മോഹൻലാൽ നായകനാകുന്ന പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രം വിയറ്റ്നാമിൽ ഷൂട്ടിങ് ആരംഭിച്ചു. മോഹന്‍ലാലും വരയന്‍ പുലിയുമായുള്ള രംഗങ്ങളാണ് വിയറ്റ്നാമില്‍ ചിത്രീകരിക്കുന്നത്. ഉള്‍വനത്തിനുള്ളില്‍ സ്റ്റണ്ട് മാസ്റ്റർ പീറ്റര്‍ ഹെയ്ന്‍റെയും സംവിധായകൻ വൈശാഖിന്റെയും നേതൃത്വത്തിലാണ് ചിത്രീകരണം നടക്കുന്നത്.

പീറ്റര്‍ ഹെയ്ന്റെ കീഴിൽ ബാങ്കോക്കില്‍ നിന്നെത്തിയ പരിശീലകരാണ് പുലിയെ ട്രെയ്ന്‍ ചെയ്യിപ്പിക്കുന്നത്. ചിത്രത്തിനായി വന്‍സെറ്റാണ് വിയറ്റ്നാമില്‍ ഉണ്ടാക്കിയിരിക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേത്. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള സിനിമയ്ക്കായി മോഹൽലാലും കടുത്ത പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. പുലിയുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലേറ്റ്.

പ്രഭു ഉള്‍പ്പടെ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശിവാജി, അന്യന്‍, യന്തിരന്‍, ഐ പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന സിനിമയാണ് ഇത്.

പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ഗോപീസുന്ദറാണ് സംഗീതം. ഷാജിയാണ് ഛായാഗ്രഹണം. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here