ഈ വര്‍ഷത്തെ ലോകവൃക്കദിനം ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ആചരിച്ചത്. ഈ വര്‍ഷത്തെ പ്രത്യേകത ലോക വനിതാദിനവും, വൃക്കദിനവും ഒരു ദിവസം തന്നെ വന്നുചേര്‍ന്നു എന്നുള്ളതാണ്. ഇതുകൊണ്ടുതന്നെ ലോകവൃക്കദിനം 2018 മുമ്പോട്ട് വയ്ക്കുന്ന ആശയം വൃക്കകളും സ്ത്രീകളുടെ ആരോഗ്യവും എന്ന വളരെ പ്രാധാന്യമുള്ള മേഖലയായത് ഒരു സ്വാഭാവികത മാത്രമാണ്. സ്ത്രീകളിലെ വൃക്കരോഗ സംരക്ഷണത്തിന് ഊന്നല്‍ കൊടുക്കണം എന്ന് വൈദ്യശാസ്ത്രമേഖലയേയും, സമൂഹത്തെയും ഓര്‍മിപ്പിക്കാനുള്ള ഒരു ദിവസമായി ഇത് മാറിയെന്നതുതന്നെയാണ് ലോക വൃക്കദിനത്തിന്റെ ആത്യന്തികമായ ലക്ഷ്യവും.

സമൂഹത്തില്‍ 50 ശതമാനത്തോളം വരുന്ന സ്ത്രീകള്‍ പുലര്‍ത്തുന്ന പങ്ക് നിസ്തുലവും പകരം വയ്ക്കാന്‍ പറ്റാത്തതുമാണ് എന്ന് നിസംശയം പറയാം. കുഞ്ഞുങ്ങളെ പ്രവസിക്കുന്നതും, തുടര്‍ന്ന് വളര്‍ത്തുന്നതും, നാളത്തെ നല്ല പൗരന്‍മാരായി അവരെ വാര്‍ത്തെടുക്കുന്നതിലുമുള്ള പങ്ക് അമ്മമാരെപ്പോലെ മറ്റാര്‍ക്കും അവകാശപ്പെടാനില്ല. സ്ത്രീകള്‍ ഇപ്പോള്‍ നാനാതുറകളിലും പുരുഷന്‍മാരോടൊപ്പമോ, അവരുടെ തന്നെ കൂട്ടായ്മകളായോ പ്രവര്‍ത്തിച്ച്, പൂര്‍വകാലത്തില്‍ നിന്നും വിഭിന്നമായി കുടുംബങ്ങളുടെയും സമൂഹത്തിന്റെയും നട്ടെല്ലായി മാറുന്നതിന് ഈ കാലഘട്ടം സാക്ഷ്യം വഹിക്കുകയാണ്. സ്ത്രീകളില്‍ പ്രത്യേകമായി കണ്ടുവരുന്ന വൃക്കരോഗങ്ങളെയും, അവര്‍ക്കു ലഭിക്കുന്ന ചികിത്സകളെയും പറ്റി ഒരു തിരിഞ്ഞുനോട്ടമാണ് ഈ ലേഖനം

ഗര്‍ഭകാല അസുഖങ്ങള്‍
1. പ്രീ-എക്ലാംപ്‌സിയ

ഗര്‍ഭകാലത്ത് 20 ആഴ്ചകള്‍ക്കു ശേഷം വരുന്ന രോഗാവസ്ഥയാണ് ഇത്. അമിത രക്തസമ്മര്‍ദ്ദം, മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുക, ശരീരമാസകലം നീരു വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതിന്റെ ഫലമായി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള അവസ്ഥയാണിത്. പെട്ടെന്നുണ്ടാവുന്ന വൃക്കസ്തംഭനവും, സ്ഥായിയായ വൃക്കരോഗങ്ങള്‍ക്കുള്ള സാധ്യതയും ഈ അവസ്ഥമൂലം ഉണ്ടാകാം. കൃത്യമായ രോഗനിര്‍ണയവും ശ്രദ്ധയോടെയുള്ള പരിചരണവും വളരെ അത്യാവശ്യമാണ്. രക്തസമ്മര്‍ദ നിയന്ത്രണവും (കുഞ്ഞിന് ദോഷമുണ്ടാക്കാത്ത രീതിയിലുള്ള മരുന്നുകള്‍) കൃത്യമായ സമയത്തെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രസവവുമാണ് ഈ അവസ്ഥയുടെ ചികിത്സ.

2. പെട്ടെന്നുണ്ടാകുന്ന വൃക്കസ്തംഭനം

അമിത രക്തസ്രാവം, പ്രീ-എക്ലാംപ്‌സിയ, എച്ച്.യു.എസ്., ടി.ടി.പി. തുടങ്ങിയ അപൂര്‍വമായ രോഗങ്ങള്‍ എന്നിവ മൂലം വൃക്കകളുടെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥ ഉണ്ടാകാം. ഗര്‍ഭകാലത്തുണ്ടാകുന്ന അണുബാധ, വൈദ്യസഹായത്തോടെയല്ലാത്ത ഗര്‍ഭം- അലസിപ്പിക്കല്‍ രീതികളിലൂടെ ഉണ്ടാകാവുന്ന അണുബാധ എന്നിവ വികസ്വര, ദരിദ്ര രാജ്യങ്ങളില്‍ ഇപ്പോഴും കാണപ്പെടുന്നുണ്ട്. ഇത്തരം അവസ്ഥ മാതൃമരണത്തിന് പ്രധാനകാരണമാണ്.

3. സ്ഥായിയായ വൃക്കരോഗങ്ങള്‍

സ്ഥായിയായ വൃക്കരോഗങ്ങള്‍, ഗര്‍ഭസ്ഥശിശുവിനും അമ്മയ്ക്കും വളരെയധികം ദോഷം ചെയ്യാം. അമ്മയിലെ സ്ഥായിയായ വൃക്കരോഗത്തിന്റെ ആക്കം കൂട്ടാനും വൃക്കകളുടെ കാര്യമായ പ്രവര്‍ത്തന തകരാറിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടാനും സാധ്യതയുണ്ട്.
ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍: ശരീരത്തിലെ കോശങ്ങളെ പ്രശ്‌നക്കാരായി തെറ്റിദ്ധരിച്ച് രോഗപ്രതിരോധ സംവിധാനങ്ങള്‍ എതിരായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഇത്.
എസ്.എല്‍.ഇ. (സിസ്റ്റമിക് ലൂപസ് എറിതമറ്റോസിസ്), ആര്‍.എ. (റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്- ആമവാതം), സിസ്റ്റമിക് സ്ലെറോസിസ് എന്നീ അസുഖങ്ങള്‍ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീജന്യ ഹോര്‍മോണുകളാണ് ഈ അസുഖങ്ങള്‍ സ്ത്രീകളില്‍ കൂടുതലായി കാണുന്നതിനുള്ള കാരണം.
എസ്.എല്‍.ഇ. എന്ന അസുഖത്തിന്റെ തീവ്രമായ അവസ്ഥകളിലൊന്നാണ് ലൂപ്പസ് നെഫ്രൈറ്റിസ് (വൃക്കകളെ ബാധിക്കുന്ന അവസ്ഥ) ഈ അസുഖം 9:1 എന്ന അനുപാതത്തില്‍ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്.
ആമവാതം (റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്) സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് 4:1 എന്ന അനുപാതത്തില്‍ കാണപ്പെടുന്നു. ഈ അസുഖവും വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. സിസ്റ്റമിക് സ്ലെറോസിസ് എന്ന അസുഖവും സ്ത്രീ പുരുഷാനുപാതം 14:1 എന്ന രീതിയില്‍ സ്ത്രീകളെ ബാധിക്കാം. നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദവും വളരെപ്പെട്ടെന്ന് വൃക്കകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്ന രീതിയില്‍ മോശമാകാനും സാധ്യതയുള്ള സ്ലെറോഡെര്‍മ റിനല്‍ ക്രൈസിസ് ഇതിന്റെ ഭാഗമായി ഉണ്ടാവാറുണ്ട്.

ഡയാലിസിസ്/ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ഥായിയായ വൃക്കരോഗങ്ങളും വൃക്കരോഗങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പൂര്‍ണസ്തംഭനത്തിലേക്കുള്ള പരിണാമത്തിന്റെ തോതും താരതമ്യേന കുറവാണെന്നാണ് കാണിക്കുന്നത്.
പക്ഷേ വൃക്കസ്തംഭനാവസ്ഥ സ്ത്രീകളിലും സാധാരണയായി കാണപ്പെടുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരുഷന്‍മാരെപ്പോലെ ശരിയായ ചികിത്സ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. പ്രത്യേകിച്ചും പല സമൂഹങ്ങളിലും സ്ത്രീകളുടെ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന അവസ്ഥയില്‍. എന്നാല്‍ വൃക്കദാതാക്കളില്‍ നല്ലൊരു ശതമാനവും സ്ത്രീകളാണ് എന്നതാണ് വാസ്തവം. അമ്മമാരും ഭാര്യമാരും മക്കള്‍ക്കും ഭര്‍ത്താവിനും യാതൊരു സങ്കോചവും സംശയവുമില്ലാതെ വൃക്ക ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നതാണ് ഇതിനുകാരണം. ഇതേ സമയം പുരുഷന്‍മാരെ അപേക്ഷിച്ച് വൃക്കരോഗത്തെ തുടര്‍ന്നുണ്ടാവുന്ന സ്തംഭനാവസ്ഥയില്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സ്ത്രീകളുടെ അനുപാതം പല വികസ്വര പിന്നോക്ക രാഷ്ട്രങ്ങളിലും കുറവാണ്. സ്ത്രീകള്‍ക്കെതിരേ വിവേചനം നിലനില്‍ക്കുന്ന പലസമൂഹങ്ങളിലും ഈ അവസ്ഥ കൂടുതല്‍ രൂക്ഷമാണ് എന്നും സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്നു.

മൂത്രത്തിലെ രോഗാണുബാധ
യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ പലപ്പോഴും സ്ത്രീകളെ കൂടുതലായി അലട്ടുന്ന പ്രശ്‌നമാണ്. ചിലരിലെങ്കിലും ഇത് സ്ഥിരമായുള്ള ഒരു പ്രശ്‌നമായി വരാറുണ്ട്. ഗര്‍ഭകാലത്ത് വളരെപ്പെട്ടെന്ന് രക്തത്തിലെ അണുബാധയായി മാറാനും മാതൃമരണനിരക്ക് കൂടാനും ഇത് കാരണമാവാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിനെയും ഇത് വളരെയധികം ദോഷകരമായി ബാധിക്കാം. ഗര്‍ഭകാലത്ത് മൂത്രത്തിലെ രോഗാണുബാധയില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി സക്രീനിംഗ് പരിശോധനകള്‍ ആവശ്യമാണ്.
13-ാം ലോകവൃക്കദിനം മുന്നോട്ട് വച്ച ”സ്ത്രീകളുടെ ആരോഗ്യവും വൃക്കകളും” എന്ന ആശയം ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടേതിന് തുല്യമായ ചികിത്സയും, ആരോഗ്യവും വിദ്യാഭ്യാസവുമാണ്. സര്‍ക്കാരിന്റെയും സാമൂഹ്യസേവനം ഉന്നം വയ്ക്കുന്ന പ്രസ്ഥാനങ്ങളുടെയും വൈദ്യശാസ്ത്ര സമൂഹത്തിന്റെയും പ്രവര്‍ത്തനം ഈ ദിശയില്‍ ആയിരിക്കണം എന്ന് നമുക്ക് പ്രത്യാശിക്കാം.

=================================

ഡോ.ശ്രീജേഷ്.ബി എം.ഡി, ഡി.എം, ഡി.എന്‍.ബി. കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് എസ്.യു.റ്റി ഹോസ്പിറ്റല്‍, പട്ടം

LEAVE A REPLY

Please enter your comment!
Please enter your name here