MTകോഴിക്കോട്:മലയാളി മനസിലെ ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ആദ്യമായി തിരക്കഥയെഴുതിയ മുറപ്പെണ്ണിന് പ്രായം അമ്പത് . മലയാള സിനിമയുടെ നടപ്പ് രീതികള്‍ മാറ്റിമറിച്ച ചിത്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികള്‍ ഇന്ന് കേരളത്തില്‍ നടക്കുകയാണ്. ജേസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കാവ് സി എസ് ഐ സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങ് വൈകീട്ട് ആറിന് സംവിധായകന്‍ ഐ വി ശശി ഉദ്ഘാടനം ചെയ്യും.
മലയാളമണ്ണിന്റെ ഗന്ധം നിറയുന്ന മനോഹരമായൊരു ചിത്രമായിരുന്നു മുറപ്പെണ്ണ്. തറവാട്ടുകാരണവര്‍ കുഞ്ഞികൃഷ്ണമേനോനും മകള്‍ ഭാഗിയും മൂത്ത മരുമകന്‍ ബാലനും മരുമകള്‍ കൊച്ചമ്മിണിയും കേശവന്‍കുട്ടിയുമെല്ലാം രംഗത്തെത്തുന്ന കഥ ശക്തമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നു. കണ്ണീരും വിരഹവും പ്രണയവും മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പവുമെല്ലാം ശക്തമായി ആവിഷ്‌ക്കരിക്കുന്ന ചിത്രം മികച്ച ജനശ്രദ്ധയും നേടി. എം ടിയുടെ ‘സ്‌നേഹത്തിന്റെ മുഖങ്ങള്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് മുറപ്പെണ്ണിന്റെ തിരക്കഥ തയ്യാറാക്കിയത്. നവാഗതനായ എം ടി വാസുദേവന്‍ നായരെപ്പോലെ ഒരാളെക്കൊണ്ട് തിരക്കഥ എഴുതിക്കുക എന്നത് അക്കാലത്ത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. നിര്‍മ്മാതാക്കള്‍ക്കൊന്നും തിരക്കഥ ഇഷ്ടമായില്ല. പ്രശസ്തനായ ഒരു നിര്‍മ്മാതാവ് ‘ഈ കഥയില്‍ ഒന്നും സംഭവിക്കുന്നില്ല. ഒരു നല്ല സിനമയ്ക്ക് വേണ്ട പലതും ഇതിലില്ല. അതുകൊണ്ട് മാറ്റിയെഴുതണം’ എന്നാണ് നിര്‍ദ്ദേശിച്ചത്. തിരക്കഥയില്‍ ഉപയോഗിച്ചിട്ടുള്ള വള്ളുവനാടന്‍ ഭാഷ മറ്റു മലയാളികള്‍ക്ക് മനസ്സിലാവില്ലെന്നും അതുകൊണ്ട് അതെല്ലാം മുതുകുളം രാഘവന്‍ പിള്ളയെപ്പോലുള്ള ആരെയെങ്കിലും കൊണ്ട് മാറ്റിയെഴുതിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഒന്നും മാറ്റിയെഴുതിയില്ല. വള്ളുവനാടന്‍ ഭാഷ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി. പിന്നീടുണ്ടായത് ചരിത്രം. എം ടി വാസുദേവന്‍ നായരാവട്ടെ മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായും മാറി.
എന്നാല്‍ അക്കാലത്ത് നിലനിന്ന ഇത്തരം ചിന്താധാരകളൊന്നും നിര്‍മ്മാതാവായ ശോഭന പരമേശ്വരന്‍ നായര്‍ വകവെച്ചില്ല. അദ്ദേഹം നിര്‍മ്മിച്ച ചിത്രം എ വിന്‍സെന്റാണ് സംവിധാനം ചെയ്തത്. മുറപ്പെണ്ണ് മലയാള സിനിമാ ചരിത്രത്തിലെ തിളക്കമുള്ള ഒരധ്യായമായി മാറുകയും ചെയ്തു.
അതുവരെ മലയാള സിനിമയില്‍ കാണാത്ത കേരളത്തിന്റെ ഗ്രാമത്തനിമ, ഗ്രാമീണത എല്ലാം മുറപ്പെണ്ണില്‍ നിറഞ്ഞു നിന്നു. കൃത്രിമത്വങ്ങളില്ലാതെ പച്ചയായ ജീവിതം പകര്‍ത്താന്‍ മുറപ്പെണ്ണിന് കഴിഞ്ഞു എന്നത് തന്നെയാണ് ചിത്രത്തിന്റെ മഹത്വം. ഭാരതപ്പുഴയുടെ പരിസരങ്ങള്‍ മലയാള സിനിമയ്ക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു ലൊക്കേഷനാണ് ഇന്ന്. എന്നാല്‍ ആദ്യമായി ഭാരതപ്പുഴയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം മുറപ്പെണ്ണാണ്. പി ഭാസ്‌ക്കരന്‍ എഴുതി ബി എ ചിദംബരനാഥ് സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം മലയാളികളുടെ നാവിന്‍ തുമ്പത്ത് ഇന്നുമുണ്ട്. ‘കരയുന്നോ പുഴ ചിരിക്കുന്നോ’, ‘കളിത്തോഴിമാരെന്നെ കളിയാക്കി’, ‘കണ്ണാരം പൊത്തിപൊത്തി കടയ്ക്കാടം കടലുകടന്ന്…’തുടങ്ങിയ ഗാനങ്ങളെല്ലാം ചിത്രത്തിന് കൂടുതല്‍ മിഴിവേകി.
അമ്പത് വര്‍ഷം കടന്നിട്ടും ഈ സിനിമ ഇന്നും പുതുമ നഷ്ടപ്പെടാതെ മലയാളികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് ഇന്ന് ജീവിച്ചിരിക്കുന്ന തിരിക്കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍, താരങ്ങളായ മധു, ശാരദ, ജ്യോതിലക്ഷ്മി, ബാലതാരമായ ബേബി വൃന്ദ എന്ന ലതാമോഹന്‍, ഗാനങ്ങള്‍ ആലപിച്ച കെ ജെ യേശുദാസ്, എസ് ജാനകി, ലതാ രാജു, സാങ്കേതിക പ്രവര്‍ത്തകരായ സഹസംവിധായകന്‍ മേലാറ്റൂര്‍ രവിവര്‍മ്മ, ക്യാമറാമാന്‍ എ വെങ്കിട്ട്, മേക്കപ്പ്മാന്‍ പത്മനാഭന്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പി ഡേവിഡ്, പ്രൊഡക്ഷന്‍ മാനേജര്‍ ഗേവിന്ദന്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് കോഴിക്കോട്ടെത്തും.
സിനിമയുമായി സഹകരിച്ച അന്തരിച്ച നടന്‍ പ്രേംനസീറിന്റെ മകന്‍ ഷാനവാസ്, കെ പി ഉമ്മറിന്റെ മകന്‍ റഷീദ് ഉമ്മര്‍, അടൂര്‍ ഭാസിയുടെ അനന്തിരവന്‍ ബി ഹരികുമാര്‍, എസ് പി പിള്ളയുടെ മകന്‍ സതീഷ് ചന്ദ്രന്‍, കൊച്ചുമകള്‍ മഞ്ജു പിള്ള, പി ജെ ആന്റണിയുടെ മകള്‍ എലിസബത്ത്, സംഗീത സംവിധായകന്‍ കെ ബി ചിദംബര നാഥിന്റെ കൊച്ചുമകള്‍ അച്ചുരാജാമണി, മുരളി രാജാമണി, സംവിധായകന്‍ എ വിന്‍സെന്റിന്റെ മകന്‍ അജയന്‍ വിന്‍സെന്റ്, കലാസംവിധായകന്‍ എസ് കോന്നനാട്ടിന്റെ കൊച്ചുമകന്‍ സായി പര്‍വ്വേശ്, നിര്‍മ്മാതാവ് ശോഭന പരമേശ്വരന്‍ നായരുടെ ഭാര്യ സരസ്വതി, മകള്‍ സുപ്രിയ എന്നിവരെയെല്ലാം ഗോള്‍ഡന്‍ ജൂബിലി ഉപഹാരം സമര്‍പ്പിച്ച് ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here