* കട്ടപ്പന. ഓണത്തിന്റെ വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ; ഓണത്തിരക്കിലേക്ക് മലയാളി*

*ഓണത്തെ* വരവേൽക്കാനൊരുങ്ങി മലയാളി. ഈ വർഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ നടക്കുന്ന ഘോഷയാത്ര നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക.

തൃപ്പൂണിത്തുറ സ്‌കൂൾ മൈതാനത്താണ് പതാക ഉയർത്തുക. ഒൻപതാം നാളായ ഉത്രാട ദിനത്തിൽ തൃക്കാക്കര നഗരസഭയ്‌ക്ക് കൈമാറും.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ചതാണ് ഈ പതിവ്. എന്നാൽ സ്വാതന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സർക്കാർ ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ഈ ആഘോഷങ്ങൾ വീണ്ടും പുനരാരംഭിച്ചു. 1985 മുതൽ ഇത് തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു. തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്ന് കൊണ്ടുവരുന്ന പതാക ഉയർത്തുന്നയോടെയാണ് അത്തച്ചമയത്തിന് തുടക്കം കുറിക്കുക. പതാക തൃക്കാക്കരയ്‌ക്ക് കൈമാറി എത്തുന്നതോടെ ഓണാഘോഷങ്ങൾ വിപുലമാകും.

സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഓണത്തെ കാണുന്നത്. അത്തം മുതൽ വിശേഷമായി പൂക്കളമൊരിക്കിയാണ് പത്ത് ദിനം ഓണത്തെ വരവേൽക്കുക. ഒന്നാം ഓണമായ അത്തത്തിന് ഒരു പൂവ് ഉപയോഗിച്ചും തുടർന്ന് ഓരോ ദിവസവും ഒന്നുവീതം കൂട്ടി പത്താം നാൾ പത്തിനം പൂക്കൾ കൊണ്ട് ഒരുക്കുന്ന പൂക്കളമാണ് മിക്കയിടങ്ങളിലും. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്.

അത്തം, ചിത്തിര, ചോതി നാളുകളിൽ ചാണകം മൊഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. ഈ നാളുകൾക്ക് ശേഷം വിവിധ തരം പൂക്കൾ ഉപയോഗിച്ചാകും പൂക്കളമൊരുക്കുന്നത്. മൂലം നാളിൽ പൂക്കളം ചതുരാകൃതിയിലും ഉത്രാടം നാളിൽ വലിയ പൂക്കളവുമാകണം ഒരുക്കേണ്ടത്. അത്തം, ചിത്തിര നാളിൽ തുമ്പപ്പൂവും തുളസിയും മാത്രമാണ് ഉപയോഗിക്കുക. മൂന്നാം ദിനം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിക്കുന്നത്. തുടർന്ന് അഞ്ചാം നാൾ പൂക്കളത്തിന്റെ മുന്നിലായി കുടകുത്തുന്നു. ഈർക്കിലിയിൽ ചെമ്പരത്തിയും മറ്റും പൂക്കളും കോർക്കുന്നതിനെയാണ് കുട വെക്കുക എന്ന് പറയുന്നത്. ആറാം ദിനം മുതലാണ് പൂക്കളത്തിന്റെ വലുപ്പം കൂട്ടുക. എല്ലാ ദിവസവും തുളസി പൂ പൂക്കളത്തിൽ ഉപയോഗിക്കാവുന്നതാണ്.

പത്താം ദിനമായ തിരുവോണ നാളിൽ പൂക്കളം തയ്യാറാക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പൂക്കളത്തിൽ പലകയിട്ട് അരിമാവ് പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവ് പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കുകയാണ് തിരുവോണദിനത്തിൽ. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ കുടുംബത്തിലെ മുതിർന്ന കാരണവർ ചതയം വരെ പൂജ നടത്തുന്ന പതിവുമുണ്ട്. ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും സ്വീകരിക്കും. പിന്നീട് ഉതൃട്ടാതി നാളിൽപ്രതിഷ്ഠ ഇളക്കിമാറ്റുകയാണ് പതിവ്.

പണ്ടുകാലത്ത് കർക്കടകമാസത്തിലെ തിരുവോണം നാൾ മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതെന്നാണ് ചരിത്രം

LEAVE A REPLY

Please enter your comment!
Please enter your name here