നടന്‍ റണ്‍ബീര്‍ കപൂറിനെ മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസില്‍ ഇ.ഡി ചോദ്യം ചെയ്യും. മറ്റന്നാള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് നോട്ടിസ് നല്‍കി. ബെറ്റിങ് ആപ്പിന്‍റെ പ്രമോഷനായി ഹവാലപ്പണം കൈപ്പറ്റിയെന്നാണ് കേസ്. ബോളിവുഡിലെ 17 താരങ്ങള്‍ ഇ.ഡി നിരീക്ഷണത്തിലാണ്.ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് വഴി നേടിയ ഹവാലപ്പണം ഉപയോഗിച്ച് ബോളിവുഡ് താരങ്ങളെ വിലയ്ക്കെടുത്തെന്നാണ് കേസ്. മഹാദേവ് കമ്പനിയുടെ പ്രമോട്ടറായ സൗരഭ് ചന്ദ്രകാറും രവി ഉപ്പലും ചേര്‍ന്ന് നടത്തിയ അനധികൃത ഗെയിമിങ്ങ് ആപ്പ് ഇടപാടുകളില്‍ വലിയതോതില്‍ കള്ളപ്പണംവെളുപ്പിച്ചു. ആപ്പിന്‍റെ പ്രമോഷന് വേണ്ടി ഈ പണം ഉപയോഗിച്ചു. ഭീമമായ പ്രതിഫലംപറ്റി ആപ്പ് പ്രമോട്ട്ചെയ്തവരില്‍ രണ്‍ബീര്‍ കപൂര്‍ അടക്കമുള്ള താരങ്ങളും ഉള്‍പ്പെടുന്നു. 

കൂടാതെ സൗരഭ് ചന്ദ്രകാറിന്‍റെ യു.എ.ഇയില്‍വച്ച് നടന്ന വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയും താരങ്ങള്‍ക്ക് വലിയ തുക കൈമാറി. ഇതില്‍പങ്കെടുത്ത സണ്ണി ലിയോണി, ടൈഗര്‍ ഷ്റോഫ് തുടങ്ങി 17 താരങ്ങള്‍ ഇ.ഡി നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് രണ്‍ബീര്‍ കപൂറിന്‍റെ ചോദ്യംചെയ്യല്‍. ദുബായ് കേന്ദ്രീകരിച്ച് നടത്തിയ ബെറ്റിങ് ആപ്പ് വഴി ഇന്ത്യയില്‍ നിന്ന് അയ്യായിരം കോടിരൂപയിലധികമാണ് രണ്ടുപ്രതികളും ചേര്‍ന്ന് സമാഹരിച്ചത്. മുംബൈ അടക്കമുള്ള ഇടങ്ങളില്‍ റെയ്ഡ് നടത്തി 417 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടിയെങ്കിലും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here