മലയാളിയില്‍ ആശങ്ക നിറയ്ക്കുന്ന രണ്ട് ആരോഗ്യപ്രശ്‌നങ്ങളാണ് പ്രമേഹവും കാന്‍സറും. പഠന നിറപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2030 ഓടെ ലോകത്തിലെ 5 പ്രമേഹരോഗികളില്‍ ഒരാള്‍ ഇന്ത്യാക്കാരനായിരിക്കും. അതില്‍ ചെറുതല്ലാത്ത പങ്ക് മലയാളിക്കുമുണ്ടാകും. വാരിവലിച്ചുള്ള ഭക്ഷണരീതിയും അലസജീവിതവും കാരണം, കേരളത്തില്‍ എത്തിനോക്കാത്ത രോഗങ്ങളൊന്നുമില്ല. യൗവന കാലത്തുതന്നെ പലര്‍ക്കും അമിത രക്തസമ്മര്‍ദവും പ്രമേഹവും കൊളസ്‌ട്രോളും പിടിപെടുന്നു.

പ്രമേഹത്തിന് പ്രായം കുറയുന്നു


കേരളത്തില്‍ പ്രമേഹരോഗികള്‍ കൂടുന്നുവെന്നത് മാത്രമല്ല, പ്രമേഹത്തിന് പ്രായം കുറയുന്നുവെന്നതും ആശങ്കയുളവാക്കുന്നുണ്ട്. മുന്‍പൊക്കെ പ്രായമായവരിലാണ് പ്രമേഹം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ചായയില്‍ മധുരം ചേര്‍ക്കാമോ എന്ന് ഇരുപത്തഞ്ചുവയസുകാരോടും ചോദിക്കേണ്ട അവസ്ഥയാണ്. പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹം ചെറുപ്പക്കാരില്‍ പോലും വ്യാപകമായി കണ്ടുതുടങ്ങി.

ഒരു സുപ്രഭാതത്തില്‍ ഇറങ്ങിവന്ന രോഗമല്ല പ്രമേഹം. തെറ്റായ ഭക്ഷണ രീതികളും ജീവിതശൈലിയും കാരണം നമ്മള്‍ തന്നെ വരുത്തിവയ്ക്കുന്ന രോഗാവസ്ഥയാണിത്. പകലോ രാത്രിയോ എന്നില്ലാതെ ഹോട്ടലുകളിലെ തിരക്കു കാണുമ്പോള്‍ വീടുകളിലൊന്നും ഭക്ഷണം പാകം ചെയ്യാറില്ലേയെന്ന് ചിന്തിച്ചുപോകും.

ഫാസ്റ്റ് ഫുഡ് കടകളും ബേക്കറികളും പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഭക്ഷണശാലകളും നമുക്കു ചുറ്റിനുമുണ്ട്. എണ്ണയും കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും സോസുകളും അഡിക്റ്റീവുകളും ചേര്‍ന്ന വിഭവങ്ങള്‍ വാരിവലിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുന്നതാണ് കുട്ടികള്‍ക്കുപോലും താല്പര്യം. കുടവയറുള്ള യുവാക്കളെ കേരളത്തിലല്ലാതെ ലോകത്ത് മറ്റെവിടെയും കണാനാവില്ല.

പ്രമേഹവും കാന്‍സറും


പ്രമേഹവും കാന്‍സറും ബന്ധപ്പെടുത്തി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രമേഹ രോഗികളില്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്ന ധാരണയാണ് പലര്‍ക്കും. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രമേഹം ഗുരുതരമാകാതെ നോക്കേണ്ടതുണ്ട് എന്നുതന്നെയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, തൈറോയിഡ് കാന്‍സര്‍ തുടങ്ങി വിവിധതരം കാന്‍സറുകള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്.

 

പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരുന്ന വര്‍ധനവും കാന്‍സര്‍ വ്യാപനവും കൂട്ടിവായിക്കപ്പെടുന്നതാണ് പ്രമേഹം കാന്‍സറിന് കാരണമാകുമോ സംശയം ബലപ്പെടാന്‍ കാരണം. എന്നാല്‍ പ്രമേഹം കാന്‍സറിന് കാരണമാകുമെന്ന് ചില മെഡിക്കല്‍ വിദഗ്ധര്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നുണ്ടെങ്കിലും എങ്ങനെ ഏതുതരത്തില്‍ തുടങ്ങിയ സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണം പൂര്‍ണമായും വന്നുതുടങ്ങിയിട്ടില്ല.

1998 നും 2000 നും ഇടയില്‍ സ്വീഡിഷ് നാഷണല്‍ ഡയബറ്റ്‌സ് രജിസ്റ്ററുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ കാന്‍സര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ നിരവധിപേര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു. 12 തരം അര്‍ബുദ രോഗങ്ങളില്‍ പരിശോധന നടത്തിയതില്‍ 11 തരം അര്‍ബുദവും പ്രമേഹവുമായി ബന്ധമുള്ളതായാണ് ഈ മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ പ്രമേഹമുള്ള എല്ലാവര്‍ക്കും കാന്‍സര്‍ പിടിപെടുമെന്ന് പഠനം തെളിയിക്കുന്നില്ല എന്നും മെഡിക്കല്‍ സംഘം തന്നെ വ്യക്തമാക്കുന്നുണ്ട്. പുകവലി, അനാരോഗ്യകരമായ ഭക്ഷണരീതികള്‍, വ്യായാമമില്ലായ്മ എന്നിവ പ്രമേഹ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

ആധിയില്ലാതെ ജീവിക്കാം


ഏറെ സമയവും ഇരുന്നുള്ള ഓഫീസ് ജോലികള്‍ നമ്മെ വലിയ മടിയന്മാരാക്കി മാറ്റിയിട്ടുണ്ട്. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വയര്‍ നിറയെ ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നവരാണ് ഭൂരിഭാഗവും. ‘ഭക്ഷണം കഴിക്കണം, എന്നാല്‍ വ്യായാമം ചെയ്യാന്‍ വയ്യ’ എന്നതാണ് മിക്കവരുടെയും പ്രശ്‌നം. ഒരു ദിവസം 30 മിനിട്ട് എങ്കിലും വ്യായാമത്തിനായി ചെലവിടാന്‍ നാം തയാറായാല്‍ രോഗങ്ങളെ ഒരുപരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും. എത്രനേരം ചെയ്യുന്നു എന്നതിനേക്കാള്‍ അത് നമ്മുടെ ദിനചര്യയുടെ ഭാഗമായി പതിവായി ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

കഴിക്കാം നല്ല ഭക്ഷണം


അസുഖങ്ങള്‍ ഗുരുതരമാകുമ്പോഴാണ് പലരും ഭക്ഷണകാര്യത്തില്‍ മിതത്വം പാലിക്കുക. അത് വരെ കണ്ണില്‍ക്കണ്ടതെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ ആര്‍ത്തിയോടെ കഴിക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രമേഹരോഗികളുടെ ഭക്ഷണരീതി ഒരിക്കലും നല്ല ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ളതല്ല എന്നതാണ്. മറിച്ച് ശരീരത്തിന് ആവശ്യമായ വിവിധ പോഷക ഘടകങ്ങള്‍ കൃത്യമായ രീതിയില്‍ തെരഞ്ഞെടുത്ത്, ശരിയായ അളവില്‍ കഴിക്കുകയാണ് വേണ്ടത്.

 

കഴിക്കുന്ന ഭക്ഷണം പോഷക സമ്പുഷ്ടവും കൊഴുപ്പും അമിത കലോറിയും കുറഞ്ഞതായിരിക്കണം. എന്ത് കഴിക്കണം, എത്ര അളവില്‍ കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നത് പ്രമേഹരോഗിയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യങ്ങളാണ്.
പ്രമേഹ രോഗികള്‍ ശരീരഭാരം കുറഞ്ഞവരാണെങ്കില്‍ കൂടുതല്‍ ഊര്‍ജം അടങ്ങിയ ഭക്ഷണവും അമിത വണ്ണവും ഉള്ളവരാണെങ്കില്‍ കുറഞ്ഞ ഊര്‍ജം അടങ്ങിയ ഭക്ഷണരീതിയും സ്വീകരിക്കേണ്ടതാണ്.

മടിയോട് നോ പറയാം


ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയും അലസജീവിതത്തോട് നോ പറഞ്ഞും പ്രമേഹം നിയന്ത്രണ വിധേയമാക്കാമെന്നും ഒരു പരിധിവരെ കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ തടയാമെന്നും ആരോഗ്യവിദഗ്ധര്‍ക്ക് പറയാനുള്ളതാണ്. ഇക്കാര്യങ്ങളൊക്കെ പലര്‍ക്കുമറിയാമെങ്കിലും ഭക്ഷണം മുന്നില്‍ കണ്ടാല്‍ പലരും ഇതൊക്കെ മറന്നുപോകുമെന്നതാണ് വാസ്തവം. എന്നാല്‍ ആരോഗ്യകരമായ ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഭക്ഷണകാര്യത്തില്‍ മിതത്വം പാലിക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്‌തേ മതിയാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here