നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് മാർച്ച് പത്തിന് പ്രദർശനത്തിന് എത്തുന്നു. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്‌തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോൺട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.

പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.

നിവിന്‍ പോളി, ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ – ബി. അജിത്കുമാര്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, സംഗീതം – കെ ഷഹബാസ് അമൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ജോസ് തോമസ് സഹനിർമാതാവാണ്.
മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here