മലയാളികളുടെ ദേശീയ സംഘടനാ രംഗത്ത് എന്ത് കൊണ്ടോ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുവജനങ്ങളുടെ സാന്നിധ്യവും, നേതൃത്വവും മുന്‍ കാലങ്ങളിലെ പോലെ ദൃഢതയോടെ കാണുവാന്‍ സാധിക്കുന്നില്ല. സാംസ്ക്കാരിക വിത്യസ്തത കൊണ്ടോ, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയാത്തതു കൊണ്ടോ, യുവാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടു വരുന്നതില്‍ ഉണ്ടായ വീഴ്ച്ചകളായിരിക്കാം ഇതിന് കാരണം. മലയാളികള്‍ അമേരിക്കയുടെ സമസ്ത മേഖലകളിലും ശക്തമായ വേരുറപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി യുവജനങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടിയിരിക്കുന്നു. അവര്‍ക്ക് വഴിയൊരുക്കിയില്ലെങ്കില്‍ യുവജന വിഭാഗം നമ്മളുടെ കൂട്ടത്തില്‍ നിന്നും എന്നന്നേക്കുമായി വേറിട്ട് പോകും. യുവാക്കളുടെ വിഷയങ്ങള്‍ ദേശീയ തലത്തില്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍, യുവ ജനതയില്‍ നിന്നു തന്നെയുള്ളവര്‍ക്കേ സാധിക്കൂ. യുവാക്കളുടെ മതിയായ പ്രാധിനിധ്യം ഇല്ലാത്തതു മൂലം, യുവാക്കളുടെ ഇടയില്‍ സംഭവിക്കുന്ന വിഷയങ്ങള്‍, പ്രത്യേകിച്ചും ചിക്കാഗോയിലെ പ്രവീണ്‍ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്കിലെ ജാസ്മിന്‍ ജോസഫ്, ഹ്യൂസ്റ്റണിലെ റെനി ജോസ് പോലെയുള്ള ദു:ഖകരമായ പല അനുഭവങ്ങളും അമേരിക്കന്‍ മലയാളി സമൂഹത്തിന് തീരാ ദുഃഖം ഉണ്ടാക്കുന്നു. ഇതിന് ഒരു ഫലപ്രദമായ പരിഹാരം കണേണ്ടത് ഇന്ന് അത്യാവശ്യമാണ്. അതു കൊണ്ട് ഇതിനോടകം ദേശീയ തലത്തില്‍ വ്യക്തമായ സംഘടനാ മുദ്ര പതിപ്പിച്ച ഫോമാ പോലെയുള്ള സംഘടനകളുടെ നേതൃത്വ നിരയിലേക്ക് വിനോദ് കൊണ്ടൂരിനെ പോലെയുള്ള യുവജനങ്ങള്‍ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.

ഫോമായുടെ ജനശ്രദ്ധയാകര്‍ഷിച്ച പരിപാടികളിലൊന്നായിരുന്നു ന്യൂജേഴ്‌സിയില്‍ വച്ചു നടന്ന യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ്. അത് നയിച്ചതാകട്ടെ ന്യൂജേഴ്‌­സിയില്‍ നിന്നു തന്നെയുള്ള ജിബി തോമസ് മോളേപ്പറമ്പിലും. അമേരിക്കന്‍ മലയാളി യുവാക്കള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന ആ സമ്മിറ്റിന്റെ തുടര്‍ച്ചയായി വ്യവസായ രംഗത്ത് വെന്നിക്കൊടി പാറിച്ച പല വ്യക്തികളേയും വൈ പി എസ് @ ഡിട്രോയിറ്റിലൂടെ, ഡിടോയിറ്റില്‍ കൊണ്ടു വരുവാന്‍ വിനോദ് കൊണ്ടൂരിന് സാധിച്ചു. അതു പോലെ തന്നെ ഈ അടുത്ത കാലത്ത് അമേരിക്കന്‍ മലയാളികള്‍ കണ്ട ഏറ്റവും വലിയ ടെലികോണ്‍ഫറസായിരുന്ന, പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മാതാവ് ലൗലി വര്‍ഗ്ഗീസിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു നടത്തിയ ടെലി കോണ്‍ഫറന്‍സിന്റെ നടത്തിപ്പിലും വിനോദ് ശ്രദ്ധേയമായ പങ്കു വഹിച്ചു. സീനിയര്‍ നേതാക്കളും, അവരുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ യുവാക്കള്‍ക്കും കൂടി പ്രാതിനിധ്യമുള്ള ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു കൂടുതല്‍ ഉര്‍ജസ്വലതയോടും, പ്രസരിപ്പോടും കൂടി പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്നാണ് ഞങ്ങള്‍ കരുതുന്നത്.

വിനോദിനെ പോലെയുള്ളവര്‍ നേതൃത്വനിരയിലേക്ക് വരുന്നത് ഞങ്ങളെ പോലെയുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികള്‍ക്ക് അംഗീകാരമായിട്ടായിരിക്കും കരുതപ്പെടുന്നത്. ഫോമായുടെ മയാമി കണ്‍വന്‍ഷനില്‍ 2016­-18 കാലഘട്ടത്തിലേക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിനോദ് കൊണ്ടൂര്‍ ഡേവിഡിന് ഞങ്ങളുടെ എല്ലാവിധ പിന്‍തുണയും, അനുഗ്രഹങ്ങളും അശംസകളും നേര്‍ന്നു കൊള്ളുന്നു. ജോളി ഡാനിയേല്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here