ലണ്ടൻ: അയർലൻഡിനെതിരെ 498 അടിച്ച ഇംഗ്ലണ്ട് ബാറ്റർമാർക്ക് ഇന്ത്യയ്‌ക്കെതിരെ 400 അടിക്കാൻ നിഷ്‌പ്രയാസം സാധിക്കുമെന്ന് മുൻ ഇംഗ്ളണ്ട് ക്യാപ്ടൻ മൈക്കൽ വോൺ. ഇന്ത്യ ഇംഗ്ളണ്ട് ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പായി ഒരു ഇംഗ്ളീഷ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു വോൺ തന്റെ അഭിപ്രായം പങ്കുവച്ചത്. അതിശക്തമായ ബാറ്റിംഗ് നിരയാണ് ഇംഗ്ളണ്ടിനുള്ളതെന്നും ഓവലിലേത് ബാറ്റർമാരെ തുണയ്ക്കുന്ന ഫ്ളാറ്റ് ട്രാക്ക് ആയതിനാലും ഇംഗ്ളണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തുമെന്ന കാര്യത്തിൽ തർക്കമില്ലെന്നുമായിരുന്നു വോൺ പറഞ്ഞത്.

ഇംഗ്ളണ്ടിന്റെ ബാറ്റിംഗ് ലൈൻ അപ്പ് ഏത് രീതിയിലായിരിക്കും എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും എങ്കിലും വമ്പനടിക്ക് പേരുകേട്ട റൂട്ട്, ബെയർസ്റ്റോ, സ്റ്റോക്ക്സ് എന്നിവരെ കൂടാതെ ലിവിംഗ്സ്റ്റോണും ടീമിലുണ്ടാകുമെന്നും വോൺ പറഞ്ഞു. അയർലാൻഡിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഇംഗ്ളണ്ടിന്റേത് എങ്കിലും ഇന്ത്യ കരുത്തുറ്റ ടീമാണെന്നും അതേ രീതിയിലുള്ള പ്രകടനം താൻ പ്രതീക്ഷിക്കുന്നില്ലെന്നും വോൺ കൂട്ടിച്ചേർത്തു. എങ്കിൽ പോലും ഇംഗ്ളണ്ട് 400 റൺസ് അടിച്ചാൽ താൻ ഒരിക്കലും അത്ഭുതപ്പെടില്ലെന്നും വോൺ പറഞ്ഞു.

അതേസമയം ആദ്യ ഏകദിനത്തിൽ ടോസ് നേടി ഇന്ത്യ ഇംഗ്ളണ്ടിനെ ബാറ്റിംഗിന് അയച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 25.2 ഓവറിൽ 110 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ 12 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർമാരായ ക്യാപ്ടൻ രോഹിത്ത് ശ‌ർമ്മയും ശിഖർ ധവാനുമാണ് ക്രീസിൽ.

7.2 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ളണ്ടിന്റെ നടുവ് ഒടിച്ചത്. മത്സരം തുടങ്ങി രണ്ടാമത്തെ ഓവറിന്റെ നാലാമത്തെ പന്തിൽ അപകടകാരിയായ ജേസൺ റോയിയെ പുറത്താക്കി കൊണ്ടായിരുന്നു ബുമ്രയുടെ തുടക്കം. അതേ ഓവറിന്റെ അവസാന പന്തിൽ ജോ റൂട്ടിനെ വിക്കറ്റ് കീപ്പറുടെ കൈകളിലും ബുമ്ര എത്തിച്ചു. ഇരുവരും റണ്ണൊന്നുമെടുത്തിട്ടില്ലായിരുന്നു. തുടർന്ന് മൂന്നാം ഓവറിൽ ബെൻ സ്റ്റോക്ക്സിനെ നേരിട്ട ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി പുറത്താക്കി. ആറാം ഓവറിൽ ഏഴ് റണ്ണെടുത്ത ഓപ്പണർ ജോണി ബെയർസ്റ്റോയിനെയും എട്ടാം ഓവറിൽ ലിയാം ലിവിംഗ്സറ്റണിനെ റണ്ണെടുക്കുന്നതിന് മുമ്പായും ബുമ്ര കൂടാരം കയറ്റി.

ക്യാപ്ടൻ ബട്ട്ലറും മൊയീൻ അലിയും ചേർന്ന് ഇംഗ്ളണ്ടിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും 14ാം ഓവറിന്റെ അഞ്ചാം പന്തിൽ പ്രസീദ് കൃഷ്ണ മൊയീൻ അലിയെ പുറത്താക്കി ആ കൂട്ടുക്കെട്ടും പൊളിച്ചു. 14 റൺസ് ആയിരുന്നു അലിയുടെ സമ്പാദ്യം. പിന്നാലെ ബട്ട്ലറിനെ ഷമിയും (30) പുറത്താക്കി. ഇംഗ്ലണ്ട് നിരയിൽ ആറ് താരങ്ങളാണ് റൺസ് എടുക്കുന്നതിന് മുമ്പെ പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here