സിനിമ ലൊക്കേഷനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അടി കാര്യമായപ്പോള്‍ ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ ‘ബി.ടെകിന്റെ’ ഷൂട്ടിങ് നിര്‍ത്തിവെച്ചു. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരമായിരുന്നു ചിത്രീകരണം. കര്‍ണടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്.  ഇതില്‍ കുറച്ച് പേര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ചതാണ് സിനിമക്ക് വില്ലനായത്. ലാത്തിച്ചാര്‍ജ് സീനില്‍ ഇവരുടെ തല്ല് കാര്യമായതോടെ ആസിഫ് അലിയടക്കമുള്ള താരങ്ങള്‍ ലാത്തിയുടെ ചൂടറിഞ്ഞു.

അന്യഭാഷക്കാരായ ആര്‍ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിയും വന്നു. സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. ആസിഫ് അലിയെ കൂടാതെ ശ്രീനാഥ് ഭാസി, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, അപര്‍ണ ബാലമുരളി എന്നിവരാണ് സെറ്റിലുണ്ടായിരുന്നത്. ഇവര്‍ക്കൊക്കെ തല്ലുകിട്ടിയെന്ന് റിപ്പോര്‍ട്ട്. സ്ഥലത്ത് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിടെക്.

LEAVE A REPLY

Please enter your comment!
Please enter your name here