കോവിഡ് രോഗബാധിതര്‍ക്ക് രോഗമുക്തി നേടിയ ശേഷം കുറഞ്ഞത് ആറു മാസത്തേക്ക് എങ്കിലും വൈറസിനെ ചെറുത്ത് നില്‍ക്കാനാകുമെന്ന് പഠനം. വൈറസിനെതിരെ ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന ആന്റിബോഡികളുടെ തോത് കുറഞ്ഞാലും ശരീരത്തിലെ ബി സെല്ലുകള്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് അമേരിക്കയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസിനെ ഓര്‍ത്ത് വയ്ക്കുന്ന ബി സെല്ലുകള്‍ വീണ്ടും അണുബാധയുണ്ടാകുന്ന പക്ഷം വൈറസുകള്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുന്ന ആന്റിബോഡികളെ ശരീരത്തില്‍ ഉത്പാദിപ്പിക്കും. ഫലപ്രദമായ പ്രതിരോധ മരുന്ന് കുത്തിവയ്പ്പിനും ഇത്തരം പ്രതികരണങ്ങള്‍ അത്യാവശ്യമാണെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അടിവരയിടുന്നു.

ആറ് മാസത്തിനും ശേഷം ഇത്തരം മെമ്മറി ബി സെല്ലുകള്‍ക്ക് ശോഷണം സംഭവിക്കുന്നില്ല. പകരം അവ തുടര്‍ച്ചയായി പരിണാമം നേടുകയാണ് ചെയ്യുന്നത്. ശരീരത്തില്‍ അവശേഷിക്കുന്ന വൈറസിന്റെ പ്രോട്ടീനുകള്‍ അവയുടെ വൈറസ് ഓര്‍മയെ ബലപ്പെടുത്തുന്നു. ഇത്തരത്തില്‍ പരിണാമം സംഭവിച്ച് കൂടുതല്‍ ശക്തമായ ആന്റിബോഡികളെ ഉത്പാദിപ്പിക്കാനും ബി സെല്ലുകള്‍ക്ക് കഴിയും. കോവിഡ് ബാധിച്ച 188 പേരെ ഒരു മാസത്തിനും ആറു മാസത്തിനും ശേഷം വിലയിരുത്തിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here