ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പങ്കെടുത്തേക്കില്ല. പാർലമെന്ററി കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനായാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജപ്പാനിൽ ബഡ്‌ജറ്റ് കമ്മിറ്റി നടക്കുകയാണ്. യോഷിമാസയ്ക്ക് പകരം സഹമന്ത്രിയെ അയയ്ക്കാനാണ് സാദ്ധ്യത. ബുധനാഴ്ച മുതലാണ് ജി20 ഉച്ചകോടി ആരംഭിക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച നടക്കുന്ന ക്വാഡ് രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ യോഷിമാസ പങ്കെടുക്കുമോയെന്നതിൽ സ്ഥിരീകരണമായില്ല. യു എസ്, ഓസ്ട്രേലിയ എന്നിവരാണ് ഇന്ത്യയ്ക്കും ജപ്പാനും പുറമേയുള്ള ക്വാഡ് രാഷ്ട്രങ്ങൾ.

ജപ്പാൻ വിദേശകാര്യ മന്ത്രി ജി20 ഉച്ചകോടിയിൽ പങ്കെടുക്കാത്തത് മറ്റ് അംഗരാജ്യങ്ങളുടെ അതൃപ്തിയ്ക്ക് കാരണമായേക്കാം. ചൈനയുമായുള്ള സംഘർഷങ്ങൾ, റഷ്യ- യുക്രെയ്‌ൻ യുദ്ധം എന്നിവയ്ക്കിടയിൽ നരേന്ദ്ര മോദി സർക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ജപ്പാൻ ശ്രമിക്കുന്നതിനിടെയാണ് ഉച്ചകോടിയിൽ നിന്ന് വിദേശകാര്യമന്ത്രി വിട്ടുനിൽക്കുന്നത്. മേയിൽ നടക്കുന്ന ജി7 ഉച്ചകോടി ജപ്പാൻ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഇത്തരമൊരു നടപടിയെന്നത് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞ സെപ്തംബറിൽ നരേന്ദ്ര മോദി ജപ്പാനിലെത്തുകയും നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ചൈനയെപ്പോലുള്ള രാജ്യങ്ങൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ നേരിടാൻ അമേരിക്കയ്ക്ക് പുറമേ പങ്കാളികളെ തേടുകയാണ് ജപ്പാൻ. അതിനാൽതന്നെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കിഷിദ സർക്കാർ മുൻഗണന നൽകാറുണ്ട്. മാത്രമല്ല ജനുവരിയിൽ ഇന്ത്യയും ജപ്പാനും ആദ്യമായി സംയുക്ത സൈനിക വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയെയും ഓസ്ട്രേലിയയെയും ക്ഷണിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ജപ്പാൻ.

ജപ്പാനിന്റെ വിദേശനയങ്ങളിൽ വിള്ളൽ വീഴ്‌ത്തുന്നതായിരിക്കും നടപടിയെന്ന് ഒരു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥൻ പറയുന്നു. ജപ്പാൻ കൂടുതൽ മുൻഗണന നൽകുന്നത് ജി7ന് ആണെന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മാർച്ച് രണ്ട് വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനയുടെ വിദേശകാര്യ മന്ത്രി കിൻ ഗാംഗ് പങ്കെടുക്കും. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജി20 യോഗം ബഹുമുഖത്വത്തിന് അനുകൂലമായ സൂചന നൽകുന്നു. അതിനാൽ എല്ലാ കക്ഷികളുമായും പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വക്താവ് മാവോ നിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here