കൊച്ചി: മലയാളികളുടെ മഹാഗായകനും മതേതര നിലപാടുകള്‍ സമൂഹത്തിനു മുന്നില്‍ എന്നും ഉയര്‍ത്തിക്കാട്ടുന്നയാളുമായ യേശുദാസിനെ അപമാനിക്കാന്‍ സംഘപരിവാര്‍ ശ്രമം. ഗായകന്‍ യേശുദാസ് ഹിന്ദു പാരമ്പര്യത്തിലേയ്ക്ക് മടങ്ങിയെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അഭിമാനിക്കാമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വിറ്റര്‍ സന്ദേശം യഥാര്‍ത്ഥത്തില്‍ ഒരുകെണിയാണെന്ന് മലയാളി ഇപ്പോള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. എന്തായാലും യേശുദാസ് മതം മാറി ഹിന്ദുവായെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം വിവാദമായിക്കഴിഞ്ഞു. ഗായകന്‍ യേശുദാസ് ഹിന്ദു പാരമ്പര്യത്തിലേയ്ക്ക് മടങ്ങിയെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അഭിമാനിക്കാമെന്നാണ് സ്വാമി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചിലര്‍ സാമൂഹമാധ്യമങ്ങള്‍ വഴി അസത്യപ്രചാരണം നടത്തുകയാണെന്ന് യേശുദാസിന്റെ ഭാര്യ പ്രഭാ യേശുദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിരാട് ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്. ട്വിറ്ററില്‍ വരുന്ന ചിത്രങ്ങള്‍ സത്യമെങ്കില്‍ ഗായകന്‍ യേശുദാസ് ഹിന്ദു പാരമ്പര്യത്തിലേയ്ക്ക് മടങ്ങിയെന്ന വാര്‍ത്തയെ സ്വാഗതം ചെയ്യുക. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇന്നു രാവിലെ ട്വിറ്ററില്‍ കുറിച്ചതാണിത്.
ആയിരക്കണക്കിന് റീട്വീറ്റുകളും ലൈക്കുകളുമാണ് സ്വാമിയുടെ ട്വീറ്റിന് ലഭിച്ചത്. സംഗീത സംവിധായകന്‍ ഏ ആര്‍ റഹ്മാന്റെ അച്ഛനും ഹിന്ദുവായിരുന്നെന്നും വേരുകളന്വേഷിച്ച് പോയാല്‍ ഇന്ത്യയിലുള്ള സകലരും ഹിന്ദുക്കളാണെന്നും സ്വാമി കമന്റുകളില്‍ എഴുതി.

സ്വാമിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ട്വിറ്ററാറ്റിയില്‍ നിന്ന് ഉയര്‍ന്നത്. ഇതോടെ വൈകിട്ട് സ്വാമി പുതിയ ട്വീറ്റിട്ടു. യേശുദാസ് മതം മാറിയെന്ന മാധ്യമവാര്‍ത്തകള്‍ റീ ട്വീറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും മാധ്യമങ്ങള്‍ തന്റെ ട്വീറ്റിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും സ്വാമി ട്വിറ്ററില്‍ വ്യക്തമാക്കി. എന്നാല്‍ സ്വാമിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് യേശുദാസിന്റെ കുടുംബം പ്രതികരിച്ചു. യേശുദാസിന്റെ പിറന്നാളിന് എല്ലാ വര്‍ഷവും കൊല്ലൂര്‍ ക്ഷേത്രദര്‍ശനം പതിവാണ്. ആ ചിത്രങ്ങളെടുത്താണ് സാമൂഹമാധ്യമങ്ങളിലെ അസത്യപ്രചാരണമെന്ന് പ്രഭാ യേശുദാസ് പറഞ്ഞു. ഇതിനു മുന്‍പും ചില ഹിന്ദി മാധ്യമങ്ങളില്‍ യേശുദാസ് മതംമാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here