുങ്ങുമ്പോള്‍ വലിയ ആകാംക്ഷയിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here