ന്യൂഡൽഹി: കോവാക്‌സിൻ, കോവിഷീൾഡ്‌ എന്നീ കോവിഡ്‌ പ്രതിരോധ വാക്‌സിനുകൾക്ക്‌ അടിയന്തര ഉപയോഗത്തിന്‌ അനുമതിയായതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ യജ്ഞത്തിന്‌ സജ്ജമാകുകയാണ്‌ ഇന്ത്യ. വ്യത്യസ്‌ത ഭൂപ്രദേശങ്ങളും ജനവിഭാഗങ്ങളും ഉൾക്കൊള്ളിച്ച്‌ മുമ്പുനടത്തിയിട്ടുള്ള വാക്‌സിൻ വിതരണ‌ പരിചയം രാജ്യത്തിന് മുതല്‍കൂട്ടാകും. കേന്ദ്ര സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ എയിംസ്‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേരിയ വാക്‌സിൻ വിതരണം, സുരക്ഷ തുടങ്ങിയവ വിശദീകരിക്കുന്നു:

ആദ്യം ആർക്ക്‌
ആരോഗ്യ പ്രവർത്തകരടങ്ങുന്ന മുൻനിരപ്പോരാളികളാണ്‌ മുൻഗണനാ വിഭാഗത്തിൽ ആദ്യം. പീന്നീട്, 50 വയസ്സിനു മുകളിലുള്ളവരും ഗുരുതര രോഗമുള്ള 50 വയസ്സിനു താഴെയുള്ളവരും‌. 28 ദിവസ ഇടവേളയിലായി രണ്ട്‌ ഡോസാണ്‌ സ്വീകരിക്കേണ്ടത്‌.

വാക്‌സിൻ നിർബന്ധമോ?
സന്നദ്ധരാകുന്നവർക്കാണ്‌ വാക്‌സിൻ. സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സ്വീകരിക്കണമെന്നാണ്‌ നിർദേശം.

രജിസ്‌ട്രേഷൻ
ആരോഗ്യവകുപ്പിലെ രജിസ്‌ട്രേഷൻ നിർബന്ധം‌. ഇതിനായി മൊബൈൽ ആപ്പും തയ്യാറാക്കും. വോട്ടർ കാർഡ്‌, ലൈസൻസ്‌, പാസ്‌പോർട്ട്‌, തൊഴിലുറപ്പുപദ്ധതി കാർഡ്‌, പെൻഷൻ രേഖ തുടങ്ങിയ അംഗീകൃത തിരിച്ചറിയൽ കാർഡുകളിൽ ഒന്ന്‌ വേണം. രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പരിലേക്ക്‌ സന്ദേശത്തിലൂടെ‌ എവിടെ, എപ്പോൾ വാക്‌സിൻ ലഭിക്കുമെന്ന്‌ അറിയിക്കും.

കുത്തിവയ്‌പ്‌
വാക്‌സിൻ സ്വീകരിച്ചശേഷം അരമണിക്കൂർ വിതരണകേന്ദ്രത്തിൽ വിശ്രമിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ റിപ്പോർട്ട്‌ ചെയ്യണം.

സുരക്ഷ
വാക്‌സിൻ സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല. അനുമതിക്കുമുമ്പ്‌ ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്‌. മറ്റു രാജ്യങ്ങളിലേതിനു സമാനമായി ഫലപ്രാപ്‌തിയുള്ളവയാണ്‌ ഇവിടെ അംഗീകരിച്ച വാക്‌സിനുകൾ.

● വാക്‌സിൻ തെരഞ്ഞെടുപ്പ്‌
വിവിധ ഘട്ടങ്ങളിൽ നടത്തിയ പരീക്ഷണഫലങ്ങൾ വിലയിരുത്തിയാണ്‌ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിനുകൾക്ക്‌ ലൈസൻസ്‌ നൽകിയത്‌. വ്യത്യസ്‌ത വാക്‌സിനുകൾ ഒരാളിൽ ഉപയോഗിക്കില്ല.

● കോവിഡ്‌ രോഗികൾ
ലക്ഷണങ്ങളുള്ള കോവിഡ്‌ ബാധിതർ രോഗം ഭേദമായി 14 ദിവസത്തിനുശേഷം മാത്രം വാക്‌സിൻ സ്വീകരിക്കണം. കോവിഡ്‌ ഭേദമായവരും വാക്‌സിൻ സ്വീകരിക്കണം. അപകടസാധ്യതാ വിഭാഗത്തിലുള്ള ക്യാൻസർ അടക്കം ഗുരുതര രോഗമുള്ളവരെല്ലാം വാക്‌സിൻ സ്വീകരിക്കണം.

● പാർശ്വഫലങ്ങൾ
ചിലർക്ക്‌ കുത്തിവയ്‌പ്‌ എടുത്ത ഭാഗത്ത്‌ വേദന, ശരീരവേദന, ചെറിയ പനി എന്നിവയുണ്ടാകാം. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ സംവിധാനമൊരുക്കും.

മോഡിയുടെ മണ്ഡലത്തിൽ ഡ്രൈറൺ സൈക്കിളിൽ
കോവിഡ്‌ വാക്‌സിൻ വിതരണത്തിന്‌ മുന്നോടിയായി നടത്തിയ ഡ്രൈറണ്ണിനായി ഉത്തർപ്രദേശിൽ ഉപയോഗിച്ചത്‌ സൈക്കിൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയിലാണ്‌ സംഭവം. ചൗകാഗയിൽ സ്ഥിതി ചെയ്യുന്ന സ്‌ത്രീകളുടെ ആശുപത്രിയിലേക്കുള്ള വാക്‌സിനാണ്‌ ആശുപത്രി ജീവനക്കാരൻ സൈക്കിളിൽ എത്തിച്ചത്‌. സുരക്ഷിതമായ ക്രമീകരണങ്ങളോടെ പ്രത്യേകം സജ്ജീകരണങ്ങളോടെ വാഹനങ്ങളിലാണ്‌ വാക്‌സിൻ അതാത്‌ കേന്ദ്രങ്ങളിലേക്ക്‌ എത്തിക്കേണ്ടത്‌.

അഞ്ച്‌ കേന്ദ്രത്തിലേക്ക്‌ വാനിലാണ്‌ വാക‌്‌സിൻ കൊണ്ടുപോയതെന്നും ഒരിടത്ത്‌ മാത്രമാണ്‌ ഇങ്ങനെ സംഭവിച്ചതെന്നുമാണ്‌ വാരാണസി മെഡിക്കൽ ഓഫീസർ ഡോ. വിബി സിങ്‌ നൽകിയ വിശദീകരണം. വാക്‌സിൻ വിതരണത്തിന്റെ മുന്നൊരുക്കത്തിൽ വലിയ വീഴ്‌ച സംഭവിച്ചതിനു പിന്നാലെ യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ നടപടിക്കെതിരെ വലിയ വിമർശനമാണ്‌ ഉയരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here