ഒർലാണ്ടോ: ഹജ്ജ് എന്ന പുണ്യകർമ്മത്തിന്റെ പിറ്റേ ദിവസം ഇങ്ങനൊരു സമ്മേളനത്തിന്റെ ഭാഗമാകാൻ  അതിയായ സന്തോഷമുണ്ടെന്ന് ഇസ്‌ലാമിക് സെന്റർ ഓഫ് ഒർലാണ്ടോയിലെ ഇമാം താരിഖ് റഷീദ് ഫൊക്കാന മത സൗഹാർദ സമ്മേളനത്തിൽ പറഞ്ഞു.  ഇസ്‌ലാം മതത്തിലെ പുണ്യ തീർത്ഥാടനമാണ് ഹജ്ജ്. മുസ്‌ലീം വിശ്വാസികളെ സംബന്ധിച്ച്  ഈ വർഷത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ദിനമാണിത്. ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകാറുണ്ടെങ്കിലും, എന്റെ സുഹൃത്ത് ക്ഷണിച്ചതുപ്രകാരം ആ തിരക്കുകൾക്കിടയിലും ഞാൻ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. 

മസ്ജിദിലേക്ക് എത്രയും വേഗം മടങ്ങേണ്ടതുകൊണ്ടുതന്നെ എന്റെ വാക്കുകൾ ചുരുക്കിക്കൊണ്ട് കുറച്ച് കാര്യങ്ങൾ മാത്രം പറയാമെന്നാണ് കരുതുന്നത്. ഇസ്‌ലാം മതവിശ്വാസികളുടെ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ, പരമകാരുണികൻ ലോകത്തെ അഭിസംബോധന ചെയ്തിരിക്കുന്നത് ‘അല്ലയോ ജനങ്ങളേ’ എന്നാണ്. അതിന്റെ അർത്ഥമെന്താണ്? എല്ലാവരും കരുതുന്നതുപോലെ ഖുർആൻ എന്നത് മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം അവതരിപ്പിക്കപ്പെട്ട ഒന്നല്ല, മുഴുവൻ ജനങ്ങൾക്കും വേണ്ടിയുള്ള സന്ദേശമാണ് അതിലുള്ളത്. 

അതുകൊണ്ടുതന്നെ, അത് എന്റേത് മാത്രമല്ല നിങ്ങളുടേതുകൂടിയാണ്. ‘യാ അയ്യുഹന്നാസ് ‘ എന്നാണ് ഖുർആനിൽ പറഞ്ഞിരിക്കുന്നത്: ‘For the people’ എന്നാണ് ഇതിനർത്ഥം.ആദം-ഹവ്വ എന്നീ പുരുഷനെയും സ്ത്രീയെയും  സൃഷ്ടിച്ചിരിക്കുന്നു എന്നും അവരിൽ നിന്ന് ഈ വംശം തുടരുമെന്നുമാണ് പരമകാരുണികൻ പറഞ്ഞിരിക്കുന്നത്. ആർദ്രതയും സഹാനുഭൂതിയും സ്നേഹവും ദീനാനുകമ്പയും ഉള്ളവനായിരിക്കും, ലോകത്താകമാനമുള്ള മനുഷ്യകുലത്തിൽ സൃഷ്ടാവിന് ഏറ്റവും പ്രിയപ്പെട്ട വിശ്വാസി. 

മുസ്‌ലിം വിശ്വാസികൾ എന്നതുകൊണ്ട് സൃഷ്ടാവ് ഉദ്ദേശിക്കുന്നതും ഈ ഗുണങ്ങൾ ഉൾച്ചേർന്ന മനുഷ്യരെയാണ്. 7-8 വയസ് ആകുന്നതോടെ മുസ്‌ലിം മതവിശ്വാസിയുടെ വീട്ടിൽ ജനിച്ചുവീണ കുട്ടി, മതത്തെക്കുറിച്ച് പ്രാഥമിക പഠനം തുടങ്ങും. ഏതൊരു മനുഷ്യനോടും ദയയോട് കൂടി പെരുമാറുന്നവനു മാത്രമേ പരമകാരുണികനായ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകൂ എന്നാണ് മതം പഠിപ്പിക്കുന്നത്. 

സ്നേഹവും കരുണയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങൾ. ലോകത്തിന്റെ നാനാഭാഗത്തും മുസ്ലീങ്ങൾ ഉണ്ട്.  ഇന്ത്യയിൽ ഏകദേശം 1400  വർഷമായി സമാധാനപരമായി ജീവിച്ചുവരുന്ന മുസ്ലീങ്ങൾക്ക് നേരെ അടുത്തിടെയായി ഉയരുന്ന അക്രമങ്ങൾ രാഷ്ട്രീയപ്രേരിതം മാത്രമാണ്. രാഷ്ട്രീയവും മതവും ഒരിക്കലും കൂട്ടിക്കുഴയ്ക്കരുത്. ഈ കൺവൻഷനിൽ ഒത്തുചേർന്നിരിക്കുന്ന ഓരോരുത്തരും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പടർത്തട്ടെ എന്ന് ആശംസിക്കുന്നു. എന്നെ ക്ഷണിച്ച ഏവർക്കും നന്ദി!

LEAVE A REPLY

Please enter your comment!
Please enter your name here